Quantcast

ഇംഗ്ലണ്ടിൽ ക്രൈസ്തവർ ന്യൂനപക്ഷം, മതമില്ലാത്തവര്‍ കൂടി

രാജ്യത്തെ മുസ്ലിം ജനസംഖ്യയും വര്‍ധിച്ചു

MediaOne Logo

Web Desk

  • Updated:

    2022-11-30 06:18:13.0

Published:

30 Nov 2022 6:17 AM GMT

ഇംഗ്ലണ്ടിൽ ക്രൈസ്തവർ ന്യൂനപക്ഷം, മതമില്ലാത്തവര്‍ കൂടി
X

ലണ്ടൻ: ഇംഗ്ലണ്ടിന്റെയും വെയിൽസിന്റെയും ചരിത്രത്തിൽ ആദ്യമായി ക്രൈസ്തവര്‍ ന്യൂനപക്ഷമായെന്ന് ഓഫീസ് ഓഫ് നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട സെൻസസ് കണക്കുകൾ. ഒരുദശാബ്ദത്തിനിടെ ക്രൈസ്തവ ജനസംഖ്യയില്‍ 13 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 2011ലെ 59.3 ശതമാനത്തിൽനിന്ന് ക്രൈസ്തവര്‍ 46.2 ശതമാനമായാണ് കുറഞ്ഞത്. പത്തു വർഷത്തിനിടെ മതമില്ലാത്തവരും രാജ്യത്തു വർധിച്ചു- ആകെ ജനസംഖ്യയുടെ 37.2 ശതമാനം. 2011ൽ 4.9 ശതമാനമായിരുന്ന മുസ്‌ലിംകൾ 6.5 ശതമാനമായി വർധിച്ചു.

ക്രിസ്തുമതത്തെ ഔദ്യോഗിക മതമായി അംഗീകരിച്ച രാഷ്ട്രമാണ് ബ്രിട്ടൻ. രാജ്യത്ത് വസിക്കുന്നവരുടെ മതം, വംശം, ദേശീയ അസ്തിത്വം, ഭാഷ തുടങ്ങിയ വിവരങ്ങളാണ് സെൻസസിൽ ചോദിച്ചിരുന്നത്. മതാഭിമുഖ്യത്തിനൊപ്പം രാജ്യത്തെ വെള്ളക്കാരുടെ എണ്ണവും കുറഞ്ഞുവരുന്നതായി കണക്കുകൾ പറയുന്നു. നേരത്തെ 86 ശതമാനമായിരുന്ന വെള്ളക്കാർ ഇപ്പോൾ 81.7 ശതമാനമാണ്. രാജ്യത്ത് വംശീയത കുറഞ്ഞുവരുന്നതിന്റെ അടയാളമാണിതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഏഷ്യൻ, ഏഷ്യൻ ബ്രിട്ടീഷ്, ഏഷ്യൽ വെൽഷ് വംശജരിലും വർധനയുണ്ടായി. 42 ലക്ഷത്തിൽനിന്ന് 55 ലക്ഷമായാണ് ഇവരുടെ ജനസംഖ്യ വർധിച്ചത്. ലുടൺ, ബർമിങാം, ലീസസ്റ്റർ തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളക്കാർ ന്യൂനപക്ഷമായി മാറി. ഹിന്ദു മതവിശ്വാസികളും കൂടി. ജനസംഖ്യയുടെ 1.7 ശതമാനം.


സെന്‍സസ് ഒറ്റനോട്ടത്തില്‍. ഇന്‍ഫോഗ്രാഫിക്സിന് കടപ്പാട്- ബിബിസി


രാജ്യത്തെ 94 ശതമാനം പേരും സെസൻസിന്റെ ഭാഗമായി എന്നാണ് സർക്കാർ പറയുന്നത്. താത്പര്യമുള്ളവര്‍ മാത്രമേ സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാർട്‌മെന്റിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതുള്ളൂ. സെൻസസ് പ്രകാരം തലസ്ഥാനമായ ലണ്ടനാണ് രാജ്യത്ത് ഏറ്റവും വൈവിധ്യമുള്ള നഗരം. ഹാരോ, ലീസെസ്റ്റർ നഗരങ്ങളിലാണ് കൂടുതൽ ഹിന്ദുമത വിശ്വാസികൾ താമസിക്കുന്നത്. കിഴക്കൻ ലണ്ടനടുത്തുള്ള ടവർ ഹാംലറ്റ്, ന്യൂഹാം മേഖലയിലാണ് മുസ്‌ലിംകൾ കൂടുതലുള്ളത്.

ഇംഗ്ലണ്ട്-വെയിൽസ്, പോളിഷ്, റൊമാനിയൻ എന്നിവർക്ക് ശേഷം രാജ്യത്ത് ഏറ്റവും കൂടുതലുള്ളത് ഇന്ത്യക്കാരാണെന്നും സെൻസസ് പറയുന്നു.

Summary: The number of people living in England and Wales identifying as Christian has fallen below half the population for the first time, while those identifying as Muslim or Hindu have registered a small rise, according to the latest census figures released by The Office for National Statistics.

TAGS :

Next Story