Quantcast

'ബലി പെരുന്നാൾ, സഹായം ആവശ്യമുള്ളവരിലേക്ക് കൈകൾ നീട്ടാനുള്ള അവസരം'; ന്യൂയോര്‍ക്കിലെ ഈദ് ഗാഹിൽ പങ്കെടുത്ത് സൊഹ്റാൻ മംദാനി

നഗരവാസികൾക്ക് ഈദ് ആശംസകൾ നേർന്നുകൊണ്ട് മേയർ സൊഹ്റാൻ മംദാനി ഐക്യദാർഢ്യത്തിന്റെ സന്ദേശം പങ്കുവെച്ചു

MediaOne Logo

Web Desk

  • Published:

    28 May 2026 8:47 AM IST

ബലി പെരുന്നാൾ, സഹായം ആവശ്യമുള്ളവരിലേക്ക് കൈകൾ നീട്ടാനുള്ള അവസരം; ന്യൂയോര്‍ക്കിലെ ഈദ് ഗാഹിൽ പങ്കെടുത്ത് സൊഹ്റാൻ മംദാനി
X

ന്യൂയോര്‍ക്ക്: ന്യൂയോർക്ക് സിറ്റിയുടെ ആദ്യ മുസ്‍ലിം മേയറായ സൊഹ്റാൻ മംദാനി, ബ്രോങ്ക്‌സിലെ മക്കോംബ്സ് ഡാം പാർക്കിൽ നടന്ന പ്രത്യേക ഈദ് നമസ്കാരത്തിൽ നൂറുകണക്കിന് വിശ്വാസികൾക്കൊപ്പം പങ്കുചേർന്നു.

ഇസ്‌ലാമിക കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട ഈ ഉത്സവവേളയിൽ, പരസ്പര ഐക്യദാർഢ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ദുരിതമനുഭവിക്കുന്ന ന്യൂയോർക്കുകാരെ സഹായിക്കേണ്ടതിനെക്കുറിച്ചും മംദാനി ഊന്നിപ്പറഞ്ഞു.പെരുന്നാൾ പ്രമാണിച്ച് ന്യൂയോർക്ക് സിറ്റിയിലെ സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു.

നഗരവാസികൾക്ക് ഈദ് ആശംസകൾ നേർന്നുകൊണ്ട് മേയർ സൊഹ്റാൻ മംദാനി ഐക്യദാർഢ്യത്തിന്റെ സന്ദേശം പങ്കുവെച്ചു. പ്രവാചകൻ ഇബ്രാഹിമിന്‍റെ ത്യാഗസ്മരണ പുതുക്കുന്ന ഈ ദിനം, നമ്മളേക്കാൾ വലിയൊരു സാമൂഹിക ലക്ഷ്യത്തിന്റെ ഭാഗമാകാൻ നമ്മെ ഓർമ്മിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

"ന്യൂയോർക്ക് സിറ്റിയുടെ ആദ്യ മുസ്‍ലിം മേയറാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. നമ്മളെ നമ്മളായി മാത്രം കാണാതെ സമൂഹത്തിലെ അശരണരെയും അഗതികളെയും സഹായിക്കാനുള്ള അവസരമാണ് ബലിപെരുന്നാൾ. പരസ്പര ഐക്യദാർഢ്യത്തിലൂടെ നഗരത്തെ മുന്നോട്ട് നയിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഓരോ ന്യൂയോർക്കുകാരനും അവർക്കാവശ്യമായ ഭവനം, നിത്യോപയോഗ സാധനങ്ങൾ, കുട്ടികളുടെ പരിചരണം എന്നിവ താങ്ങാനാകുന്ന വിലയിൽ ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. നമ്മുടെ ഐക്യദാർഢ്യമാണ് നമ്മുടെ കരുത്ത്," മേയർ ഫേസ്ബുക്കിൽ കുറിച്ചു.

ഹജ്ജ് കര്‍മം നിര്‍വഹിക്കുന്ന ചിത്രങ്ങൾ ലണ്ടൻ മേയര്‍ സാദിഖ് ഖാനും കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. 'മനുഷ്യരുടെ സമത്വവും ഐക്യവും പ്രതിനിധീകരിക്കുന്ന, ജീവിതം മാറ്റിമറിക്കുന്ന മഹത്തായ തീര്‍ഥാടനമാണ് ഹജ്ജ്. ഇഹ്റാം വസ്ത്രം ധരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ തീര്‍ഥാടകരോടൊപ്പം നിന്നത് ദൈവത്തിന് മുന്‍പില്‍ എല്ലാവരും തുല്യരാണ് എന്ന സത്യത്തിന്റെ മനോഹരമായ ഓര്‍മ്മപ്പെടുത്തലാണ്' -അദ്ദേഹം പറഞ്ഞു.

TAGS :

Next Story