'ഭയപ്പെടുത്തി കീഴ്പ്പെടുത്താനാവില്ല, ഭാവി നമ്മുടെ കൈകളില്‍': നന്ദി പറഞ്ഞ് മംദാനി
''എല്ലാ ദിവസവും രാവിലെ ഞാൻ ഉണരുന്നത് ഒരു പ്രത്യേക ലക്ഷ്യത്തോടെയാണ്, ഈ നഗരത്തെ തലേദിവസത്തേക്കാൾ മികച്ചതാക്കുക''- നിറഞ്ഞ കയ്യടികൾക്കിടെ മംദാനി പറഞ്ഞു

സൊഹ്റാന്‍ മംദാനി Photo-AP
ന്യൂയോര്‍ക്ക്: ഭയപ്പെടുത്തി കീഴ്പ്പെടുത്താനാവില്ലെന്നും ഭാവി നമ്മുടെ കയ്യിലാണെന്നും അനുയായികളെ അഭിസംബോധന ചെയ്ത് സൊഹ്റാന്‍ മംദാനി. ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെയാണ് അദ്ദേഹം അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളോട് നന്ദി പറഞ്ഞാണ് അദ്ദേഹം തന്റെ പ്രസംഗം തുടങ്ങിയത്.
'ഭാവി നമ്മുടെ കൈകളിലാണ്, സുഹൃത്തുക്കളേ, നമ്മളൊരു രാഷ്ട്രീയ രാജവംശത്തെ തന്നെ അട്ടിമറിച്ചിരിക്കുന്നു. മാറ്റത്തിനായുള്ള ജനവിധിയാണ് നിങ്ങള്‍ നൽകിയിരിക്കുന്നത്. പുതിയൊരു തരം രാഷ്ട്രീയത്തിനായുള്ള ജനവിധി, ഞങ്ങൾക്ക് താങ്ങാൻ കഴിയുന്ന ഒരു നഗരത്തിനായുള്ള ജനവിധി. ജനുവരി 1ന്, ന്യൂയോർക്ക് നഗരത്തിന്റെ മേയറായി സത്യപ്രതിജ്ഞ ചെയ്യും'- സൊഹ്റാന്‍ മംദാനി പറഞ്ഞു. ഈ നഗരം നിങ്ങളുടെ നഗരമാണ്, ഈ ജനാധിപത്യവും നിങ്ങളുടേതാണ്. കറുത്ത വർഗക്കാർക്കും കുടിയേറ്റക്കാർക്കും ജൂതർക്കും വേണ്ടി പോരാടുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
''നിങ്ങൾ ഒരു കുടിയേറ്റക്കാരനായാലും, ട്രാൻസ് കമ്മ്യൂണിറ്റിയിലെ അംഗമായാലും, ഡൊണാൾഡ് ട്രംപ് ഫെഡറൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ട നിരവധി കറുത്ത സ്ത്രീകളിൽ ഒരാളായാലും, പലചരക്ക് സാധനങ്ങളുടെ വില കുറയാൻ കാത്തിരിക്കുന്ന ഒരു സിംഗിൾ അമ്മയായാലും, അല്ലെങ്കിൽ മതിലിന് നേരെ പുറംതിരിഞ്ഞു നിൽക്കുന്ന മറ്റാരെങ്കിലുമായാലും, നിങ്ങളുടെ പോരാട്ടം ഞങ്ങളുടേതാണ്''- അദ്ദേഹം പറഞ്ഞു.
''എല്ലാ ദിവസവും രാവിലെ ഞാൻ ഉണരുന്നത് ഒരു പ്രത്യേക ലക്ഷ്യത്തോടെയാണ്, ഈ നഗരത്തെ തലേദിവസത്തേക്കാൾ നിങ്ങൾക്ക് മികച്ചതാക്കുക''- നിറഞ്ഞ കയ്യടികള്‍ക്കിടെ അദ്ദേഹം പറഞ്ഞു.
ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യൻ വംശജനും ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നേതാവുമായ സൊഹ്‌റാൻ മംദാനി ഉജ്ജ്വല വിജയമാണ് നേടിയത്. സ്വതന്ത്രനായി മത്സരിച്ച മുന്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രു കുമോയെയാണ് പരാജയപ്പെടുത്തിയത്. 34 കാരനായ മംദാനി ന്യൂയോര്‍ക്കിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറാണ്. മംദാനിയെ പരാജയപ്പെടുത്താൻ പരസ്യമായി ആഹ്വാനം ചെയ്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടിയാണ് മംദാനിയുടെ വിജയം.
Adjust Story Font
16

