'ഒരു കഷ്ണം റൊട്ടി പോലുമില്ല, എങ്ങനെ ജീവിക്കും?' സിയൂട്ടയിലെ ദുരിതം പറഞ്ഞ് മൊറോക്കൻ കുടിയേറ്റക്കാർ; 48,000-ത്തിലേറെ പേർ തിരിച്ചുപോന്നെന്ന് റിപ്പോർട്ട്
വടക്കേ ആഫ്രിക്കൻ തീരത്തുള്ള സ്പെയിനിന്‍റെ ഭരണത്തിന് കീഴിലുള്ള സ്വയംഭരണ പ്രദേശമാണ് സിയൂട്ട. ഇവിടേക്കുള്ള പലായനത്തിനിടെ 57 അഭയാർഥികൾ കൊല്ലപ്പെട്ടിരുന്നു

- Updated:
2026-08-01 07:49:32

റബാത്ത്: മൊറോക്കൻ അതിർത്തി കടന്ന് സ്പാനിഷ് പ്രദേശമായ സിയൂട്ടയിലേക്കുള്ള പലായനത്തിൽ നിന്ന് വലിയ ശതമാനം മൊറോക്കൻ കുടിയേറ്റക്കാർ പിന്തിരിയുന്നതായി റിപ്പോർട്ട്. സിയൂട്ടയിലെ ജീവിതം ദുസ്സഹമാണെന്നും വിശപ്പടക്കാൻ റൊട്ടിക്കഷ്ണം പോലും ലഭിക്കാത്തയിടങ്ങളിൽ എങ്ങനെയാണ് ജീവിതം മുന്നോട്ടുകൊണ്ടുപോവുകയെന്നും മൊറോക്കോയിൽ തിരികെയെത്തിയ അഭയാർഥികൾ പ്രതികരിച്ചു. ഇതിനോടകം 48,000 പേർ സ്പെയിനിലേക്കുള്ള യാത്ര അവസാനിപ്പിച്ച് മൊറോക്കോയിൽ തിരിച്ചെത്തിയതായാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ഒന്നര ദിവസത്തിനുള്ളിൽ പതിനായിരക്കണക്കിന് ആളുകളാണ് വടക്കേ ആഫ്രിക്കൻ അതിർത്തി കടന്ന് സിയൂട്ടയിലേക്ക് ഇരച്ചുകയറിയത്. അഭയാർഥികളുടെ മരണം സ്പാനിഷ് സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. വടക്കേ ആഫ്രിക്കൻ തീരത്തുള്ള സ്പെയിനിന്‍റെ ഭരണത്തിന് കീഴിലുള്ള സ്വയംഭരണ പ്രദേശമാണ് സിയൂട്ട. ഇവിടേക്കുള്ള പലായനത്തിനിടെ 57 അഭയാർഥികൾ കൊല്ലപ്പെട്ടിരുന്നു.
അനധികൃത കുടിയേറ്റത്തിന് തയ്യാറാകുന്നതിന് മുൻപെ തങ്ങൾ പ്രതീക്ഷിച്ച പല കാര്യങ്ങൾക്കും വിരുദ്ധമാണ് സിയൂട്ടയിലെ ജീവിതവും യാഥാർഥ്യവുമെന്ന് മൊറോക്കോക്കാരൻ അയ്യൂബിനെ ഉദ്ദരിച്ച് അനദോളു ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. അടുത്തുള്ള കടകൾ അടഞ്ഞുകിടന്നതിനാലും നഗരം അഭയാർഥികളെ കൊണ്ട് തിങ്ങിനിറഞ്ഞതിനാലും തങ്ങൾക്ക് അവശ്യ സാധനങ്ങൾ വാങ്ങാൻ സാധിച്ചില്ലെന്നും ഇത് പലായനത്തെ ഏറെ ബുദ്ധിമുട്ടിലാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
'വ്യാഴാഴ്ചയാണ് ഞാൻ സിയൂട്ടയിൽ പ്രവേശിച്ചത്. എങ്കിലും, ഒരു രാത്രി മാത്രമേ എനിക്കവിടെ തങ്ങാൻ കഴിഞ്ഞുള്ളൂ. അതിർത്തി കടന്നെത്തുന്ന അഭയാർഥി സംഘങ്ങളെ കണ്ടതോടെ നഗരത്തിന്‍റെ പ്രാന്തപ്രദേശങ്ങളിലേക്ക് ഞാൻ നീങ്ങിത്തുടങ്ങി. നഗരത്തിലാകെ പ്രശ്നമാണെന്നും തെരുവിൽ ഒറ്റയ്ക്ക് നിൽക്കരുതെന്നും ഇതിനിടെ ചിലർ വന്ന് പറയുന്നുണ്ടായിരുന്നു'. അയ്യൂബ് പറഞ്ഞു.
'അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും വകയുണ്ടായില്ലെന്നതാണ് ഏറ്റവും പ്രയാസത്തിലാക്കിയത്. വിശപ്പടക്കാൻ ഒരു കഷ്ണം റൊട്ടിപോലും കിട്ടിയില്ല. പിന്നെയെങ്ങനെയാണ് അവിടെ തുടരുക? അങ്ങനെയാണ് ഞാനെന്‍റെ നാട്ടിലേക്ക് തന്നെ തിരിച്ചുപോകാമെന്ന് തീരുമാനിച്ചത്. വീട്ടിലേക്ക് തിരിച്ചുപോയാൽ പടച്ചവന്‍റെ കൃപ കൊണ്ട് ഒരു കഷ്ണം റൊട്ടിയെങ്കിലും എനിക്ക് കഴിക്കാനാകുമല്ലോ...' തനിക്കും തന്നെപ്പോലെ യൂറോപ്പിലേക്ക് കുടിയേറിപ്പാർക്കാൻ തീരുമാനിച്ചവർക്കും ഇതൊരു പാഠമാണെന്നും സിയൂട്ടയിലെ ജീവിതം പ്രതീക്ഷിച്ചതിനേക്കാളേറെ ദുസ്സഹമായിരുന്നെന്നും അയാൾ കൂട്ടിച്ചേർത്തു.
