Quantcast

ട്രംപിന് തിരിച്ചടി; സിഎൻഎൻ ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്ക് ഏര്‍പ്പെടുത്തിയ വൈറ്റ് ഹൗസ് വിലക്ക് നീക്കി യുഎസ് കോടതി

മൂന്ന് മാധ്യമസ്ഥാപനങ്ങളുടെയും പ്രവേശന അനുമതി ഉടനടി പുനഃസ്ഥാപിക്കാൻ യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജ് തിമോത്തി കെല്ലി ഇടക്കാല ഉത്തരവിട്ടു.

MediaOne Logo

Web Desk

  • Published:

    24 Sept 2026 12:29 PM IST

ട്രംപിന് തിരിച്ചടി; സിഎൻഎൻ ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്ക് ഏര്‍പ്പെടുത്തിയ വൈറ്റ് ഹൗസ് വിലക്ക് നീക്കി യുഎസ് കോടതി
X

വാഷിങ്ടണ്‍: സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിക്കോ എന്നീ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ പ്രവേശനം നിഷേധിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടി തടഞ്ഞ് അമേരിക്കൻ ഫെഡറൽ കോടതി. മൂന്ന് മാധ്യമസ്ഥാപനങ്ങളുടെയും പ്രവേശന അനുമതി ഉടനടി പുനഃസ്ഥാപിക്കാൻ യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജ് തിമോത്തി കെല്ലി ഇടക്കാല ഉത്തരവിട്ടു.

ട്രംപിന്റെ വിലക്ക് ഭരണഘടനാ വിരുദ്ധമാണെന്നും ആവശ്യമായ മുൻകൂററിയിപ്പോ വാദം കേൾക്കാനുള്ള അവസരമോ നൽകാതെ ഏകപക്ഷീയമായാണ് പ്രവേശന കാർഡുകൾ റദ്ദാക്കിയതെന്നും കോടതി ചൂണ്ടിക്കാട്ടി. 14 ദിവസത്തെ താൽക്കാലിക സ്റ്റേ ഉത്തരവാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

ട്രംപ് ഭരണകൂടത്തിന്റെ വിലക്കിനെതിരെ മൂന്ന് മാധ്യമ സ്ഥാപനങ്ങളും സംയുക്തമായി ഫയൽ ചെയ്ത ഹരജിയിലാണ് കോടതി നടപടി. അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഒന്നാം ഭരണഘടനാ ഭേദഗതിയുടെയും സ്വാഭാവിക നീതിയുടെയും ലംഘനമാണ് ഈ വിലക്കെന്ന് മാധ്യമങ്ങൾ കോടതിയിൽ വാദിച്ചു. ഭരണകൂടത്തെക്കുറിച്ച് തുടർച്ചയായി 'വ്യാജ വാർത്തകളും നുണകളും' നൽകുന്നു എന്ന് ആരോപിച്ചാണ് സെപ്തംബര്‍ 18ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഈ മാധ്യമങ്ങളെ വൈറ്റ് ഹൗസിൽ നിന്ന് വിലക്കിക്കൊണ്ട് പ്രഖ്യാപനം നടത്തിയത്.

മാധ്യമവിലക്കിന് പിന്നിൽ ദേശീയ സുരക്ഷാ കാരണങ്ങളാണെന്ന വൈറ്റ് ഹൗസിന്റെ വാദം ജഡ്ജി തള്ളി. ട്രംപ് പരസ്യമായി പറഞ്ഞത് വാർത്തകളുടെ സ്വഭാവത്തോടുള്ള എതിർപ്പും വിരോധവുമാണെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ പോകുമെന്നും ട്രംപ് വ്യക്തമാക്കി.

TAGS :

Next Story