Quantcast

യുദ്ധക്കെടുതിയില്‍ ഇസ്രായേലികള്‍; വീടുകള്‍ തകര്‍ന്ന് ആയിരങ്ങള്‍ തെരുവിലെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍

ബുധനാഴ്ച ഇസ്രായേല്‍ നാഷനല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതു പ്രകാരം 3,000ത്തോളം പേരാണ് ഭവനരഹിതരായത്

MediaOne Logo

Web Desk

  • Published:

    20 Jun 2025 5:27 PM IST

യുദ്ധക്കെടുതിയില്‍ ഇസ്രായേലികള്‍; വീടുകള്‍ തകര്‍ന്ന് ആയിരങ്ങള്‍ തെരുവിലെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍
X

തെല്‍ അവീവ്: ഏതു യുദ്ധത്തിന്റെയും ആദ്യത്തെ ഇരകള്‍ നിരപരാധികളായ കുട്ടികളും സ്ത്രീകളും വൃദ്ധരുമെല്ലാമാകുമെന്നു പറയാറുണ്ട്. അത് ഗസ്സയിലും ലബനാനിലും യമനിലും സിറിയയിലുമെല്ലാം അങ്ങനെ തന്നെയാണ്. ഇറാനിലും ഇസ്രായേലിലും കാര്യങ്ങള്‍ വ്യത്യസ്തമാകില്ല. ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുമ്പോഴും ലക്ഷക്കണക്കിനു വരുന്ന സിവിലിയന്‍ ജനതയാണു തീരാദുരിതം പേറുന്നത്. സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുഷ്‌ക്കരവും ദുരിതപൂര്‍ണവുമാകുന്നു.

ഇറാനില്‍ ഇസ്രായേല്‍ നിരന്തരം നടത്തുന്ന വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 600 കടന്നിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം 639 ആണ് ഇറാനിലെ മരണസംഖ്യ. ഗുരുതരമായും അല്ലാതെയും പരിക്കേറ്റവരുടെ എണ്ണം 1,300ഉം കടന്നിട്ടുണ്ടെന്നാണ് ഹ്യുമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ്‌സ് ന്യൂസ് ഏജന്‍സി പറയുന്നത്.

ഇസ്രായേലിന്റെ കാര്യം നോക്കൂ.. പൗരന്മാര്‍ക്ക് ഏറ്റവും വലിയ സുരക്ഷ ഉറപ്പുനല്‍കുന്ന രാജ്യമാണത്. എന്നാല്‍, ഇറാന്റെ മിസൈല്‍ വര്‍ഷത്തില്‍ ഇസ്രായേല്‍ പ്രതിരോധ സംവിധാനങ്ങളെല്ലാം തകര്‍ന്നപ്പോള്‍ ആയിരക്കണക്കിനു മനുഷ്യരാണു പെരുവഴിയിലായിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഔദ്യോഗിക കണക്കുകള്‍ പ്രകാരം 3,000 പേരാണ് ഇസ്രായേലില്‍ ഭവനരഹിതരായിരിക്കുന്നത്.

ഇസ്രായേലിന്റെ നരനായാട്ടില്‍ കുടിയും കിടപ്പാടവും തകര്‍ന്ന്, അന്തിയുറങ്ങാന്‍ ഇടമില്ലാതെ, പറക്കമുറ്റാത്ത മക്കളുമായി പലായനം ചെയ്യുന്ന ഫലസ്തീനികള്‍ ഇപ്പോള്‍ പുതുമയുള്ളൊരു കാഴ്ചയല്ല. കൈയില്‍ കൊള്ളുന്ന സാധനങ്ങളുമായി സുരക്ഷിത കേന്ദ്രങ്ങള്‍ തേടി കിലോ മീറ്ററുകളോളം നഗ്നപാദരായി സഞ്ചരിക്കുന്ന മനുഷ്യര്‍. ഒടുവില്‍ ഏതെങ്കിലും അഭയാര്‍ഥി ക്യാംപുകളില്‍ എത്തുമ്പോള്‍ അവിടെയും ഇസ്രായേലിന്റെ ബോംബുവര്‍ഷം. ജീവന്‍ ബാക്കിയുള്ളവരുമായി വീണ്ടും മറ്റേതെങ്കിലും ഇടങ്ങളിലേക്കു വീണ്ടും ദുരിതയാത്ര. അങ്ങനെ അന്ത്യമില്ലാത്ത കഠിന പലായനങ്ങളാണ് ഫലസ്തീനികളുടെ ജീവിതം ഇപ്പോള്‍. ഗസ്സയിലെ മനുഷ്യരുടെ തീക്കടല്‍ ജീവിതം പക്ഷേ അന്താരാഷ്ട്ര സമൂഹത്തിന്റെ മനഃസാക്ഷിയെ ഒട്ടും ഉലയ്ക്കുന്നേയില്ല.

