'ഭാവിയിൽ ആണവായുധം നിര്‍മിക്കാനാണ് ഉദ്ദേശ്യമെങ്കിൽ വീണ്ടും ശക്തരായ അമേരിക്കൻ സൈന്യത്തെ നേരിടേണ്ടി വരും'; ഇറാന് മുന്നറിയിപ്പുമായി ജെ.ഡി വാൻസ്
ഖത്തറിലെയും ഇറാഖിലെയും യുഎസ് വ്യോമതാവളങ്ങളിൽ ഇറാൻ മിസൈലുകൾ വിക്ഷേപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ട്രംപിന്‍റെ വെടിനിർത്തൽ പ്രഖ്യാപനം വന്നത്

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഇസ്രായേലും ഇറാനും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, ഭാവിയിൽ ആണവായുധങ്ങൾ നിർമിക്കാൻ ശ്രമിക്കുന്നതിനെതിരെ അദ്ദേഹത്തിന്‍റെ ഡെപ്യൂട്ടി ജെ.ഡി വാൻസ് ഇറാന് മുന്നറിയിപ്പ് നൽകി.ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഒരു ടെലിവിഷൻ അഭിമുഖത്തിൽ, ഇറാൻ ആണവ പദ്ധതി പുനരാരംഭിക്കുന്നത് അമേരിക്ക തടയുമെന്ന് വാൻസ് വ്യക്തമാക്കി.
"ഭാവിയിൽ ഒരു ആണവായുധം നിർമിക്കുമെങ്കിൽ, അവർക്ക് വീണ്ടും വളരെ ശക്തമായ ഒരു അമേരിക്കൻ സൈന്യത്തെ നേരിടേണ്ടിവരും," വാൻസ് പറഞ്ഞു.
ഖത്തറിലെയും ഇറാഖിലെയും യുഎസ് വ്യോമതാവളങ്ങളിൽ ഇറാൻ മിസൈലുകൾ വിക്ഷേപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ട്രംപിന്‍റെ വെടിനിർത്തൽ പ്രഖ്യാപനം വന്നത്.''എല്ലാവർക്കും അഭിനന്ദനങ്ങൾ. അടുത്ത ആറു മണിക്കൂറിൽ, അവരുടെ നിലവിലെ ദൗത്യങ്ങൾ പൂർത്തിയായി കഴിയുമ്പോൾ, ഇറാനും ഇസ്രയേലും തമ്മിൽ 12 മണിക്കൂർ നീളുന്ന പൂർണവും സമ്പൂർണവുമായ വെടിനിർത്തൽ നിലവിൽ വരും. ആ സമയത്തിനു ശേഷം യുദ്ധം അവസാനിച്ചതായി കണക്കാക്കും. ഔദ്യോഗികമായി ഇറാൻ യുദ്ധവിരാമം ആരംഭിക്കും. 12 മണിക്കൂറിനു ശേഷം ഇസ്രയേൽ യുദ്ധവിരാമം ആരംഭിക്കും. 24 മണിക്കൂറിനു ശേഷം 12 ദിവസത്തെ യുദ്ധത്തിന് ഔദ്യോഗികമായി അവസാനമാകും'' ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവുമായി നേരിട്ട് നടത്തിയ സംഭാഷണത്തിൽ ട്രംപ് നേരിട്ട് ഇടപാടിന് ഇടനിലക്കാരനായി പ്രവർത്തിച്ചതായി വൈറ്റ് ഹൗസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ് എന്നിവരുൾപ്പെടെയുള്ള യുഎസ് ഉദ്യോഗസ്ഥരും പ്രധാന പങ്കുവഹിച്ചുവെന്നും വ്യക്തമാക്കി. ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ യുഎസ് അപ്രതീക്ഷിത വ്യോമാക്രമണം നടത്തി വെറും രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ഈ വഴിത്തിരിവ് ഉണ്ടായത്.
Adjust Story Font
16