ഏറെ പ്രതീക്ഷയോടെയാണ് തന്‍റെ പത്തോളം സുഹൃത്തുക്കളോടൊത്ത് സിയൂട്ടയിലേക്ക് യാത്ര തിരിച്ചതെന്നും എന്നാൽ, അപ്രതീക്ഷിതമായ സംഭവവികാസങ്ങൾക്ക് പിന്നാലെ ജീവനുംകൊണ്ടോടേണ്ടി വന്നെന്നും വടക്കുപടിഞ്ഞാറൻ മൊറോക്കോയിലെ മൗലേ ബൗസൽഹാം സ്വദേശി ഉഥ്മാൻ അസ്സൂ പ്രതികരിച്ചു. മൊറോക്കോയിലെ കൃഷിക്കാരനായ അസ്സു, പ്രതിദിനം 100 മൊറോക്കൻ ദിർഹം കൂലിക്കാണ് ജോലി ചെയ്യാറുള്ളതെന്നും എന്നാൽ, കുടുംബവുമൊത്തുള്ള ജീവിതത്തിന് ഈ വരുമാനം തികയാത്തതിനാലാണ് യൂറോപ്പിലേക്ക് കുടിയേറാൻ ശ്രമിച്ചതെന്നും അനദോളു ന്യൂസിനോട് പറഞ്ഞു.
'ദിവസം കിട്ടുന്ന 100 ദിർഹമെന്നത് എന്തിന് തികയും? പ്രയാസമാണ്. ജീവിച്ചുപോകണ്ടേ. വല്ലാതെ പ്രയാസമായപ്പോഴാണ് കുടിയേറ്റത്തെ കുറിച്ച് ചിന്തിക്കാൻ തുടങ്ങിയത്. എന്നുകരുതി, സിയൂട്ടയിലെത്തിയപ്പോൾ നേരത്തെയുണ്ടായിരുന്നതിലും പ്രയാസകരമായ ജീവിതസാഹചര്യത്തിലേക്കാണ് കാലെടുത്ത് വെച്ചതെന്ന് മനസിലായി. ഭക്ഷണവും വെള്ളവുമില്ലാതെ ബുദ്ധിമുട്ടിക്കഴിയുന്ന വലിയൊരു സംഘത്തെ കണ്ടു, തിരിച്ചോടുകയാണെന്നാണ് അവർ പറഞ്ഞത്. ഞാനും അവരോടൊപ്പം തിരികെ നാട്ടിലേക്ക് തിരിച്ചു'. ഉഥ്മാൻ കൂട്ടിച്ചേർത്തു.
കരമാർഗവും കടൽ വഴിയുമായി 60,000-ത്തോളം ആളുകൾ അതിർത്തി ലംഘിച്ചതായി സിയൂട്ട റീജിയണൽ പ്രസിഡന്‍റ് ഹുവാൻ ജെസ്യൂസ് വിവസ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. കടലിൽ നിർമിച്ച സുരക്ഷാ വേലികൾക്ക് ചുറ്റും കിലോമീറ്ററുകളോളം നീന്തിയാണ് ഭൂരിഭാഗം പേരും സ്പാനിഷ് മണ്ണിലെത്തിയത്. തരാജൽ ബീച്ചിന് സമീപമുണ്ടായ തിരക്കിൽപ്പെട്ടും കടലിൽ മുങ്ങിയുമാണ് കൂടുതൽ മരണങ്ങളും സംഭവിച്ചിട്ടുള്ളത്. സ്ഥിതിഗതികൾ അതിരൂക്ഷമായതിനെ തുടർന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് കഴിഞ്ഞ ദിവസം സിയൂട്ട സന്ദർശിച്ചിരുന്നു. രാജ്യത്തിന്‍റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും അതിർത്തി സുരക്ഷയ്ക്ക് ലഭ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടയായി.
കടൽമാർഗം എത്തുന്ന അഭയാർഥികളെ കൃത്യമായ നിയമനടപടികളില്ലാതെ ഉടനടി തിരിച്ചയക്കരുതെന്ന സ്പാനിഷ് സുപ്രിംകോടതിയുടെ മുൻ ഉത്തരവാണ് പെട്ടെന്നുള്ള ഈ അതിക്രമിച്ചു കയറ്റത്തിന് കാരണമായതെന്നാണ് അധികൃതരുടെ വിലയിരുത്തൽ. മനുഷ്യക്കടത്ത് സംഘങ്ങൾ ഈ വിധി തെറ്റായി വ്യാഖ്യാനിച്ച് വ്യാജപ്രചാരണം നടത്തുകയായിരുന്നുവെന്ന് സ്പാനിഷ് പ്രധാനമന്ത്രി ആരോപിച്ചു. സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തിയ യൂറോപ്യൻ യൂണിയൻ, അപകടകരമായ ഇത്തരം കടന്നുകയറ്റങ്ങൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. സ്‌പെയിനിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഫ്രാൻസ് സ്പാനിഷ് അതിർത്തിയിൽ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. മറ്റ് യൂറോപ്യൻ രാജ്യങ്ങളും സ്ഥിതിഗതികൾ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്.
Adjust Story Font
16