എന്നാല്‍, ഇതേ അവസ്ഥ നേരിടേണ്ട ദുര്‍വിധി എന്നെങ്കിലും ഇസ്രായേല്‍ ജനതയെയും തേടിയെത്തുമെന്ന് ആരെങ്കിലും ചിന്തിച്ചു കാണുമോ? ഫലസ്തീനില്‍ ബോംബ് വര്‍ഷിക്കുമ്പോള്‍ സെദറോത്തിലെ മലനിരകളില്‍ ഇരുന്ന് വെടിക്കെട്ട് കാണുന്ന പോലെ ആഘോഷിക്കുന്നവര്‍ ഒരിക്കലും അങ്ങനെയൊന്ന് സ്വപ്‌നം പോലും കണ്ടിട്ടുണ്ടാകില്ല. അത്രയുമായിരുന്നു ഇസ്രായേല്‍ ഭരണകൂടം അവര്‍ക്ക് ഉറപ്പുനല്‍കിയിരുന്ന സുരക്ഷ. ഒരുവശത്ത് ബങ്കറുകളും ബോംബ് ഷെല്‍റ്ററുകളുമുണ്ട്. മറുവശത്ത് അയേണ്‍ ഡോമും ഏരോയും ഡേവിഡ്‌സ് സ്ലിങ്ങും ഉള്‍പ്പെടുന്ന എയര്‍ ഡിഫന്‍സ് സംവിധാനങ്ങളും.

എന്നാല്‍, ഇറാനില്‍ കയറിയുള്ള ഇസ്രായേല്‍ പ്രകോപനം വരെ മാത്രമേ ആ സുരക്ഷാ ഗ്യാരന്റികള്‍ക്കെല്ലാം ഉറപ്പുണ്ടായിരുന്നുള്ളൂവെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കാനെന്നു പറഞ്ഞ് ഇസ്രായേല്‍ ആരംഭിച്ച റൈസിങ് ലയണ്‍ ഓപറേഷന്റെ ദുരിതം അനുഭവിക്കുന്നത് ഇപ്പോള്‍ സാധാരണ ഇസ്രായേലികള്‍ കൂടിയാണ്. ഇറാനിലെ ഇസ്രായേല്‍ മിസൈല്‍ വര്‍ഷത്തിനു പ്രതികാരമായി ഇറാന്‍ അയയ്ക്കുന്ന മിസൈലുകളില്‍ പലതും വ്യോമപ്രതിരോധ സംവിധാനങ്ങളെയെല്ലാം ഭേദിച്ച് വലിയ നാശമാണ് ഇസ്രായേലില്‍ വിതച്ചിരിക്കുന്നത്.

