Quantcast

മിസ് ഇന്ത്യ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോവിഡ്; ലോകസുന്ദരി മത്സരം മാറ്റിവച്ചു

വ്യാഴാഴ്ച പ്യൂർട്ടോ റിക്കോയില്‍ നടക്കേണ്ടിയിരുന്ന മത്സരമാണ് മാറ്റിവച്ചത്

MediaOne Logo

Web Desk

  • Published:

    17 Dec 2021 5:38 AM GMT

മിസ് ഇന്ത്യ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോവിഡ്; ലോകസുന്ദരി മത്സരം മാറ്റിവച്ചു
X

മിസ് ഇന്ത്യ മാനസ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 70ാമത് മിസ് വേള്‍ഡ് മത്സരം മാറ്റിവച്ചു. വ്യാഴാഴ്ച പ്യൂർട്ടോ റിക്കോയില്‍ നടക്കേണ്ടിയിരുന്ന മത്സരമാണ് മാറ്റിവച്ചത്. മത്സരാർഥികൾ, സ്റ്റാഫ്, ക്രൂ, പൊതുജനങ്ങൾ എന്നിവരുടെ ആരോഗ്യസുരക്ഷാര്‍ഥം പ്യൂർട്ടോ റിക്കോയില്‍ നടക്കേണ്ടിയിരുന്ന മിസ് വേള്‍ഡ് ഫിനാലെ മാറ്റിവച്ചതായി സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അടുത്ത 90 ദിവസത്തിനുള്ളില്‍ മത്സരം നടക്കും.

മത്സരാര്‍ഥികളോട് അവരവരുടെ രാജ്യങ്ങളിലേക്ക് മടങ്ങാന്‍ മിസ് വേള്‍ഡ് ഓര്‍ഗനൈസേഷന്‍ നിര്‍ദേശിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ സ്‌റ്റേജിലും ഡ്രസ്സിങ് റൂമുകളിലും ഉള്‍പ്പെടെ മുന്‍കരുതല്‍ സ്വീകരിച്ചിരുന്നെങ്കിലും പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്ത അടിസ്ഥാനത്തില്‍ ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശപ്രകാരമാണ് മത്സരം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതെന്നു മിസ് വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പോസിറ്റീവായവരെ ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചെന്നും ഇവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയശേഷമാകും നാട്ടിലേക്കു തിരിച്ചയക്കുകയെന്നും അവര്‍ വ്യക്തമാക്കി. ''ഞങ്ങളുടെ മത്സരാർഥികളുടെ തിരിച്ചുവരവിനായി ഞങ്ങൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്'' മിസ് വേള്‍ഡ് ലിമിറ്റഡ് സി.ഇ.ഒ ജൂലിയ മോർലി പറഞ്ഞു.

മിസ് സൗത്ത് ആഫ്രിക്ക 2020 ഷുദുഫദ്‌സോ മുസിദ ഫൈനലിന് മുന്നോടിയായി രാത്രിയില്‍ രാജ്യത്തിന്‍റെ പതാക ഉയർത്തിയിരുന്നു. പ്രാഥമിക മത്സരങ്ങളിലും അഭിമുഖങ്ങളിലും പങ്കെടുത്ത് ബ്യൂട്ടി വിത്ത് എ പർപ്പസ് ടോപ്പ് 10 ൽ ഇടം നേടിയ സുന്ദരിയാണ് മുസിദ. ലോകസുന്ദരി മത്സരവേദിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് തെലങ്കാന സ്വദേശിയായ മാനസ വാരാണസിയാണ്. ഫെബ്രുവരിയില്‍ നടന്ന മത്സരത്തിലാണ് മാനസ മിസ് ഇന്ത്യ പട്ടം നേടിയത്. 23 വയസുകാരിയായ മാനസ, ഫിനാന്‍ഷ്യന്‍ ഇന്‍ഫര്‍മേഷന്‍ എക്‌സ്‌ചേഞ്ചില്‍ അനലിസ്റ്റ് ആണ്.

TAGS :

Next Story