ഇറാന്‍ - ഇസ്രായേല്‍ സംഘര്‍ഷം: 8000ലേറെ ഇസ്രായേലികള്‍ക്ക് വീട് നഷ്ടമായെന്ന് റിപ്പോര്‍ട്ട്
നഷ്ടപരിഹാരത്തിന് 30,000 ആളുകള്‍ അപേക്ഷ നല്‍കി

തെല്‍ അവിവ്: ഇറാനുമായുള്ള സംഘര്‍ഷത്തില്‍ എണ്ണായിരത്തിലധികം ഇസ്രായേലികള്‍ക്ക് വിട് നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാന്‍ നടത്തിയ തിരിച്ചടികളെ തുടര്‍ന്ന് എണ്ണായിരത്തോളം ഇസ്രായേലികളാണ് പാലായനം ചെയ്തത്. ഇസ്രായേലി പ്രാപ്പര്‍ട്ടി ടാക്സ് കോമ്പന്‍സേഷനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചതില്‍ നഷ്ടപരിഹാരത്തിന് 30000 ആളുകള്‍ അപേക്ഷ നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇസ്രായേല്‍ - ഇറാന്‍ സംഘര്‍ഷം എട്ടാം ദിവസത്തിലേക്ക് നീളുമ്പോള്‍ ക്ലസ്റ്റര്‍ ബോംബുകളടങ്ങുന്ന മിസൈലുകള്‍ ഇറാന്‍ പ്രയോഗിച്ചുവെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ സേന ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ഇറാന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നുമില്ല. സംഘര്‍ഷം ഒരാഴ്ച പിന്നിടവെയാണ് ക്ലസ്റ്റര്‍ ബോംബുകള്‍ ആദ്യമായി ഇറാന്‍ പ്രയോഗിക്കുന്നത്
നേരത്തെ ഇറാന്‍ മിസൈല്‍ പതിച്ചതിന് പിന്നാലെ ഇസ്രായേലിലെ മൈക്രോസോഫ്റ്റ് ഓഫീസിന് സമീപം വന്‍ തീപിടിത്തവുമുണ്ടായിരുന്നു. തെക്കന്‍ നഗരമായ ബീര്‍ഷെബയിലെ ഓഫീസിന് സമീപമാണ് തീ പിടിത്തമുണ്ടായതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഇവിടേക്ക് വന്ന മിസൈല്‍ തടഞ്ഞുവെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്. പ്രദേശത്ത് തീ ആളിപ്പടരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. രാജ്യത്തിന്റെ തെക്കന്‍ പ്രദേശങ്ങളിലെ തുറസ്സായ പ്രദേശങ്ങളില്‍ വെടിക്കോപ്പുകള്‍ വീണതായുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി ഇസ്രായേല്‍ പൊലീസ് പറഞ്ഞു. നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്.
Adjust Story Font
16

