ഗസ്സയിൽ ഇസ്രായേൽ പരിധി വിടുകയാണെന്ന് പകുതിയലധികം അമേരിക്കക്കാര്‍: അഭിപ്രായ സര്‍വെ
2023 നവംബറിൽ 40 ശതമാനം പേരാണ് അമേരിക്കയിൽ ഇസ്രായേലിന്‍റെ സൈനിക നടപടിക്കെതിരെ രംഗത്തെത്തിയതെങ്കിൽ ഇപ്പോൾ അത് 50 ശതാനമായി ഉയര്‍ന്നിരിക്കുകയാണ്

വാഷിങ്ടൺ: അന്താരാഷ്ട്ര സമ്മര്‍ദ്ദത്തയെും പ്രതിഷേധത്തെയും അവഗണിച്ച് ഗസ്സയിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഗസ്സയിലെ മാനുഷിക ദുരന്തത്തെക്കുറിച്ച് അന്താരാഷ്ട്ര തലത്തിൽ ആശങ്ക വർധിച്ചുവരുന്ന ഈ സമയത്ത് ഫലസ്തീൻ പ്രദേശത്തെ ഇസ്രായേലിന്‍റെ സൈനിക നടപടി യുദ്ധത്തിന്‍റെ തുടക്കത്തേക്കാൾ അതിരുകടക്കുന്നതായി ഭൂരിഭാഗം അമേരിക്കക്കാരും അഭിപ്രായപ്പെടുന്നു. ഇസ്രായേലിന്‍റെ അതിക്രമങ്ങൾക്കുള്ള പിന്തുണ കുറയുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. അസോസിയേറ്റഡ് പ്രസും നോർക് സെന്‍റർ ഫോർ പബ്ലിക് അഫയേഴ്‌സ് റിസർച്ചും ചേർന്ന് നടത്തിയ സർവേയിലാണ് രാജ്യത്ത് 50 ശതമാനം അമേരിക്കക്കാരും ഇസ്രായേലിനെ എതിര്‍ക്കുന്നതായി വ്യക്തമാക്കിയത്.
2023 നവംബറിൽ 40 ശതമാനം പേരാണ് അമേരിക്കയിൽ ഇസ്രായേലിന്‍റെ സൈനിക നടപടിക്കെതിരെ രംഗത്തെത്തിയതെങ്കിൽ ഇപ്പോൾ അത് 50 ശതാനമായി ഉയര്‍ന്നിരിക്കുകയാണ്. അതേ സമയം, മൊത്തത്തിൽ അമേരിക്കക്കാർ, പ്രത്യേകിച്ച് റിപ്പബ്ലിക്കൻമാർ, വെടിനിർത്തൽ ചർച്ചകൾക്ക് യുഎസ് ഗവൺമെന്‍റ് ഉയർന്ന മുൻഗണന നൽകണമെന്ന് പറയാനുള്ള സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ട്.
ഗസ്സയിലെ ഫലസ്തീനികൾക്ക് സഹായം നൽകേണ്ടത് അത്യാവശ്യമാണെന്ന് അമേരിക്കയിലെ 45% മുതിര്‍ന്നവരും അഭിപ്രായപ്പെടുന്നു. ഹമാസിനെ പരാജയപ്പെടുത്താനുള്ള ഇസ്രായേൽ സൈന്യത്തിന്‍റെ ശ്രമങ്ങളെ പിന്തുണയ്ക്കുമ്പോൾ തന്നെ, മാനുഷിക സഹായങ്ങൾക്ക് മുൻഗണന നൽകേണ്ടത് ട്രംപിന്‍റെ റിപ്പബ്ലിക്കൻ ഭരണകൂടത്തിന് നിർണായകമാണെന്ന് മിയാമിയിൽ നിന്നുള്ള 55 കാരനായ മിഗുവൽ മാർട്ടിനെസ് പറഞ്ഞു. ഹമാസിനെ പരാജയപ്പെടുത്താനുള്ള ഇസ്രായേലിന്‍റെ ലക്ഷ്യത്തെ മാർട്ടിനെസ് പിന്തുണയ്ക്കുന്നു. പക്ഷേ സംഘർഷം നീണ്ടുനിൽക്കുന്നതിൽ അദ്ദേഹം ആശങ്കാകുലനാണ്. ഗസ്സയിൽ എല്ലാവരും ശത്രുക്കളല്ലെന്നും അവര്‍ക്ക് സഹായം ആവശ്യമാണെന്നും മാര്‍ട്ടിനെസ് ചൂണ്ടിക്കാണിക്കുന്നു.
ഗസ്സ സിറ്റിയിൽ ഇസ്രായേൽ വിപുലമായ കരയാക്രമണം ആരംഭിച്ചതോടെയാണ് ഇസ്രായേലിന്‍റെ നടപടികളോടുള്ള അമേരിക്കൻ മനോഭാവത്തിൽ മാറ്റം വരുന്നത് . ഗസ്സയിലെ അവരുടെ പെരുമാറ്റത്തെക്കുറിച്ച് ഇസ്രായേൽ അന്താരാഷ്ട്രതലത്തിൽ കൂടുതൽ വിമർശനം നേരിടുകയാണ്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ ഈ ആഴ്ച നിയോഗിച്ച സ്വതന്ത്ര വിദഗ്ധരുടെ ഒരു സംഘം ഇസ്രായേൽ വംശഹത്യ നടത്തുകയാണെന്ന് നിഗമനത്തിലെത്തിയതായി പ്രഖ്യാപിച്ചു .
ഇതിനോടകം ഇസ്രായേൽ ഗസ്സയുടെ വിശാലമായ പ്രദേശങ്ങൾ തകര്‍ത്തുതരിപ്പണമാക്കിക്കളഞ്ഞിട്ടുണ്ട്. ജനസംഖ്യയുടെ 90 ശതമാനം പേരും പലായനം ചെയ്യാൻ നിര്‍ബന്ധിതരായി. ഗസ്സ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം യുദ്ധത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 65000 കവിഞ്ഞു. അതിനിടെ പുതുതായി 6 ബില്യൺ ഡോളറിന്‍റെ ആയുധങ്ങൾ ഇസ്രായേലിന് കൈമാറാൻ ട്രംപ് ഭരണകൂടം യുഎസ് കോൺഗ്രസിന്റെ അനുമതി തേടിയതായി വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു.
Adjust Story Font
16

