ടിആർടി ഹെബറിന്റെ തെൽ അവീവിൽ നിന്നുള്ള തത്സമയ സംപ്രേഷണം തടസ്സപ്പെടുത്തി ഇസ്രായേൽ പൊലീസ്
ഇറാൻ ആക്രമണത്തിൽ ഇസ്രായേലിനുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് ലൈവ് റിപ്പോർട്ടിങ് നടത്തുന്നതിനിടെയാണ് പൊലീസ് ഇടപെടൽ.

തെൽ അവീവ്: തുർക്കി ചാനലായ ടിആർടി ഹെബറിന്റെ തെൽ അവീവിൽ നിന്നുള്ള തത്സമയ സംപ്രേഷണം തടസ്സപ്പെടുത്തി ഇസ്രായേൽ പൊലീസ്. ഇറാൻ ആക്രമണത്തിൽ ഇസ്രായേലിനുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് ലൈവ് റിപ്പോർട്ടിങ് നടത്തുന്നതിനിടെയാണ് പൊലീസ് എത്തി നിർത്തിവെക്കാൻ ആവശ്യപ്പെട്ടത്. ഐഡി കാർഡ് കാണിച്ച് മാധ്യമപ്രവർത്തകനാണെന്ന് വ്യക്തമാക്കിയിട്ടും പൊലീസ് റിപ്പോർട്ടിങ് അനുവദിച്ചില്ലെന്ന് ടിആർടി ഹെബർ റിപ്പോർട്ടർ പറഞ്ഞു.
അതിനിടെ അൽ ജസീറ ചാനൽ കാണുന്നവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേൽ ആഭ്യന്തര സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻഗ്വിർ രംഗത്തെത്തി. നെതന്യാഹു മന്ത്രിസഭയിലെ തീവ്ര വലതുപക്ഷക്കാരനായ മന്ത്രിയാണ് ബെൻഗ്വിർ.
അൽ ജസീറ ചാനലിനെ ഇസ്രായേലിൽ നിന്ന് സംപ്രേഷണം നടത്താൻ അനുവദിക്കില്ല. ചാനൽ കാണുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവരെക്കുറിച്ച് ശബാക്കിന് (ഇസ്രായേലി ആഭ്യന്തര ഇന്റലിജൻസ്) വിവരം നൽകണം. അൽ ജസീറ ഇസ്രായേലിന്റെ ആഭ്യന്തര സുരക്ഷക്ക് ഭീഷണിയാണെന്നും ബെൻഗ്വിർ പറഞ്ഞു.
Adjust Story Font
16

