Quantcast

'ഗസ്സയിലെ ആശുപത്രി ആക്രമണം ഭയാനകം'; ഫലസ്തീന് രണ്ടരക്കോടി സംഭാവന ചെയ്ത് മലാല

'ഗസ്സ ജനസംഖ്യയുടെ പകുതിയും 18 വയസ്സിന് താഴെയുള്ളവരാണ്, അവരുടെ ജീവിതകാലം മുഴുവൻ ബോംബാക്രമണത്തിനും അന്യായ അധിനിവേശത്തിനും കീഴിലായിരിക്കരുത്'

MediaOne Logo

Web Desk

  • Published:

    18 Oct 2023 3:07 PM GMT

Activist and Nobel laureate Malala Yusuf Zai donates two and a half crore Rupees to Palestine
X

ഫലസ്തീന് രണ്ടരക്കോടി സംഭാവന ചെയ്ത് ആക്ടിവിസ്റ്റും നൊബേൽ സമ്മാന ജേതാവുമായ മലാല യൂസഫ് സായി. എക്‌സി(ട്വിറ്റർ)ൽ പ്രസിദ്ധീകരിച്ച വീഡിയോയിലുടെയും സന്ദേശത്തിലൂടെയുമാണ് അവർ ഇക്കാര്യം അറിയിച്ചത്.

'ഗസ്സയിലെ അൽ-അഹ്ലി ഹോസ്പിറ്റലിലെ ബോംബ് സ്ഫോടനം കണ്ട് ഞാൻ ഭയചകിതയാണ്, അതിനെ തീർത്തും അപലപിക്കുന്നു. ഗസ്സയിലേക്ക് മാനുഷിക സഹായം അനുവദിക്കാനും വെടിനിർത്തൽ കൊണ്ടുവരാനും ഞാൻ ഇസ്രായേലി ഭരണകൂടത്തോട് അഭ്യർത്ഥിക്കുന്നു. ആക്രമണത്തിനിരയായ ഫലസ്തീൻ ജനതയെ സഹായിക്കുന്ന മൂന്ന് ചാരിറ്റി സംഘങ്ങൾക്ക് ഞാൻ 300,000 ഡോളർ (2.5 കോടി രൂപ) കൈമാറുന്നു' വീഡിയോക്കൊപ്പമുള്ള കുറിപ്പിൽ മലാല പറഞ്ഞു.

'ഇസ്രായേലിലും ഫലസ്തീനിലും ലോകമെമ്പാടുമുള്ള സമാധാനത്തിനായി ശബ്ദിക്കുന്നവരോടൊപ്പം ഞാൻ എന്റെ ശബ്ദം ചേർക്കുന്നു. ഒരു കൂട്ടത്തെ ഒന്നാകെ ശിക്ഷിക്കുന്നത് ഒന്നിനും പരിഹാരമല്ല. ഗസ്സയിലെ ജനസംഖ്യയുടെ പകുതിയും 18 വയസ്സിന് താഴെയുള്ളവരാണ്, അവരുടെ ജീവിതകാലം മുഴുവൻ ബോംബാക്രമണത്തിനും അന്യായ അധിനിവേശത്തിനും കീഴിലായിരിക്കരുത്' മലാല യൂസഫ്സായി വീഡിയോയിൽ പറഞ്ഞു.

ഈ പ്രതിസന്ധിയിൽ ഫലസ്തീനിലെ ജനങ്ങളെ സഹായിക്കുന്ന ചാരിറ്റികൾക്ക് സഹായം നൽകാൻ മലാല ആളുകളോട് അഭ്യർത്ഥിച്ചു. അടിയന്തര വെടിനിർത്തലിനും ശാശ്വത സമാധാനത്തിനും വേണ്ടി പ്രവർത്തിക്കാൻ നൊബേൽ സമ്മാന ജേതാവ് ഭരണകൂടങ്ങളോട് അഭ്യർത്ഥിച്ചു.

അതേസമയം, യുഎസ് പ്രസിഡൻറ് ജോ ബൈഡൻ ഇസ്രായേൽ സന്ദർശിച്ച് അവരുടെ വാദങ്ങൾക്ക് വീണ്ടും പിന്തുണ നൽകി. ഗസ്സയിലെ അൽഅഹ്‌ലി ആശുപത്രിയിൽ ഇസ്‌ലാമിക് ജിഹാദാണ് ആക്രമണം നടത്തിയതെന്ന വാദത്തെ പിന്താങ്ങി. എന്നാൽ ആക്രമണത്തിൽ ദുഃഖം പ്രകടിപ്പിച്ചു. ഗസ്സയിലേക്കും വെസ്റ്റ് ബാങ്കിലേക്കും 100 മില്ല്യൻ ഡോളർ സഹായം ബൈഡൻ പ്രഖ്യാപിച്ചു. റഫ വഴി ഉത്പന്നങ്ങൾ അയക്കാൻ ഇസ്രായേൽ സമ്മതിച്ചതായി അദ്ദേഹം അറിയിച്ചു.

Activist and Nobel laureate Malala Yusuf Zai donates two and a half crore Rupees to Palestine

TAGS :

Next Story