ഉപാധികൾ തള്ളി ട്രംപ്; കരാറിൽ എത്തിയില്ലെങ്കിൽ ഇറാനെ പൂർണമായി തകർക്കുമെന്ന് മുന്നറിയിപ്പ്; തിരിച്ചടിക്കാൻ തയ്യാറെന്ന് ഇറാൻ
ഇറാനെ സൈനികമായോ സാമ്പത്തികമായോ തകർക്കുക അല്ലെങ്കിൽ അവർ കരാറിന് തയ്യാറാവുക എന്നത് മാത്രമാണ് തന്റെ മുന്നിലുള്ളതെന്ന് ട്രംപ് പറഞ്ഞു

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾക്ക് അയവുവരാതെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. ഇറാൻ മുന്നോട്ടുവെച്ച ഏഴിന ഉപാധികൾ തള്ളിക്കളഞ്ഞ ട്രംപ്, പുതിയ കരാറിലെത്തിയില്ലെങ്കിൽ ഇറാനെ പൂർണമായും തകർക്കുകയോ അല്ലെങ്കിൽ സാമ്പത്തികമായി തകരാൻ വിടുകയോ ചെയ്യുമെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഇറാനെ സൈനികമായോ സാമ്പത്തികമായോ തകർക്കുക, അല്ലെങ്കിൽ അവർ കരാറിന് തയ്യാറാവുക എന്നത് മാത്രമാണ് തന്റെ മുന്നിലുള്ളതെന്നും ട്രംപ് കൂട്ടിച്ചേർത്തു. വിഷയം ചർച്ച ചെയ്യുന്നതിനായി സുപ്രധാന ജി.സി.സി-യുഎസ് ഉച്ചകോടി ന്യൂയോർക്കിൽ ചേരാനിരിക്കെയാണ് അമേരിക്കൻ പ്രസിഡന്റ് നിലപാട് കടുപ്പിച്ചത്.
അമേരിക്ക ആക്രമണം പുനരാരംഭിച്ചാൽ പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളും തകർക്കുമെന്ന് ഇറാനും തിരിച്ചടിച്ചു. ഇറാൻ സൈനിക ആസ്ഥാനമായ 'ഖതമുൽ അമ്പിയ'യും ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആക്രമണമുണ്ടായാൽ കഴിഞ്ഞ ആറു മാസമായി പ്രതിരോധിച്ചതുപോലെ അതിശക്തമായി തിരിച്ചടിക്കുമെന്നും പശ്ചിമേഷ്യയിലുടനീളമുള്ള യുഎസ് കേന്ദ്രങ്ങൾ ആക്രമിക്കുമെന്നും അവർ വ്യക്തമാക്കി. മേഖലയിൽ സുസ്ഥിര സമാധാനം മുൻനിർത്തിയുള്ള ഏതൊരു ചർച്ചയുമായും സഹകരിക്കാൻ തയ്യാറാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും അറിയിച്ചു.
പാക് ആഭ്യന്തരമന്ത്രി മൊഹ്സിൻ നഖ്‌വി ഇറാൻ നേതാക്കളുമായി നിരന്തരം കൂടിക്കാഴ്ചകളും ചർച്ചകളും നടത്തുന്നുണ്ട്. അമേരിക്കൻ വിസ ലഭിച്ച ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ന്യൂയോർക്കിലേക്ക് തിരിക്കുന്നതിന് മുൻപായി ഖത്തറിലെത്തി അവിടുത്തെ നേതൃത്വവുമായി കൂടിയാലോചന നടത്തും.
നയതന്ത്ര തലത്തിൽ പ്രത്യക്ഷ ചർച്ചകൾക്ക് ഇതുവരെ വഴിതുറന്നിട്ടില്ലെങ്കിലും ഖത്തറും പാകിസ്താനും മധ്യസ്ഥ രാജ്യങ്ങളായി നിന്ന് പ്രശ്നപരിഹാരത്തിനായുള്ള നീക്കങ്ങൾ തുടരുകയാണ്.
Adjust Story Font
16

