രണ്ടാം വീടിന് ആശ്വാസം; എൻവിഡിയയിലേക്കുള്ള ജെൻസൺ ഹുവാങ്ങിന്റെ തിരിച്ചുവരവ് ഇസ്രായേൽ ആഘോഷമാക്കുന്നത് എന്തുകൊണ്ട്?
നവംബർ 12-നാണ് എൻവിഡിയ സിഇഒ സ്ഥാനത്ത് ജെൻസൺ ഹുവാങ് രാജിവച്ചത്

- Updated:
2026-11-26 05:09:06

ജറുസലെം: വിവാഹേതര ബന്ധങ്ങളെച്ചൊല്ലിയുള്ള വിവാദങ്ങൾക്കൊടുവിൽ ചിപ്പ് നിർമാണ ഭീമനായ എൻവിഡിയയുടെ തലപ്പത്തേക്ക് ജെൻസൺ ഹുവാങ് തിരിച്ചെത്തിയപ്പോൾ, അദ്ദേഹത്തിന്റെ രണ്ടാം വരവിനെ സ്വാഗതം ചെയ്ത ഏക ഭരണത്തലവൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാത്രമായിരുന്നില്ല. ആയിരക്കണക്കിന് കിലോമീറ്ററുകൾക്കപ്പുറം, ഇസ്രായേലിന്റെ കാവൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അത് ആഘോഷിക്കുകയായിരുന്നു.
ഹുവാങ്ങിനും ഇസ്രായേലുമായി അടുത്ത ബന്ധമാണുള്ളത്. ഇസ്രായേലിനെ എൻവിഡിയയുടെ 'രണ്ടാമത്തെ വീട്' എന്നാണ് ഹുവാങ് ഒരിക്കൽ വിശേഷിപ്പിച്ചത്. "ഇസ്രയേലിന്റെ സാങ്കേതിക മേഖലയുമായുള്ള എൻവിഡിയയുടെ പങ്കാളിത്തം കമ്പനിക്കും ഇസ്രായേലിന്റെ നവീകരണ സമ്പദ്വ്യവസ്ഥയ്ക്കും വളരെയധികം മൂല്യമുണ്ടാക്കി'' എന്നാണ് നെതന്യാഹു എക്സിൽ കുറിച്ചത്. എൻവിഡിയയെ നയിക്കാൻ ജെൻസൻ വീണ്ടുമെത്തുന്നത് ആ പങ്കാളിത്തത്തിനും ആഗോള എഐ വ്യവസായത്തിനും സന്തോഷവാര്‍ത്തയാണെന്നും നെതന്യാഹു പറഞ്ഞിരുന്നു.
നവംബർ 12-നാണ് എൻവിഡിയ സിഇഒ സ്ഥാനത്ത് ജെൻസൺ ഹുവാങ് രാജിവച്ചത്. എന്നാൽ ഏകദേശം 11 ദിവസങ്ങൾക്ക് ശേഷം, നവംബർ 23-ന് എൻവിഡിയ ബോർഡ് അദ്ദേഹത്തെ സിഇഒ സ്ഥാനത്തേക്ക് പുനർനിയമിക്കാൻ തീരുമാനിക്കുകയായിരുന്നു. ഈ പ്രഖ്യാപനത്തിന് പിന്നാലെ എൻവിഡിയ ഓഹരികളിൽ വലിയ കുതിച്ചുചാട്ടവും ദൃശ്യമായിരുന്നു.
ഇസ്രായേലിന് എൻവിഡിയ ഇത്രയധികം പ്രധാനമാകുന്നത് എന്തുകൊണ്ട്?
