വെസ്റ്റ് ബാങ്കിൽ അമേരിക്കൻ പൗരനെ വധിച്ച് ഇസ്രായേൽ കുടിയേറ്റക്കാർ; അന്വേഷണം ആവശ്യപ്പെട്ട് ട്രംപ് ഭരണകൂടം
20-കാരനായ സെയ്ഫുല്ല മുസല്ലത്തിന്റെ കൊലപാതകത്തെ ഭീകര പ്രവൃത്തിയെന്നാണ് ട്രംപിന്റെ ദൂതൻ മൈക്ക് ഹക്കബി വിശേഷിപ്പിച്ചത്

വെസ്റ്റ് ബാങ്ക്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഇസ്രായേലി കുടിയേറ്റക്കാരുടെ മർദനമേറ്റ് അമേരിക്കൻ പൗരനായ യുവാവ് കൊല്ലപ്പെട്ടു. 20-കാരനായ സെയ്ഫുല്ല മുസല്ലത്തിന്റെ കൊലപാതകം അന്വേഷിക്കാൻ അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഭരണകൂടം ഇസ്രായേലിനോട് ആവശ്യപ്പെട്ടു. സംഭവത്തെ 'ഭീകരപ്രവർത്തനം' എന്നാണ് ട്രംപിന്റെ ദൂതൻ മൈക്ക് ഹക്കബി വിശേഷിപ്പിച്ചത്. ഫലസ്തീൻ പട്ടണമായ സിൻജിലിൽ കുടുംബത്തെ സന്ദർശിക്കാൻ പോയ ഫ്ലോറിഡയിൽ ജനിച്ച സെയ്ഫുല്ല മുസല്ലത്തിന്റെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാൻ ഇസ്രായേലിനോട് ആവശ്യപ്പെട്ടതായി ഇസ്രായേലിലെ യുഎസ് അംബാസഡർ മൈക്ക് ഹക്കബി പറഞ്ഞു.
I have asked @Israel to aggressively investigate the murder of Saif Mussallet, an American citizen who was visiting family in Sinjil when he was beaten to death. There must be accountability for this criminal and terrorist act. Saif was just 20 yrs old.
— Ambassador Mike Huckabee (@GovMikeHuckabee) July 15, 2025
'സെയ്ഫിന് വെറും 20 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ ക്രിമിനൽ, തീവ്രവാദ പ്രവൃത്തിക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കണം.' ഹക്കബി സോഷ്യൽ മീഡിയ പോസ്റ്റിൽ എഴുതി. എന്നാൽ യുവാവിന്റെ കൊലപാതകത്തിൽ വാഷിംഗ്ടൺ സ്വയം അന്വേഷണം ആരംഭിക്കണമെന്ന കുടുംബത്തിന്റെ ആവശ്യത്തെ യുഎസ് അംബാസഡർ പിന്തുണച്ചില്ല.
ഫലസ്തീനികൾക്കെതിരായ അതിക്രമങ്ങൾക്ക് ഇസ്രായേൽ തങ്ങളുടെ കുടിയേറ്റക്കാരെയോ സൈനികരെയോ അപൂർവ്വമായി മാത്രമേ ഉത്തരവാദികളാക്കാറുള്ളൂ എന്ന് നിരീക്ഷകർ ചൂണ്ടികാണിക്കുന്നു. 2022-ന് ശേഷം ഇസ്രായേൽ കൊലപ്പെടുത്തിയ ഒമ്പതാമത്തെ യുഎസ് പൗരനാണ് സൈഫുല്ല മുസല്ലത്ത്. എന്നാൽ ഈ കേസുകളിലൊന്നും തുടർ നടപടികളെടുത്തിട്ടില്ല.
Adjust Story Font
16

