Quantcast

അന്തരിച്ച എലിസബത്ത് രാ‍ജ്ഞിക്കായി ഉംറ ചെയ്യാൻ മക്കയിലെത്തിയ ആൾ അറസ്റ്റിൽ

ബാനറുകളും മുദ്രാവാക്യങ്ങളും ഉയർത്തി മക്കയിലേക്ക് വരുന്നതിന് സൗദി ഭരണകൂടം വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

MediaOne Logo

Web Desk

  • Updated:

    2022-09-13 11:49:43.0

Published:

13 Sep 2022 9:34 AM GMT

അന്തരിച്ച എലിസബത്ത് രാ‍ജ്ഞിക്കായി ഉംറ ചെയ്യാൻ മക്കയിലെത്തിയ ആൾ അറസ്റ്റിൽ
X

മക്ക: അന്തരിച്ച എലിസബത്ത് രാജ്ഞിക്ക് വേണ്ടി ഉംറ തീർഥാടനം നിർവഹിക്കാൻ മുസ്‌ലിം പുണ്യനഗരമായ മക്കയിലേക്ക് എത്തിയ ആൾ അറസ്റ്റിൽ. താൻ ഉംറ നിർവഹിക്കാൻ മക്കയിലെത്തിയതാണെന്നും അന്തരിച്ച എലിസബത്ത് രാജ്ഞിക്കു വേണ്ടിയാണ് തന്റെ കർമമെന്നും വ്യക്തമാക്കിയുള്ള വീഡിയോ ഇയാൾ പങ്കുവച്ചിരുന്നു. ഇത് സൗദിയിൽ വ്യാപകമായി പ്രചരിക്കുകയും നിരവധി പേർ ഇയാൾക്കെതിരെ നടപടിയാവശ്യപ്പെട്ട് രം​ഗത്തെത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സൗദി പൊലീസ് നടപടി.

യെമനി പൗരനാണ് അറസ്റ്റിലായതെന്ന് സൗദി അധികൃതർ അറിയിച്ചു. തിങ്കളാഴ്ചയാണ് മക്കയിലെ മസ്ജിദുൽ ഹറമിലെത്തി ഇയാൾ വീഡിയോ ചെയ്തത്. "അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ ആത്മാവിനു വേണ്ടിയുള്ള ഉംറ. സത്യവിശ്വാസികൾക്കൊപ്പം അവരെയും സ്വർ​ഗത്തിൽ പ്രവേശിപ്പിക്കാൻ ദൈവത്തോട് അപേക്ഷിക്കുന്നു" എന്നെഴുതിയ ബാനർ പിടിച്ചുകൊണ്ടായിരുന്നു ഇയാളുടെ വീഡിയോ പ്രകടനം.

ബാനറുകളും മുദ്രാവാക്യങ്ങളും ഉയർത്തി മക്കയിലേക്ക് വരുന്നതിന് സൗദി ഭരണകൂടം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇത് ലംഘിച്ചായിരുന്നു ഇയാളുടെ രം​ഗപ്രവേശം. മരണപ്പെട്ട മുസ്‌ലിങ്ങൾക്കു വേണ്ടി ഉംറ നിർവഹിക്കുന്നത് സ്വീകാര്യമാണെങ്കിലും ഇതര മതസ്ഥർക്കായി അത് ചെയ്യാൻ പാടില്ല. അന്തരിച്ച എലിസബത്ത് രാജ്ഞി ലോകമെമ്പാടുമുള്ള ആംഗ്ലിക്കൻ സമുദായങ്ങളുടെ മാതൃസഭയായ ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പരമോന്നത ഗവർണറും കൂടിയായിരുന്നു.

ഉംറയുടെ എല്ലാവിധ നിർദേശങ്ങളും ചട്ടങ്ങളും ലംഘിച്ച് മസ്ജിദുൽ ഹറമിൽ ബാനറുമായി പ്രവേശിച്ച യെമനി പൗരനെ സുരക്ഷാ ഉദ്യോ​ഗസ്ഥർ അറസ്റ്റ് ചെയ്തതായി സൗദി ​അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അറസ്റ്റ് ചെയ്ത ഇയാളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായും പ്രസ്താവനയിൽ പറയുന്നു.

അതേസമയം, വിവാദ വീഡിയോ ക്ലിപ്പ് ഉൾപ്പെട്ട സംഭവം സൗദി മാധ്യമങ്ങൾ സംപ്രേഷണം ചെയ്തെങ്കിലും ബാനറിലെ വാചകങ്ങൾ അവ്യക്തമാക്കി. ഹജ്ജിൽ നിന്ന് വ്യത്യസ്തമായി എപ്പോൾ വേണമെങ്കിലും നടത്താവുന്ന ഒരു തീർഥാടനമാണ് ഉംറ. വ്യാഴാഴ്ചയാണ് എലിസബത്ത് രാജ്ഞി അന്തരിച്ചത്. സെപ്തംബർ 19നാണ് രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾ നടക്കുക.

TAGS :

Next Story