ഏകദേശം 4 ട്രില്യൺ ഡോളർ വിപണി മൂല്യമുള്ള ലോകത്തിലെ ഏറ്റവും വലിയ സെമികണ്ടക്ടർ കമ്പനിയായ കാലിഫോർണിയ ആസ്ഥാനമായുള്ള എൻവിഡിയ, ആധുനിക എഐ വിപ്ലവത്തിന്റെ ചുക്കാൻ പിടിക്കുന്ന കമ്പനി കൂടിയാണ്. എഐ ഡാറ്റാ സെന്ററുകളിൽ ഉപയോഗിക്കുന്ന പ്രത്യേക എഐ പ്രൊസസറുകളായ ജിപിയു (GPUs - ഗ്രാഫിക്സ് പ്രോസസിംഗ് യൂണിറ്റുകൾ) ആഗോള വിപണിയുടെ ഏകദേശം 90 ശതമാനവും ഹുവാങ്ങിന്റെ കമ്പനിയുടെ കൈവശമാണ്.
അമേരിക്കയ്ക്ക് പുറത്ത് എൻവിഡിയയുടെ ഏറ്റവും വലിയ ഗവേഷണ-വികസന (R&D) കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് ഇസ്രായേലിലാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അവിടെ ജീവനക്കാരുടെ എണ്ണം ഇരട്ടിയായി വർധിച്ച് 6,000-ത്തിലെത്തി. യോക്നിയാം , ടെൽ അവീവ്, ജറുസലേം, റാനാന , ബീർഷെബ എന്നിവിടങ്ങളിലായി ഏഴ് ഗവേഷണ-വികസന കേന്ദ്രങ്ങളാണ് കമ്പനിക്കുള്ളത്. കൂടാതെ, ഹൈഫയ്ക്ക് സമീപമുള്ള കിര്യത് ടിവോണിൽ 10,000 ജീവനക്കാരെ വരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഒരു വൻകിട ആർ ആൻഡ് ഡി കാമ്പസ് നിർമിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.
2026-ൽ ഇസ്രായേലിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ എൻവിഡിയയുടെ പ്രവർത്തനങ്ങൾ മാത്രം 2.2 ശതമാനം വളർച്ച കൂട്ടിച്ചേർക്കുമെന്നും ഇതോടെ രാജ്യത്തിന്റെ ആകെ ജിഡിപി വളർച്ച 5.6 ശതമാനത്തിലെത്തുമെന്നും ബാങ്ക് ഓഫ് ഇസ്രായേൽ കണക്കാക്കുന്നു. എൻവിഡിയയുടെ സാന്നിധ്യമില്ലായിരുന്നെങ്കിൽ ഇത് 3.4 ശതമാനം വളർച്ച മാത്രമാകുമായിരുന്നു—അതായത് ഏകദേശം 40 ശതമാനത്തോളം കുറവ്.അടുത്ത വര്‍ഷം എൻവിഡിയയുടെ ജിഡിപി വളര്‍ച്ചയിൽ 2.4 ശതമാനം കൂടി വര്‍ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജനുവരിയിൽ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിൽ എൻവിഡിയ ഇസ്രായേലിന് ഏകദേശം 1.29 ബില്യൺ ഡോളര്‍ നികുതി ഇനത്തിൽ നൽകിയതായി വാര്‍ഷിക റിപ്പോര്‍ട്ടിൽ പറയുന്നു. ചില കണക്കുകൾ പ്രകാരം 2026ൽ ഇസ്രായേലിന്റെ മൊത്തം നികുതി വരുമാനത്തിന്റെ ഏകദേശം മൂന്ന് ശതമാനം കമ്പനി നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
ഹുവാങ്ങിന്റെ രാജിയും ഇസ്രായേലിന്റെ പ്രതികരണവും
ഓഹരി വിപണിയെ അടിമുടി ഉലച്ചുകൊണ്ടായിരുന്നു ഹുവാങ്ങിന്റെ രാജി. തെൽ അവീവ് സ്റ്റോക്ക് എക്സേചഞ്ചില നിക്ഷേപകര്‍ അസ്വസ്ഥരായി. രാജിക്ക് പിന്നാലെ ബെഞ്ച് മാര്‍ക്ക് സൂചികകൾ ഇടിഞ്ഞു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തിരിച്ചുവരികയും ചെയ്തു.
