മൊറോക്കോയിൽ ചരിത്രം കുറിച്ച് ഫാത്തിമ അൽ-മൻസൂരി; രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ചുമതലയേറ്റു
സെപ്റ്റംബർ 23-ന് നടന്ന പൊതു തെരഞ്ഞെടുപ്പിൽ ഫാത്തിമ അൽ-മൻസൂരി നയിച്ച ലിബറൽ സെൻട്രിസ്റ്റ് പാർട്ടി ഉജ്ജ്വല വിജയം കൈവരിച്ചിരുന്നു

- Updated:
2026-09-30 03:48:10

റബാത്ത്: മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി പ്രഥമ വനിതാ പ്രധാനമന്ത്രിയായി മറാക്കഷ് മേയർ ഫാത്തിമ എസ്സാഹ്റ അൽ മൻസൂരി. സെപ്റ്റംബർ 23-ന് നടന്ന പൊതു തെരഞ്ഞെടുപ്പിൽ ഫാത്തിമ അൽ-മൻസൂരി നയിച്ച ലിബറൽ സെൻട്രിസ്റ്റ് പാർട്ടി ഉജ്ജ്വല വിജയം കൈവരിച്ചിരുന്നു. പിന്നാലെയാണ് മൊറോക്കൻ രാജാവ് ഇവരെ പ്രധാനമന്ത്രിയായി നിയമിച്ചത്. കഴിഞ്ഞ ദിവസം ചേർന്ന റോയൽ കാബിനറ്റ് യോഗത്തിലാണ് തീരുമാനം.
മൊറോക്കോയുടെ ഭരണഘടന അനുസരിച്ച് തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടുന്ന കക്ഷിയുടെ നേതാവിനെ സർക്കാർ രൂപീകരിക്കാൻ രാജാവ് ക്ഷണിക്കുകയാണ് പതിവ്. ഇതേതുടർന്നാണ് റോയൽ പാലസിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ അൽ-മൻസൂരിയെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത്. പുതിയ മന്ത്രിസഭ രൂപീകരിക്കാനുള്ള ചുമതലയും രാജാവ് അവർക്ക് നൽകിയിട്ടുണ്ട്.
മൊറോക്കോയുടെ ചരിത്രത്തിൽ ഈ ഉയർന്ന പദവിയിലെത്തുന്ന ആദ്യ വനിതയാണ് 50 കാരിയായ ഫാത്തിമ അൽ-മൻസൂരി. കൂടാതെ, അറബ് ലോകത്ത് ഒരു സർക്കാരിന്റെ തലപ്പത്തെത്തുന്ന രണ്ടാമത്തെ വനിത എന്ന അപൂർവ്വ നേട്ടവും ഇതോടെ അവർ സ്വന്തം പേരിലാക്കി. തന്റെ നിയമനം രാജ്യത്തെമ്പാടുമുള്ള സ്ത്രീകൾക്ക് ലഭിച്ച അഭിമാനകരമായ നിമിഷമാണെന്നും, ഈ അംഗീകാരം ഉത്തരവാദിത്തം വർധിപ്പിക്കുന്നുവെന്നും നിയമനത്തിന് ശേഷം ഫാത്തിമ അൽ-മൻസൂരി പ്രതികരിച്ചു.
മൊറോക്കോയിലുടനീളം നിരവധി കാലമായി വളരെ ശക്തമായ രാഷ്ട്രീയ പശ്ചാത്തലമുള്ള നേതാവാണ് അൽ-മൻസൂരി. ഫ്രാൻസിലെ മോണ്ട്പെല്ലിയർ സർവകലാശാലയിൽ നിന്നും ന്യൂയോർക്കിലെ പേസ് സർവകലാശാലയിൽ നിന്നുമായി നിയമപഠനം പൂർത്തിയാക്കിയ അവർ പ്രമുഖയായ ഒരു അഭിഭാഷക കൂടിയാണ്. 2009-ൽ ചരിത്രപ്രസിദ്ധമായ മറാക്കെഷ് നഗരത്തിന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ടുകൊണ്ട് രാഷ്ട്രീയത്തിൽ ശ്രദ്ധേയയായി. ഈ പദവിയിലെത്തുന്ന ആദ്യ വനിതയും അവരായിരുന്നു. പിന്നീട് 2021-ൽ വീണ്ടും മറാക്കെഷിന്റെ മേയറായി അവർ തിരഞ്ഞെടുക്കപ്പെട്ടു.കഴിഞ്ഞ അസീസ് അഖന്നൂഷ് സർക്കാരിൽ ദേശീയ ഭൂപട നിർമാണം, നഗരാസൂത്രണം, ഭവന നിർമാണം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായും അവർ മികച്ച പ്രവർത്തനം കാഴ്ചവെച്ചിട്ടുണ്ട്.
രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കുക, സാമ്പത്തിക വളർച്ച ഉറപ്പാക്കുക, യുവജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുക എന്നിവയാണ് പുതിയ പ്രധാനമന്ത്രിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളികൾ. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും സാമൂഹിക ക്ഷേമ പദ്ധതികൾ വ്യാപിപ്പിക്കുമെന്നും തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അൽ-മൻസൂരിയുടെ പാർട്ടി വാഗ്ദാനം ചെയ്തിരുന്നു. പുതിയ സർക്കാരിന്റെ രൂപീകരണത്തിനായി രാഷ്ട്രീയ പാർട്ടികളുമായുള്ള ചർച്ചകൾ ഉടൻ ആരംഭിക്കുമെന്ന് അവർ അറിയിച്ചു.
Adjust Story Font
16
