Quantcast

'അറബ് പാര്‍ട്ടികളുമായി കൈകോര്‍ക്കുന്ന ജൂത രാഷ്ട്രീയ നേതാക്കളെ കൊല്ലാം'; വിവാദ മതവിധിയുമായി ജൂതപുരോഹിതന്‍

അറബ് പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്ന ജൂത രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയാണ് പരാമര്‍ശം

MediaOne Logo

അൻഫസ് കൊണ്ടോട്ടി

  • Updated:

    2026-11-14 11:32:03

Published:

14 Nov 2026 5:00 PM IST

അറബ് പാര്‍ട്ടികളുമായി കൈകോര്‍ക്കുന്ന ജൂത രാഷ്ട്രീയ നേതാക്കളെ കൊല്ലാം; വിവാദ മതവിധിയുമായി ജൂതപുരോഹിതന്‍
X

തെല്‍ അവീവ്: ഇസ്രായേലില്‍ അറബ് പാര്‍ട്ടികളുമായി സഹകരിക്കുന്ന ജൂത രാഷ്ട്രീയ നേതാക്കളെ വധിക്കുന്നത് മതപരമായി അനുവദനീയമാണെന്ന് ചബാദ് വിഭാഗത്തിലെ പ്രമുഖ റബ്ബി(ജൂതപുരോഹിതൻ). അറബ് പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്ന ജൂത രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയാണ് പരാമര്‍ശം. മുന്‍ ഹൈഫ റബ്ബിനിക്കല്‍ കോടതി മേധാവി കൂടിയായ റബ്ബി ഗെദാലിയ ആക്‌സല്‍റോഡ് ആണ് വിവാദ മതവിധി പുറപ്പെടുവിച്ചത്.

ജൂതമതത്തിലെ 'ദിന്‍ റോഡെഫ്' എന്ന സങ്കല്‍പ്പം ഉദ്ദരിച്ചാണ് റബ്ബിയുടെ പരാമര്‍ശം. മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്ന ഒരാളെ തടയാന്‍ മാരകമായ ബലപ്രയോഗം പോലും അനുവദിക്കുന്ന മതനിയമ വ്യാഖ്യാനമാണ് 'ദിന്‍ റോഡെഫ്'. അറബ് പാര്‍ട്ടികളുമായി സഹകരിക്കുന്ന രാഷ്ട്രീയ നേതാക്കളെ ഈ വിഭാഗത്തില്‍ എണ്ണിപ്പറഞ്ഞാണ് ജൂത പുരോഹിതന്റെ പ്രസ്താവന. ജോയിന്റ് ലിസ്റ്റ്, റആം എന്നീ അറബ് പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും, സഖ്യത്തില്‍ പങ്കാളികളാകുന്നവര്‍ക്കും ഈ മതവിധി ബാധകമാണെന്നാണ് റബ്ബിയുടെ നിലപാട്. ഇത്തരം രാഷ്ട്രീയ സഹകരണം ഇസ്രായേലിലെയും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലുമുള്ള ജൂത ജനതയെ വലിയ അപകടത്തിലാക്കുമെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, റബ്ബിയുടെ പ്രസ്താവനക്കെതിരെ ഇസ്രായേലില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. മുന്‍ ഷിന്‍ ബെത്, മൊസാദ് മേധാവികള്‍ ഉള്‍പ്പെടെ 20 മുന്‍ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി. രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ കൊലവിളിക്ക് മതപരമായ അംഗീകാരം നല്‍കുന്നത് വന്‍ കലാപത്തിലേക്ക് രാജ്യത്തെ തള്ളിവിട്ടേക്കുമെന്നാണ് ഇവരുടെ അഭിപ്രായം.

നേരത്തെ, 1995ല്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയായിരുന്ന യിത്സ്ഹാക് റാബിനെ വധിച്ച യിഗാല്‍ അമീറും കൊലപാതകത്തെ ന്യായീകരിക്കാന്‍ ഇതേ മതസങ്കല്‍പ്പത്തെ ഉപയോഗിച്ചിരുന്നു. ഫലസ്തീനികളുമായുള്ള സമാധാന കരാറുകളെ പിന്തുണച്ച റാബിന്‍, ജൂതരുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നായിരുന്നു അന്ന് തീവ്രപക്ഷത്തിന്റെ വാദം. ഈ സംഭവം കൂടി ചൂണ്ടിക്കാട്ടിയാണ് മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആശങ്ക അറിയിച്ചത്.

വിവാദ പരാമര്‍ശത്തില്‍ റബ്ബിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡെമോക്രാറ്റ്‌സ് പാര്‍ട്ടിയിലെ പാര്‍ലമെന്റംഗം മിഖാല്‍ റോസിന്‍ അടക്കമുള്ളവരും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, തന്റെ നിലപാടില്‍ ഖേദിക്കുന്നില്ലെന്നാണ് ആക്‌സല്‍റോഡ് പ്രതികരിച്ചത്. താന്‍ ചബാദിന്റെ ഔദ്യോഗിക നിലപാടല്ല മുന്നോട്ടുവെച്ചതെന്നും, തികച്ചും വ്യക്തിപരമായ പ്രസ്താവനയായിരുന്നു അതെന്നുമാണ് പുരോഹിതന്റെ വിശദീകരണം.

TAGS :

Next Story