എന്നാൽ വ്യാപാര ദിനത്തിന്റെ അവസാനത്തോടെ ഓഹരികൾ തിരിച്ചുകയറി. വിപണി അവസാനിക്കുമ്പോൾ ടിഎ-35 സൂചിക 0.22 ശതമാനവും വിശാലമായ ടിഎ-125 (TA-125) സൂചിക 0.07 ശതമാനവും നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. അതേസമയം, ടെക്നോളജി കമ്പനികളുടെ പ്രകടനം അളക്കുന്ന ബ്ലൂടെക് ഗ്ലോബൽ ഇൻഡക്സ് 0.15 ശതമാനം ഇടിഞ്ഞു. എന്നിരുന്നാലും, എൻവിഡിയയിലുണ്ടായ അസ്വാരസ്യങ്ങളും പ്രത്യേകിച്ച് ഹുവാങ്ങിന്റെ പടിയിറക്കവും ഇസ്രായേലിന്റെ സമ്പദ്വ്യവസ്ഥയിലുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഇസ്രായേൽ ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ആശങ്കാകുലരായിരുന്നുവെന്ന് 'ഹാരെറ്റ്സ്' പത്രം റിപ്പോർട്ട് ചെയ്തു.
തിരിച്ചെത്തിയ ഹുവാങ്ങിനെ ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് അഭിനന്ദിച്ചു. "ഇസ്രായേലിന് നൽകുന്ന തുടർച്ചയായ പിന്തുണയ്ക്കും എൻവിഡിയയും ഇസ്രായേലും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയ്ക്കും ഹുവാങ്ങിനോടുള്ള അഗാധമായ നന്ദി" ഹെർസോഗ് കുറിച്ചു. പ്രസിഡന്റിന്റെ സന്ദേശം തന്നെ ഏറെ സ്പർശിച്ചതായും, "തനിക്ക് ലഭിച്ച ഈ രണ്ടാമത്തെ അവസരം പരമാവധി പ്രയോജനപ്പെടുത്താൻ ഉദ്ദേശിക്കുന്നുവെന്നും" ഹുവാങ് പ്രസിഡന്റിനോട് പറഞ്ഞതായി ഹെർസോഗിന്റെ ഓഫീസ് അറിയിച്ചു.
എൻവിഡിയയും ഇസ്രായേലും
ഗസ്സയിലെ വംശഹത്യ യുദ്ധം, അധിനിവേശ വെസ്റ്റ് ബാങ്കിലെ പലസ്തീനികൾക്കെതിരെ ഇസ്രായേലി കുടിയേറ്റക്കാർ നടത്തിയ വംശഹത്യ , തെക്കൻ ലെബനൻ അധിനിവേശം എന്നിവയ്ക്കിടയിലും ഇസ്രായേലിന്റെ സാമ്പത്തിക മേഖലക്ക് കരുത്തുപകരാൻ എൻവിഡിയ സഹായിക്കുന്നുണ്ട്. അതേസമയം, ഇസ്രായേലും കമ്പനിക്ക് മികച്ച വരുമാനമാണ് തിരിച്ചുനൽകുന്നത്.
2020 ഏപ്രിലിൽ കമ്പ്യൂട്ടർ നെറ്റ്വർക്കിംഗ് ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന ഇസ്രായേലി കമ്പനിയായ മെലനോക്സിനെ ഏകദേശം 7 ബില്യൺ ഡോളറിന് എൻവിഡിയ ഏറ്റെടുത്തതിലാണ് ഈ ടെക് ഭീമനും ഇസ്രായേലും തമ്മിലുള്ള ബന്ധത്തിന്റെ വേരുകൾ കിടക്കുന്നത്. എൻവിഡിയയുടെ വിജയത്തിൽ ഈ ഏറ്റെടുക്കൽ നിർണായക പങ്കുവഹിച്ചു.