തെല്‍ അവീവിലും ഹൈഫയിലും ജറൂസലേമിലുമെല്ലാം വന്‍ നാശനഷ്ടങ്ങളാണു റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തെ തുടര്‍ന്ന് 2,000ത്തോളം ഇസ്രായേലികള്‍ ഭവനരഹിതരായെന്നാണ് ചൊവ്വാഴ്ച 'ടൈംസ് ഓഫ് ഇസ്രായേല്‍' റിപ്പോര്‍ട്ട് ചെയ്തത്. സെന്‍ട്രല്‍ ഇസ്രായേലിലും ഹൈഫയിലുമാണ് സാധാരണക്കാരുടെ ജീവിതത്തെ യുദ്ധം ഏറ്റവും കൂടുതല്‍ ബാധിച്ചത്. തെല്‍ അവീവില്‍നിന്ന് 10 കിലോ മീറ്റര്‍ ദൂരത്തുള്ള പെറ്റ ടിക്‌വയില്‍ ഒരൊറ്റ മിസൈല്‍ ആക്രമണത്തില്‍ 400 കുടുംബങ്ങളാണു പെരുവഴിയിലായത്. അത്രയും കുടുംബങ്ങളിലായി 1,300ഓളം പേരാണ് അന്തിയുറങ്ങാന്‍ വീടുകളില്ലാതെ കഴിയുന്നത്. തെല്‍ അവീവില്‍ രണ്ടിടങ്ങളിലായി നടന്ന ആക്രമണങ്ങളില്‍ 300ലേറെ പേരും ഭവനരഹിതരായിട്ടുണ്ട്.

മെഡിറ്ററേനിയന്‍ തീരനഗരമായ ബെനെ ബറാക്കിലും നൂറുകണക്കിനു പേര്‍ വഴിയാധാരമായതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റമത് ഗാന്‍, ബാത് യാം, തമ്ര, റെഹോവോത്ത്, ഹൈഫ എന്നിവിടങ്ങളില്‍നിന്നും നിരവധി കുടുംബങ്ങളെ ഒഴിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ബുധനാഴ്ച ഇസ്രായേല്‍ നാഷനല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതു പ്രകാരം 3,000ത്തോളം പേരാണ് ഭവനരഹിതരായത്. 24 കെട്ടിടങ്ങള്‍ സമ്പൂര്‍ണമായി തകര്‍ന്നു. നിമിഷങ്ങള്‍ക്കകമാണു ചില കെട്ടിടങ്ങള്‍ തവിടുപൊടിയായത്. പെരുവഴിയിലായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനു പേര്‍ കടുത്ത മാനസികസംഘര്‍ഷത്തിലാണെന്നാണ്, അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിവര്‍ത്തിക്കാന്‍ കഴിയാത്ത സ്ഥിതിയാലണ് പലരുമുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുപോലൊരു ദുരന്തം മുന്‍പ് കണ്ടിട്ടില്ലെന്നാണു രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. കേവലം കെട്ടിടങ്ങളല്ല, എത്രയോ കുടുംബങ്ങളുടെ ജീവിതസമ്പാദ്യങ്ങളും കുടുംബ ഓര്‍മകളുമെല്ലമാണ് പെട്ടെന്നൊരുനാള്‍ ചാരമായി മാറിയിരിക്കുന്നതെന്നും ഇസ്രായേല്‍ നാഷനല്‍ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ഇസ്രായേലിലെ യഥാര്‍ഥ നഷ്ടക്കണക്ക് പുറത്തുവരാന്‍ നാളുകളെടുക്കും. രാജ്യത്തെ ആകെ മരണസംഖ്യയില്‍ ഔദ്യോഗിക സ്ഥിരീകരണം ഇനിയും ഭരണകൂടം പുറത്തുവിട്ടിട്ടില്ല. ഇറാന്‍ ആക്രമണത്തിലെ നാശനഷ്ടങ്ങളുടെ ദൃശ്യങ്ങളും വിവരങ്ങളും പ്രസിദ്ധീകരിക്കാന്‍ ഭരണകൂടം മാധ്യമങ്ങള്‍ക്കു സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനാല്‍ യുദ്ധത്തില്‍ ഇസ്രായേലിലെ ആഘാതത്തിന്റെ യഥാര്‍ഥ ചിത്രമറിയാന്‍ കൂടുതല്‍ നാള്‍ കാത്തിരിക്കേണ്ടിവരും.

TAGS :

Next Story