'കുടിയേറ്റക്കാരെ ചിത്രീകരിച്ചാൽ സൈന്യം നിങ്ങളെ പിന്തുടരും'; ഓസ്‌കാർ ജേതാവായ ഫലസ്തീൻ സംവിധായകന്റെ വീട്ടിൽ റെയ്ഡ് ചെയ്ത് ഇസ്രായേൽ സൈന്യം
സൈന്യത്തിന്റെ നടപടിയെ 'ഭയാനകം' എന്നായിരുന്നു ബേസൽ അദ്ര വിശേഷിപ്പിച്ചത്

വെസ്റ്റ് ബാങ്ക്: ഓസ്‌കാർ ജേതാവായ ഫലസ്തീൻ സംവിധായകൻ ബേസൽ അദ്രയുടെ വീട്ടിൽ റെയ്ഡ് ചെയ്ത് ഇസ്രായേൽ സൈന്യം. തന്നെ തിരഞ്ഞുപിടിച്ചെത്തിയ ഇസ്രായേൽ സൈന്യം ഭാര്യയുടെ ഫോൺ പരിശോധിച്ചതായി ബേസൽ അദ്ര പറഞ്ഞു. അസോസിയേറ്റഡ് പ്രസ്സിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ ശനിയാഴ്ചയിയിരുന്നു സംഭവം. ഇസ്രായേലി കുടിയേറ്റക്കാർ തന്റെ ഗ്രാമം ആക്രമിച്ചു തന്റെ രണ്ട് സഹോദരന്മാർക്കും ഒരു ബന്ധുവിനും പരിക്കേറ്റു. അവരോടൊപ്പം ആശുപത്രിയിലേക്ക് പോയ സമയത്തായിരുന്നു ഇസ്രായേൽ സൈന്യം വീട്ടിലെത്തിയതെന്ന് സംവിധായകൻ പറഞ്ഞു. ഒൻപത് ഇസ്രായേലി സൈനികരാണ് വീട്ടിൽ അതിക്രമിച്ചു കയറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൈന്യം ഗ്രാമത്തിന്റെ പ്രവേശന കവാടം തടയുകയും കസ്റ്റഡിയിലെടുക്കപ്പെടുമെന്ന് ഭയക്കുകയും ചെയ്തതിനാൽ വീട്ടിലെത്താൻ സാധിക്കാതെ ഗ്രാമത്തിന് പുറത്താണ് താമസിച്ചതെന്നും, ഫലസ്തീനികൾ കല്ലെറിഞ്ഞതിനെ തുടർന്ന് രണ്ട് ഇസ്രായേലി സിവിലിയന്മാർക്ക് പരിക്കേറ്റു എന്ന് ആരോപിച്ചിട്ടാണ് സൈനികർ തന്റെ ഗ്രാമത്തിൽ എത്തിയതെന്നും അദ്ര പറഞ്ഞു.
'നിങ്ങൾ കുടിയേറ്റക്കാരെ ചിത്രീകരിക്കുകയാണെങ്കിലും, സൈന്യം നിങ്ങളെ പിന്തുടരും, നിങ്ങളുടെ വീട് പരിശോധിക്കും. നമ്മെ ആക്രമിക്കാനും, ഭയപ്പെടുത്താനുമാണ് ഇവിടെ മുഴുവൻ സംവിധാനവും ഉണ്ടാക്കിയിരിക്കുന്നത്'- അദ്ര ചൂണ്ടിക്കാട്ടി. സംഭവങ്ങളെ 'ഭയാനകം' എന്നായിരുന്നു അദ്ദേഹം വിശേഷിപ്പിച്ചത്.
Adjust Story Font
16