മെല്ലനോക്സിനെ ചുറ്റിപ്പറ്റിയുള്ള എൻവിഡിയയുടെ നെറ്റ്വർക്കിംഗ് ബിസിനസ് 2026 ലെ മൂന്നാം പാദത്തിൽ 21 ബില്യൺ ഡോളറിലധികം വരുമാനം നേടി. എൻവിഡിയയുടെ മൊത്തം ത്രൈമാസ വരുമാനത്തിന്റെ ഏകദേശം 18 ശതമാനമാണിത്. ജനുവരിയിൽ ലാസ് വെഗാസിൽ നടന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ, പ്രധാന എൻവിഡിയ ചിപ്പുകളുടെ വികസനത്തിൽ ഇസ്രായേലിന്റെ പങ്കിനെക്കുറിച്ച് ഹുവാങ് സംസാരിച്ചിരുന്നു.
ഗസ്സയിൽ എൻവിഡിയയുടെ പങ്ക് എന്താണ്?
ഹോളോകോസ്റ്റ് കാലത്ത് ജൂതന്മാരെ രക്ഷിക്കാനും അവർക്ക് ദുരിതാശ്വാസം നൽകാനും നടത്തിയ പ്രവർത്തനങ്ങളുടെ പേരിൽ 1947-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ സംഘടനയായ 'അമേരിക്കൻ ഫ്രണ്ട്സ് സർവീസ് കമ്മിറ്റി' നടത്തിയ അവലോകനത്തിൽ, ഇസ്രായേൽ സൈന്യം എൻവിഡിയയുടെ നിരവധി ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് അൽജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗാസയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയ്ക്കിടെ എൻവിഡിയ ഉൽപ്പന്നങ്ങൾ പലതവണ വാങ്ങിയതായി ഇസ്രായേൽ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തിയിട്ടുണ്ടെന്ന് സംഘടന കഴിഞ്ഞ വർഷം പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ജെറ്റ്സൺ കാർഡുകൾ , ഡിജിഎക്സ് തുടങ്ങിയ എഐ (AI) ആവശ്യങ്ങൾക്കായി രൂപകൽപന ചെയ്തിട്ടുള്ള ഉൽപന്നങ്ങൾ ഇതിൽ ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. രഹസ്യസ്വഭാവമില്ലാത്ത കരാറുകൾ മാത്രമാണ് പൊതു ഡാറ്റാബേസിൽ രേഖപ്പെടുത്തുന്നത് എന്നതിനാൽ, സൈന്യം എൻവിഡിയയുടെ ഉൽപന്നങ്ങളും സേവനങ്ങളും ഉപയോഗിക്കുന്നതിന്റെ ഒരു ഭാഗം മാത്രമായിരിക്കും ഇതെന്നും സംഘടന കൂട്ടിച്ചേർത്തു.
ഫലസ്തീനികളെ നിരീക്ഷിക്കുന്നതിനും ലക്ഷ്യം വയ്ക്കുന്നതിനുമായി 'ദി ഗോസ്പൽ', 'ലാവെൻഡർ', 'വെയർ ഈസ് ഡാഡി?' തുടങ്ങിയ എഐ സംവിധാനങ്ങൾ ഗസ്സ യുദ്ധത്തിൽ ഇസ്രായേൽ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ടെന്നും അതിനാൽ ഈ യുദ്ധക്കുറ്റങ്ങളിൽ എൻവിഡിയയ്ക്കും പങ്കുണ്ടാകാൻ സാധ്യതയുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. ഗസ്സയിൽ സാധാരണക്കാരെ കൊലപ്പെടുത്താൻ ഇസ്രായേൽ ഉപയോഗിച്ച എൽബിറ്റ് സിസ്റ്റംസിന്റെ 'ലാനിയസ്' ഡ്രോണുകളിലും എൻവിഡിയയുടെ 'ജെറ്റ്സൺ ടിഎക്സ്2' എഐ പ്രൊസസർ ഘടിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
Adjust Story Font
16
