Quantcast

കാറില്ല, ടിവിയില്ല, സ്വന്തമായി വീടുമില്ല'; 3 കോടി രൂപയോളം വരുമാനമുള്ള എഞ്ചിനീയറുടെ വിരമിക്കൽ തന്ത്രം ഇങ്ങനെ

"എനിക്ക് വേണമെങ്കിൽ കൂടുതൽ ഫർണിച്ചറുകൾ വാങ്ങാനോ ആഡംബരമായി ജീവിക്കാനോ ഉള്ള പണമുണ്ട്. എന്നാൽ ഞാൻ നയിക്കുന്ന ഈ ജീവിതശൈലി ബോധപൂർവ്വമുള്ളതാണ് . അധികം ഉപയോഗിക്കാത്ത സാധനങ്ങൾ വാങ്ങി ഫ്ലാറ്റ് നിറയ്ക്കുന്നതിനേക്കാൾ, നിലവിൽ ഞാൻ മുൻഗണന നൽകുന്നത് നിക്ഷേപങ്ങൾക്കും യാത്രകൾക്കും എന്റെ ഹോബികൾക്കുമാണെന്നാണ് റെയ്മണ്ട് സെങ് പറയുന്നത്

MediaOne Logo
കാറില്ല, ടിവിയില്ല, സ്വന്തമായി വീടുമില്ല; 3 കോടി രൂപയോളം വരുമാനമുള്ള എഞ്ചിനീയറുടെ വിരമിക്കൽ തന്ത്രം ഇങ്ങനെ
X

സാൻ ഫ്രാൻസിസ്കോ: പ്രതിവർഷം 3,06,500 ഡോളർ (ഏകദേശം 3 കോടി രൂപ) ശമ്പളമുള്ള ഒരു യുവാവിന്റെ ജീവിതശൈലി എങ്ങനെയായിരിക്കും? ആഡംബര കാറുകളും വലിയ ബംഗ്ലാവുകളും ആധുനിക ഗാഡ്‌ജെറ്റുകളുമൊക്കെ മനക്കണ്ണിൽ തെളിയാം. എന്നാൽ ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റായിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ റെയ്മണ്ട് സെങ് (24) എന്ന യുവാവ് ഇതിൽ നിന്നെല്ലാം വ്യത്യസ്തനാണ്. സ്വന്തമായി കാറോ, ടിവിയോ, ഒരു സോഫയോ പോലുമില്ലാത്ത തികച്ചും ലളിതമായ ഒരു ജീവിതശൈലിയാണ് ഈ ഇരുപത്തിനാലുകാരൻ നയിക്കുന്നത്. ബിസിനസ് ഇൻസൈഡറിന് നൽകിയ അഭിമുഖത്തിലാണ്, തന്റെ 30-ാം വയസ്സിൽ ജോലിയിൽ നിന്ന് വിരമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള തൻ്റെ ആസൂത്രിത ജീവിതരീതിയെക്കുറിച്ച് റെയ്മണ്ട് മനസ്സ് തുറന്നത്.

ടെക്സസിലെ ഡാളസിൽ നിന്നും എട്ട് മാസം മുൻപാണ് റെയ്മണ്ട് സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലേക്ക് മാറുന്നത്. തന്റെ ജീവിതസാഹചര്യങ്ങൾ കണ്ട് സുഹൃത്തുക്കൾ പലപ്പോഴും ഇതിനെ പിശുക്കൻ ജീവിതമെന്ന് വിളിക്കാറുണ്ടെന്നാണ് റെയ്മണ്ട് പറയുന്നത്. "എനിക്ക് വേണമെങ്കിൽ കൂടുതൽ ഫർണിച്ചറുകൾ വാങ്ങാനോ ആഡംബരമായി ജീവിക്കാനോ ഉള്ള പണമുണ്ട്. എന്നാൽ ഞാൻ നയിക്കുന്ന ഈ ജീവിതശൈലി ബോധപൂർവ്വമുള്ളതാണ് . അധികം ഉപയോഗിക്കാത്ത സാധനങ്ങൾ വാങ്ങി ഫ്ലാറ്റ് നിറയ്ക്കുന്നതിനേക്കാൾ, നിലവിൽ ഞാൻ മുൻഗണന നൽകുന്നത് നിക്ഷേപങ്ങൾക്കും യാത്രകൾക്കും എന്റെ ഹോബികൾക്കുമാണെന്നാണ് റെയ്മണ്ട് സെങ് പറയുന്നത്.

റെയ്മണ്ടിന്റെ നിക്ഷേപ രീതികൾ ഏതൊരാളെയും അത്ഭുതപ്പെടുത്തുന്നതാണ്. ബോണസും സ്റ്റോക്കുകളും ഉൾപ്പെടെ ഏകദേശം 7.6 ലക്ഷം രൂപയാണ് മാസ വരുമാനം. ഇതിൽ 60 ശതമാനവും ബോണസ്, സ്റ്റോക്ക് ഇനങ്ങളിലാണ് ലഭിക്കുന്നത്. നികുതികളും വിരമിക്കൽ ഫണ്ടുകളിലേക്കുള്ള വിഹിതവും കഴിച്ചാൽ മാസം 4 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന് തുകയായി ലഭിക്കുന്നത്. ബോണസും സ്റ്റോക്കുകളും ലഭിക്കുന്നതനുസരിച്ച് റെയ്മണ്ടിന്റെ മാസ സമ്പാദ്യം 5 ലക്ഷം രൂപ മുതൽ 19 ലക്ഷം രൂപ വരെയാകാം.

തന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക് വിരമിക്കൽ അക്കൗണ്ടുകളിലേക്കും ബ്രോക്കറേജ് പോർട്ട്‌ഫോളിയോകളിലേക്കും മാറ്റി നിക്ഷേപം നടത്തുകയാണ് ഇദ്ദേഹത്തിന്റെ രീതി. സ്വന്തമായി രൂപകൽപ്പന ചെയ്ത ഒരു ബഡ്ജറ്റിംഗ് സ്‌പ്രെഡ്‌ഷീറ്റ് ഉപയോഗിച്ച് തന്റെ ഓരോ ചെറിയ ചെലവുകൾ പോലും ഇദ്ദേഹം കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്.

ആഗോളതലത്തിൽ തരംഗമായ 'ഫയർ' (FIRE - Financial Independence, Retire Early) എന്ന ആശയത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് റെയ്മണ്ടിന്റെ ജീവിതം. പദ്ധതികൾ കൃത്യമായി നടന്നാൽ തനിക്ക് 30-ാം വയസ്സിൽ 19 കോടിയിലധികം രൂപയുടെ നിക്ഷേപമുണ്ടാകുമെന്നും, 40-ാം വയസ്സിൽ അത് 67 കോടി രൂപയായി വളരുമെന്നും റെയ്മണ്ട് വ്യക്തമാക്കുന്നു.

TAGS :

Next Story