രാജ്യദ്രോഹം, കൊലപാതകം; കോംഗോ മുൻ പ്രസിഡന്റിന് വധശിക്ഷ വിധിച്ച് സൈനിക കോടതി
രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ ഭൂരിഭാഗം പ്രദേശങ്ങളും പിടിച്ചടക്കിയ എം23 വിമത ഗ്രൂപ്പിന് പിന്തുണ നൽകി എന്നതായിരുന്നു കബിലയ്‌ക്കെതിരായ പ്രധാന ആരോപണം

കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ മുൻ പ്രസിഡന്റ് ജോസഫ് കബിലയ്ക്ക് വധശിക്ഷ വിധിച്ച് സൈനിക കോടതി. രാജ്യദ്രോഹം, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ, കൊലപാതകം, പീഡനം എന്നിവയുൾപ്പെടെ നിരവധി ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയാണ് വിധി. കബില രാജ്യത്ത് ഇല്ലാത്തതിനാൽ അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്.
ഈ വർഷം ജനുവരിയിൽ മിന്നൽ ആക്രമണം ആരംഭിച്ച് തന്ത്രപ്രധാനമായ കിഴക്കൻ കേന്ദ്രമായ ഗോമ ഉൾപ്പെടെ നിരവധി പ്രദേശങ്ങൾ പിടിച്ചടക്കിയ എം23 വിമത ഗ്രൂപ്പിന് പിന്തുണ നൽകി എന്നതായിരുന്നു കബിലയ്‌ക്കെതിരായ പ്രധാന ആരോപണം. റുവാണ്ടയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഈ വിമതർക്ക് കബില സഹായം നൽകിയെന്ന് പ്രോസിക്യൂഷൻ വാദിച്ചു. നിലവിലെ പ്രസിഡന്റ് ഫെലിക്സ് ഷിസെകെഡിയെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്നും പ്രോസിക്യൂട്ടർമാർ ആരോപിച്ചു.
സൈനിക ട്രൈബ്യൂണലിന് അധ്യക്ഷത വഹിച്ച ലെഫ്റ്റനന്റ് ജനറൽ ജോസഫ് മുറ്റോംബോ കാറ്റലായിയാണ് കബിലക്കെതിരായ വിധി പ്രസ്താവിച്ചത്. സൈനിക പീനൽ കോഡിലെ ആർട്ടിക്കിൾ 7 അനുസരിച്ച്, ഏറ്റവും കഠിനമായ ശിക്ഷയായ വധശിക്ഷ പ്രതിക്ക് വിധിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വിചാരണയിലുടനീളം കബിലയോ അദ്ദേഹത്തിന്റെ അഭിഭാഷകരോ കോടതിയിൽ ഹാജരായിരുന്നില്ല. തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും കോടതികളെ ഭരണകൂടം അടിച്ചമർത്താനുള്ള ഉപകരണമായി ഉപയോഗിക്കുകയാണെന്നും കബില മുൻപ് ആരോപിച്ചിരുന്നു.
പതിറ്റാണ്ടുകളായി നിലനിൽക്കുന്ന സംഘർഷത്തിന്റെ കൊടും വേദനയിലാണ് കോംഗോ. ജനുവരിയിൽ അത് രൂക്ഷമായി. സമാധാന ചർച്ചകൾക്കിടയിൽ പോരാട്ടം കുറഞ്ഞിട്ടുണ്ടെങ്കിലും, ഇപ്പോഴും ചില അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. 2001 മുതൽ 2019 വരെ കോംഗോയുടെ പ്രസിഡന്റായിരുന്ന ജോസഫ് കബില, 2023ലാണ് രാജ്യം വിട്ടത്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ താവളം എവിടെയാണെന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങളില്ല.
Adjust Story Font
16

