ലഷ്കറെ ത്വയ്ബയുടെ സഹസ്ഥാപകൻ ആമിർ ഹംസ ഗുരുതരാവസ്ഥയിൽ ലാഹോർ ഹോസ്പ്പിറ്റലിൽ
2010ൽ തടവിലാക്കപ്പെട്ട ലഷ്കറെ ത്വയ്ബ അംഗങ്ങളെ മോചിപ്പിക്കുന്നതിനായി ചർച്ച നടത്തിയ മൂന്ന് മുതിർന്ന തീവ്രവാദികളിൽ ആമിർ ഹംസയും ഉൾപ്പെട്ടിരുന്നു.

ലാഹോർ: ലഷ്കറെ ത്വയ്ബ (എൽഇടി) സഹസ്ഥാപകനും മുതിർന്ന നേതാവുമായ ആമിർ ഹംസയെ പരിക്കേറ്റതിനെ തുടർന്ന് ലാഹോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഷ്കറെ ത്വയ്ബ തലവൻ ഹാഫിസ് മുഹമ്മദ് സയീദുമായും ഗ്രൂപ്പിന്റെ ഡെപ്യൂട്ടി അബ്ദുൾ റഹ്മാൻ മക്കിയുമായും അടുത്ത ബന്ധമുള്ള ആമിർ ഹംസ സുരക്ഷാ ഉദ്യോഗസ്ഥരുടെ കീഴിൽ ഒരു പ്രാദേശിക മെഡിക്കൽ സെന്ററിൽ ഗുരുതരാവസ്ഥയിലെന്നാണ് റിപ്പോർട്ട്. എന്നാൽ ആമിർ ഹംസയുടെ പരിക്കുകളുടെ സ്വഭാവവും വ്യാപ്തിയും വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തെക്കുറിച്ച് പാകിസ്താൻ അധികൃതരിൽ നിന്നോ ലഷ്കറെ ത്വയ്ബയിൽ നിന്നോ ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
ലഷ്കറെ ത്വയ്ബയിലെ കേന്ദ്ര വ്യക്തികളിൽ ഒരാളായി തുടരുന്ന ആമിർ ഹംസ വർഷങ്ങളായി നിരവധി പ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ലഷ്കറെ ത്വയ്ബയുടെ പ്രചാരണ വിഭാഗത്തെയും ജനസമ്പർക്ക പരിപാടികളെയും രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ലഷ്കറെ ത്വയ്ബയുടെ കേന്ദ്ര ഉപദേശക സമിതിയുടെ ഭാഗമായിരുന്നു. ഹാഫിസ് സയീദിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ 2010 വരെ ഗ്രൂപ്പിന്റെ ബാഹ്യ ബന്ധങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ആമിർ ഹംസ പ്രധാന പങ്ക് വഹിച്ചു. ലഷ്കറെ ത്വയ്ബയുമായി ബന്ധപ്പെട്ട ഒരു ചാരിറ്റബിൾ ഓർഗനൈസേഷനിലും സേവനമനുഷ്ഠിച്ചുവെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രഷറി വകുപ്പിന്റെ 2012ലെ പ്രസ്താവന ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
യുഎസ് ട്രഷറി വകുപ്പിന്റെ കണക്കനുസരിച്ച് 2010 മുതൽ ലഷ്കറെ ത്വയ്ബയുടെ വാരിക എഡിറ്റ് ചെയ്യുകയും പതിവായി ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. 2010ൽ തടവിലാക്കപ്പെട്ട ലഷ്കറെ ത്വയ്ബ അംഗങ്ങളെ മോചിപ്പിക്കുന്നതിനായി ചർച്ച നടത്തിയ മൂന്ന് മുതിർന്ന തീവ്രവാദികളിൽ ആമിർ ഹംസയും ഉൾപ്പെട്ടിരുന്നു.
Adjust Story Font
16

