ഇന്ത്യയിലെത്തിയ ഇസ്രയേൽ സൈനികനെതിരെ നിയമ നടപടിയുമായി ഹിന്ദ് റജബ് ഫൗണ്ടേഷൻ; ഗസ്സയിലെ യുദ്ധ കുറ്റകൃത്യങ്ങൾ ആരോപിച്ചാണ് പരാതി
ഗസ്സയിൽ സിവിലിയൻ വീടുകളും കൃഷിയിടങ്ങളും നശിപ്പിച്ച സൈനിക നടപടികളിൽ ഇയാൾ പങ്കാളിയായിരുന്നുവെന്നാണ് ഹിന്ദ് റജബ് ഫൗണ്ടേഷന്റെ ആരോപണം

ന്യൂഡൽഹി: ഇന്ത്യ സന്ദർശനത്തിനെത്തിയ ഇസ്രയേൽ സൈനികനെതിരെ യുദ്ധക്കുറ്റം ആരോപിച്ച് പരാതി. ഗസ്സയിൽ സിവിലിയൻ വീടുകളും കൃഷിയിടങ്ങളും നശിപ്പിച്ച സൈനിക നടപടികളിൽ ഇയാൾ പങ്കാളിയായിരുന്നുവെന്നാണ് ഹിന്ദ് റജബ് ഫൗണ്ടേഷന്റെ ആരോപണം. സൈനികനെതിരെ ഇന്ത്യയിൽ ക്രിമിനൽ പരാതി നൽകിയതായി സംഘടന അറിയിച്ചു.
2024 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഖാൻ യൂനിസ് ഗവർണറേറ്റിലെ അബാസൻ അൽ സഗീര മേഖലയിൽ നടന്ന വ്യാപകമായ നശീകരണവുമായി ബന്ധപ്പെട്ടാണ് പരാതി. വീടുകളും കൃഷിയിടങ്ങളും ഉൾപ്പെടെയുള്ള സിവിലിയൻ സ്വത്തുക്കൾ തകർത്ത ഇസ്രയേൽ സൈനിക യൂണിറ്റിന്റെ ഭാഗമായിരുന്നു ആരോപണവിധേയനായ സൈനികനെന്നാണ് ഫൗണ്ടേഷൻ പറയുന്നത്.
സൈനികൻ ഗസ്സയിലെ തന്റെ സേവനകാലത്തെ ചിത്രങ്ങളും സമൂഹമാധ്യമ പോസ്റ്റുകളും പങ്കുവെച്ചിരുന്നുവെന്നും ഇതാണ് അന്വേഷണത്തിൽ നിർണായകമായതെന്നും സംഘടന വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ ലഭ്യമായ വിവരങ്ങൾക്കൊപ്പം ഉപഗ്രഹ ചിത്രങ്ങളും മറ്റ് തുറന്ന വിവരസ്രോതസ്സുകളും പരിശോധിച്ചാണ് സൈനികനെയും ഇയാൾ ഉൾപ്പെട്ട യൂണിറ്റിനെയും തിരിച്ചറിഞ്ഞതെന്നാണ് ഫൗണ്ടേഷന്റെ വിശദീകരണം.
വെറും ഏറ്റുമുട്ടലിനിടെ സംഭവിച്ച നാശനഷ്ടമല്ല ഇതെന്നാണ് ഹിന്ദ് റജബ് ഫൗണ്ടേഷന്റെ പ്രധാന ആരോപണം. പ്രദേശത്ത് ഇസ്രയേൽ സൈന്യം നിയന്ത്രണം സ്ഥാപിച്ചതിന് ശേഷമാണ് വ്യാപകമായ കെട്ടിടങ്ങളും കൃഷിയിടങ്ങളും തകർത്തതെന്നും സൈനിക ആവശ്യകതയുമായി ഇതിന് ബന്ധമില്ലായിരുന്നുവെന്നും സംഘടന ആരോപിക്കുന്നു.
ഇത്തരം നടപടികൾ അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ഗുരുതരമായ ലംഘനമാണെന്നും യുദ്ധക്കുറ്റം, മനുഷ്യരാശിക്കെതിരായ കുറ്റം, വംശഹത്യ തുടങ്ങിയ കുറ്റങ്ങളുടെ പരിധിയിൽ വരാമെന്നും ഫൗണ്ടേഷൻ പരാതിയിൽ ആരോപിച്ചിട്ടുണ്ട്. നാലാം ജനീവ കൺവെൻഷൻ, അഡീഷണൽ പ്രോട്ടോക്കോൾ–1, റോം ചട്ടം തുടങ്ങിയ അന്താരാഷ്ട്ര നിയമ വ്യവസ്ഥകളും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഗസ്സയിലെ സിവിലിയൻ മേഖലകളുടെ നശീകരണം സംബന്ധിച്ച് ആംനസ്റ്റി ഇന്റർനാഷണൽ നടത്തിയ അന്വേഷണങ്ങളുമായും തങ്ങളുടെ കണ്ടെത്തലുകൾക്ക് സാമ്യമുണ്ടെന്ന് ഹിന്ദ് റജബ് ഫൗണ്ടേഷൻ അവകാശപ്പെട്ടു.
'ഗസ്സയിൽ വീടുകളും കൃഷിയിടങ്ങളും ആസൂത്രിതമായി നശിപ്പിക്കുന്നതിൽ പങ്കെടുത്തവർ അന്താരാഷ്ട്ര നിയമത്തിന് മുന്നിൽ ഉത്തരവാദികളാകണം' എന്നാണ് ഫൗണ്ടേഷൻ ഡയറക്ടർ ദ്യാബ് അബു ജഹ്ജ പറഞ്ഞത്.
ഗസ്സയിലെ യുദ്ധവുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിൽ നിയമനടപടികൾക്കായി ശ്രമിക്കുന്ന സംഘടനയാണ് ഹിന്ദ് റജബ് ഫൗണ്ടേഷൻ. 2024 മുതൽ 30 രാജ്യങ്ങളിലായി നൂറിലധികം ക്രിമിനൽ പരാതികൾ നൽകിയിട്ടുണ്ടെന്നും അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ 19 ആർട്ടിക്കിൾ 15 കമ്യൂണിക്കേഷനുകൾ സമർപ്പിച്ചിട്ടുണ്ടെന്നും സംഘടന അവകാശപ്പെടുന്നു.
അതേസമയം, ഇസ്രയേലിനെതിരെ ഉയരുന്ന യുദ്ധക്കുറ്റ, വംശഹത്യ ആരോപണങ്ങൾ ഇസ്രയേൽ നിഷേധിച്ചിട്ടുണ്ട്. ഗസ്സയിലെ സൈനിക നടപടികൾ ഹമാസിനെതിരായ യുദ്ധത്തിന്റെ ഭാഗമാണെന്നും സാധാരണക്കാരുടെ നഷ്ടം പരമാവധി കുറയ്ക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് ഇസ്രയേലിന്റെ നിലപാട്.
Adjust Story Font
16

