Quantcast

'ഓപ്പറേഷൻ എപിക് ഫ്യൂറി' പൂർത്തിയായി, ഇറാനിൽ ഇനി വ്യോമാക്രമണം നടത്തില്ലെന്ന് മാര്‍ക്കോ റൂബിയോ; ചോദ്യം ചെയ്ത് ഡെമോക്രാറ്റുകള്‍

ഓപ്പറേഷന്റെ പേര് മാറ്റിയതുകൊണ്ട് മാത്രം യുദ്ധഭൂമിയിലെ യാഥാർത്ഥ്യം മാറില്ലെന്ന് കാലിഫോർണിയയിൽ നിന്നുള്ള ഡെമോക്രാറ്റിക് അംഗം

MediaOne Logo
ഓപ്പറേഷൻ എപിക് ഫ്യൂറി പൂർത്തിയായി, ഇറാനിൽ ഇനി വ്യോമാക്രമണം നടത്തില്ലെന്ന് മാര്‍ക്കോ റൂബിയോ; ചോദ്യം ചെയ്ത് ഡെമോക്രാറ്റുകള്‍
X

വാഷിങ്ടണ്‍: ഇറാനുമായുള്ള യുദ്ധം അവസാനിച്ചെന്ന മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ.

മേഖലയിൽ ഇപ്പോഴും വ്യോമാക്രമണങ്ങളും സംഘർഷങ്ങളും തുടരുന്ന പശ്ചാത്തലത്തിലാണ് റൂബിയോയുടെ ഈ പ്രസ്താവന. യുഎസ് പ്രതിനിധി സഭയുടെ വിദേശകാര്യ സമിതിക്ക് മുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "ഇറാന്റെ സൈനിക ശേഷി തകർക്കുന്നതിനായി ഞങ്ങൾ നടത്തിവന്ന 'ഓപ്പറേഷൻ എപിക് ഫ്യൂറി' അവസാനിച്ചു. അതിനാൽ ഇനി ഇറാനിൽ യുഎസ് നേരിട്ടുള്ള വ്യോമാക്രമണങ്ങൾ നടത്തില്ല"- അദ്ദേഹം പറഞ്ഞു.

യുദ്ധത്തിൽ അമേരിക്ക വിജയം കൈവരിച്ചതായും റൂബിയോ അവകാശപ്പെട്ടു. ഇറാന്റെ പ്രതിരോധ വ്യാവസായിക അടിത്തറ തകർക്കുക, മിസൈൽ ലോഞ്ചറുകളും ഡ്രോൺ ശേഖരവും ഗണ്യമായി കുറയ്ക്കുക, അവരുടെ വ്യോമസേനയുടെ അവശിഷ്ടങ്ങളും നാവികസേനയും പൂർണ്ണമായി ഇല്ലാതാക്കുക എന്നിവയായിരുന്നു അമേരിക്കയുടെ ലക്ഷ്യമെന്നും അവയെല്ലാം കൈവരിക്കാൻ കഴിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു.

എന്നാൽ റൂബിയോയുടെ ഈ അവകാശവാദങ്ങൾക്കെതിരെ ഡെമോക്രാറ്റിക് പ്രതിനിധികൾ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. അടിയും തിരിച്ചടിയും ഇപ്പോഴും തുടരുകയാണെന്നും പശ്ചിമേഷ്യയില്‍ സംഘർഷം കനക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി. ബുധനാഴ്ച കുവൈത്ത് വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാൻ ആക്രമണം ചൂണ്ടിക്കാട്ടിയായിരുന്നു ഡെമോക്രാറ്റുകളുടെ പ്രതികരണം. ഓപ്പറേഷന്റെ പേര് മാറ്റിയതുകൊണ്ട് മാത്രം യുദ്ധഭൂമിയിലെ യാഥാർത്ഥ്യം മാറില്ലെന്ന് കാലിഫോർണിയയിൽ നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധി സാറാ ജേക്കബ്സ്, റൂബിയോയോട് പറഞ്ഞു.

ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോര്‍മുസ് ഇപ്പോഴും ഇറാൻ അടച്ചിട്ടിരിക്കുകയാണെന്നും യുഎസ് സൈനികർ ഇപ്പോഴും അപകടമേഖലയിലാണെന്നും അവർ ഓർമ്മിപ്പിച്ചു. ഫെബ്രുവരി 28ന് ആരംഭിച്ച യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തോടെയാണ് മിഡിൽ ഈസ്റ്റ് വലിയൊരു യുദ്ധത്തിലേക്ക് വഴിമാറിയത്. ഇതിന് തിരിച്ചടിയായാണ് ഹോർമുസ് അടയ്ക്കാനും യുഎസ് സഖ്യകക്ഷികളെ ലക്ഷ്യമിടാനും ഇറാൻ മുതിർന്നത്. അതേസമയം നിലവിൽ ഇറാനുമായി നടക്കുന്ന സമാധാന ചർച്ചകളെക്കുറിച്ചും റൂബിയോ ജനപ്രതിനിധികളെ അറിയിച്ചു. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തെക്കുറിച്ചാണ് ഇപ്പോൾ പ്രധാനമായും ചർച്ചകൾ നടക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

TAGS :

Next Story