ഗസ്സയിലെ ഗുരുതര രോഗികളായ കുട്ടികൾക്ക് വൈദ്യ സഹായം നൽകാൻ വിസമ്മതിച്ചതിന് യുകെ സർക്കാരിനെതിരെ നിയമനടപടി
ലേ ഡേ എന്ന നിയമ സ്ഥാപനമാണ് ഫോറിൻ ഓഫീസിനും ഹോം ഓഫീസിനുമെതിരെ കേസ് ഫയൽ ചെയ്തത്

ലണ്ടൻ: ഗസ്സയിലെ ഗുരുതര രോഗികളായ കുട്ടികളെ വൈദ്യസഹായത്തിനായി ഏറ്റെടുക്കാൻ വിസമ്മതിച്ച യുകെ സർക്കാരിനെതിരെ നിയമനടപടി ആരംഭിച്ചു. മൂന്ന് കുട്ടികളെ പ്രതിനിധാനം ചെയ്ത് ലേ ഡേ എന്ന നിയമ സ്ഥാപനം ഫോറിൻ ഓഫീസിനും ഹോം ഓഫീസിനും എതിരെ കേസ് ഫയൽ ചെയ്തു. ഗസ്സയിലെ യുദ്ധബാധിത പ്രദേശത്ത് ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത കണക്കിലെടുക്കാതെയാണ് യുകെ മന്ത്രിമാർ ഏറ്റെടുക്കൽ അഭ്യർത്ഥനകൾ നിരസിച്ചതെന്ന് കേസിൽ ആരോപിക്കുന്നു.
1990-കളിലെ ബോസ്നിയൻ യുദ്ധത്തിലും യുക്രൈൻ സംഘർഷത്തിലും യുകെ കുട്ടികളെ ഏറ്റെടുത്ത് ചികിത്സ നൽകിയിരുന്നതിന് വിപരീതമാണ് ഗസ്സയിലെ നിലവിലെ നിലപാടെന്ന് നിയമസംഘം വാദിക്കുന്നു. 'ഗസ്സയിലും സമീപ പ്രദേശങ്ങളിലും ചികിത്സാ സൗകര്യങ്ങളെ പിന്തുണക്കുന്നുവെന്നും സ്വകാര്യ ഫണ്ട് ഉപയോഗിച്ച് യുകെയിൽ ചികിത്സക്ക് വിസ ലഭ്യമാണെന്നും യുകെ സർക്കാർ വിശദീകരിക്കുന്നു. എന്നാൽ ഗസ്സയിലെ കുട്ടികളുടെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റാൻ ഈ സംവിധാനങ്ങൾ അപര്യാപ്തമാണ്.' ലേ ഡേയിലെ അഭിഭാഷക കരോലിൻ ഓട്ട് പറഞ്ഞു.
മെയ് മാസത്തിൽ പ്രോജക്ട് പ്യൂർ ഹോപ്പ് എന്ന ദുരിതാശ്വാസ സംഘടനയുടെ സഹായത്തോടെ രണ്ട് കുട്ടികൾ യുകെയിൽ ചികിത്സക്കായി എത്തിയിരുന്നു. ഇത് സ്വകാര്യ ഫണ്ടിംഗിലൂടെയായിരുന്നു. സർക്കാർ ധനസഹായത്തോടെയുള്ള ഗസ്സ-യുകെ പദ്ധതി വഴിയുള്ള അഭ്യർത്ഥന നിരസിക്കപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഗസ്സയിൽ 12,500 രോഗികൾക്ക് അടിയന്തര വൈദ്യ ഒഴിപ്പിക്കൽ ആവശ്യമാണ്. ഇതിൽ 4,984 കുട്ടികളാണ്.
നിലവിൽ യുകെ ഗസ്സയിൽ നിന്ന് വൈദ്യ സഹായത്തിനായി ഒഴിപ്പിച്ച് കൊണ്ടുവരുന്ന ആളുകളെ സ്വീകരിക്കുന്ന രാജ്യമായി മുന്നോട്ടുവന്നിട്ടില്ല. മന്ത്രിമാരുടെ നിഷ്ക്രിയത്വം ഗുരുതര രോഗികളായ കുട്ടികളെ ജീവൻ രക്ഷിക്കുന്ന ചികിത്സയിൽ നിന്ന് അകറ്റുന്നുവെന്ന് കേസിൽ ആരോപിക്കുന്നു. ഫോറിൻ ഓഫീസും ഹോം ഓഫീസും ഈ നിയമനടപടിക്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Adjust Story Font
16

