Quantcast

'കുപ്രസിദ്ധമായ എയര്‍ ഇന്ത്യക്കൊപ്പം ആദ്യമായി ഇന്ത്യയിലേക്ക്'; അധിക്ഷേപവുമായി ജാപ്പനീസ് യൂട്യൂബര്‍

ജാപ്പനീസ് കണ്ടന്‍റ് ക്രിയേറ്ററായ ഇകെച്ചൻ ആണ് അധിക്ഷേപ വീഡിയോ പോസ്റ്റ് ചെയ്തത്

MediaOne Logo
കുപ്രസിദ്ധമായ എയര്‍ ഇന്ത്യക്കൊപ്പം ആദ്യമായി ഇന്ത്യയിലേക്ക്; അധിക്ഷേപവുമായി ജാപ്പനീസ് യൂട്യൂബര്‍
X

ടോക്കിയോ: ഇന്ത്യാക്കാരെയും എയര്‍ ഇന്ത്യയെയും അധിക്ഷേപിച്ചുകൊണ്ടുള്ള ജാപ്പനീസ് യൂട്യൂബറുടെ വീഡിയോക്കെതിരെ വ്യാപക പ്രതിഷേധം. ''ഇന്ത്യയിലേക്കുള്ള ആദ്യ യാത്രക്കായി കുപ്രസിദ്ധമായ എയർ ഇന്ത്യയ്‌ക്കൊപ്പം പറക്കുന്നു!! വിമാനത്തിൽ നിറയെ ഇന്ത്യക്കാരാണ്" എന്ന അടിക്കുറിപ്പോടെ തന്‍റെ യൂട്യൂബ് ചാനലിൽ വീഡിയോ അപ്‍ലോഡ് ചെയ്തതിന് പിന്നാലെയാണ് വിമര്‍ശമുയര്‍ന്നത്.

ജാപ്പനീസ് കണ്ടന്‍റ് ക്രിയേറ്ററായ ഇകെച്ചൻ ആണ് അധിക്ഷേപ വീഡിയോ പോസ്റ്റ് ചെയ്തത്. ഇത് വംശീയ അധിക്ഷേപമാണെന്ന് നെറ്റിസൺസ് ചൂണ്ടിക്കാട്ടി. വീഡിയോയിൽ ഇകെച്ചൻ നേരിട്ടുള്ള അധിക്ഷേ വാക്കുകൾ പ്രയോഗിച്ചിട്ടില്ലെങ്കിലും 'എയർ ഇന്ത്യ വിമാനം മുഴുവൻ ഇന്ത്യക്കാർ'എന്ന പരാമര്‍ശത്തിലെ യുവതിയുടെ സംസാര ശൈലി ഉപയോക്താക്കൾക്ക് ഇഷ്ടപ്പെട്ടില്ല. ഇന്ത്യാക്കാര്‍ ഈ വീഡിയോ ഷെയര്‍ ചെയ്തതിന് പിന്നാലെ ഇകെചന് വലിയ വിമര്‍ശനമാണ് നേരിടേണ്ടി വരുന്നത്. മറ്റ് രാജ്യങ്ങളെക്കുറിച്ച് പറയുമ്പോൾ യൂട്യൂബര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ചൂണ്ടിക്കാട്ടുന്നു.

'തുടക്കം മുതൽ ആ രാജ്യത്തെക്കുറിച്ച് തെറ്റായ ധാരണയാണെങ്കിൽ എന്തിനാണ് ആ രാജ്യത്തേക്ക് പോകുന്നത്'ഒരാൾ കമന്‍റ് ചെയ്തു. വിദ്വേഷം പ്രചരിപ്പിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. "നിങ്ങൾക്ക് ഇന്ത്യയുമായി എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഇങ്ങോട്ട് വരരുത്. ആരും നിങ്ങളെ നിർബന്ധിച്ചിട്ടില്ല" എന്ന് മറ്റൊരാൾ വ്യക്തമാക്കി.

ജാപ്പനീസ് കണ്ടന്‍റ് ക്രീയേറ്റര്‍മാരും ഇകെചനെ വിമര്‍ശിച്ചു. @TomomuraYoutube എന്ന ഇൻഫ്ലുവൻസര്‍ ഇകെച്ചനെ പരസ്യമായി വിമർശിക്കുകയും ഇന്ത്യയെ പുകഴ്ത്തുകയും ചെയ്തു. ജനുവരി 17 ന് അപ്‌ലോഡ് ചെയ്ത വീഡിയോയിൽ ഇകെച്ചൻ എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യുന്നതും വിമാനത്തിനുള്ളിലെ ഭക്ഷണം കഴിക്കുന്നതും കാണാം. വ്‌ളോഗിൽ നിന്നുള്ള സ്‌ക്രീൻഷോട്ടുകളും ഹ്രസ്വ ക്ലിപ്പുകളും പെട്ടെന്ന് വൈറലായി.വീഡിയോ യൂട്യൂബിൽ 1.22 ലക്ഷം പേര്‍ കണ്ടപ്പോൾ എക്‌സിൽ പങ്കിട്ട തംബ്‌നെയിൽ 15 ദശലക്ഷത്തിലധികം കാഴ്ചകൾ നേടി.

എന്നാൽ താൻ ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന വാദവുമായി ഇകെചൻ രംഗത്തെത്തി. വിവാദമായതിനെ തുടര്‍ന്ന് വീഡിയോയുടെ തംപ്നെയിൽ മാറ്റുകയും ചെയ്തു. താൻ വളരെയധികം ശ്രദ്ധിച്ചാണ് വീഡിയോ ചെയ്യാറുള്ളതെന്നും താൻ സന്ദർശിക്കുന്ന രാജ്യങ്ങളുടെ സൗന്ദര്യവും ആകർഷണീയതയും എടുത്തുകാണിക്കുക എന്നതാണ് ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.



TAGS :

Next Story