ട്രംപ് അകത്തുള്ളപ്പോൾ വൈറ്റ് ഹൗസിന്റെ ഗേറ്റിലേക്ക് കാറിടിച്ചു കയറ്റി; ഒരാൾ അറസ്റ്റിൽ
അപകടം മനഃപൂർവമായിരുന്നോ എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്

photo| The Washington Post
വാഷിങ്ടണ്‍: വൈറ്റ് ഹൗസിന് പുറത്തുള്ള സുരക്ഷാ ഗേറ്റിലേക്ക് കാർ ഇടിച്ചുകയറ്റിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ചൊവ്വാഴ്ച രാത്രി 10.37 ന് വൈറ്റ് ഹൗസ് പ്രവേശന കവാടത്തിലെ സുരക്ഷാ ഗേറ്റിലേക്കാണ് ഒരാള്‍ വാഹനമിടിച്ചുകയറ്റിയതെന്ന് യുഎസ് സീക്രട്ട് സർവീസ് അറിയിച്ചു. സീക്രട്ട് സർവീസിന്റെ ഉദ്യോഗസ്ഥർ ഉടൻ അയാളെ അറസ്റ്റ് ചെയ്തതായി ഏജൻസി അറിയിച്ചു.
അപകടത്തെക്കുറിച്ചോ, ഡ്രൈവറുടെ ഐഡന്റിറ്റിയെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല. അപകടമുണ്ടാക്കിയതിന്‍റെ കാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചെന്നും സംശയകരമായ ഒന്നും കണ്ടെത്തിയില്ലെന്നും സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ പ്രസ്താവനയിൽ പറഞ്ഞു. നിയമവിരുദ്ധമായി വൈറ്റ് ഹൗസിലേക്ക് പ്രവേശിച്ചതിനും സർക്കാർ സ്വത്ത് നശിപ്പിച്ചതിനും ഇയാൾക്കെതിരെ കുറ്റം ചുമത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപകടം നടക്കുന്ന സമയത്ത് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലുണ്ടായിരുന്നെന്നും എന്നാല്‍ അദ്ദേഹത്തിന് നേരെ ഒരു ഭീഷണിയും ഉണ്ടായിട്ടില്ലെന്നും 'ദി ന്യൂയോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്യുന്നു . ഗേറ്റിലേക്ക് ഇടിച്ചുകയറിയത് മേരിലാൻഡ് ലൈസൻസ് പ്ലേറ്റുകളുള്ള 2010 അക്യൂറ ടിഎസ്എക്സ് വാഹനമാണെന്ന് ഔട്ട്ലെറ്റ് റിപ്പോർട്ട് ചെയ്തു.വൈറ്റ് ഹൗസ് സമുച്ചയത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള ഒരു സുരക്ഷാ ചെക്ക്‌പോസ്റ്റിന് സമീപം ഇടിച്ചുകയറിയ കാറിന്‍റെ ഫോട്ടോയും പുറത്ത് വിട്ടിട്ടുണ്ട്.അപകടം മനഃപൂർവമായിരുന്നോ എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
നേരത്തെയും വൈറ്റ് ഹൗസിന്‍റെ ഗേറ്റിന് മുന്നിലേക്ക് വാഹനം ഇടിച്ചുകയറ്റിയ സംഭവമുണ്ടായിരുന്നു.2023 മെയ് മാസത്തിൽ വാടകയ്‌ക്കെടുത്ത യു-ഹോൾ ട്രക്ക് വൈറ്റ് ഹൗസിന്‍റെ ഗേറ്റിൽ ഡ്രൈവർ ഇടിച്ചിരുന്നു.അന്നത്തെ പ്രസിഡന്റ് ജോ ബൈഡനെ കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി ഇയാള്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു.
Adjust Story Font
16

