Quantcast

'പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും'; ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുൾ' ബില്ലിനെതിരെ വീണ്ടും വിമർശനവുമായി മസ്ക്

'നമ്മുടെ രാജ്യത്തിന് ഡെമോക്രാറ്റിക്-റിപ്പബ്ലിക്കൻ പാർട്ടികൾക്ക് പകരമായി ഒരു ബദൽ ആവശ്യമാണ്'

MediaOne Logo

Web Desk

  • Published:

    1 July 2025 1:37 PM IST

പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും; ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുൾ ബില്ലിനെതിരെ വീണ്ടും വിമർശനവുമായി മസ്ക്
X

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ടെസ്‌ല സിഇഒ ഇലോൺ മസ്കും തമ്മിലുള്ള വാഗ്വാദം അടുത്ത ഘട്ടത്തിലേക്ക്. ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുൾ ബില്ലി'നെതിരെയാണ് മസ്ക് വീണ്ടും വിമർശനമുന്നയിച്ചിരിക്കുന്നത്. ബിൽ പാസാക്കിയാൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് മസ്ക് പറഞ്ഞു.

'ബിഗ് ബ്യൂട്ടിഫുൾ ബിൽ' സെനറ്റില്‍ അവസാനവട്ട വോട്ടെടുപ്പിലേക്ക് കടക്കുമ്പോഴാണ് വീണ്ടും വിമര്‍ശനവുമായി ഇലോണ്‍ മസ്‌ക് എത്തിയിരിക്കുന്നത്. തന്റെ എക്സ് പോസ്റ്റിലൂടെയായിരുന്നു മസ്‌ക് മുന്നറിയിപ്പ് നൽകിയത്. ‘സർക്കാർ ചെലവുകൾ കുറയ്ക്കുമെന്ന് വാഗ്ദാനം നൽകുകയും അതേസമയം ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും കൂടുതൽ കടം ഉണ്ടാകാൻ കാരണമാകുന്ന ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്ത കോൺഗ്രസിലെ അംഗങ്ങളെല്ലാവരും ലജ്ജിക്കണം. അടുത്ത വർഷം അവർ പ്രൈമറി തോൽക്കുമെന്ന് ഞാൻ ഉറപ്പാക്കുമെന്ന് മസ്‌ക് എക്സിൽ കുറിച്ചു.

ബില്‍ പാസാക്കിയാല്‍ 'അമേരിക്ക പാര്‍ട്ടി' എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും മസ്ക് ഭീഷണി മുഴക്കി. നമ്മുടെ രാജ്യത്തിന് ഡെമോക്രാറ്റിക്-റിപ്പബ്ലിക്കൻ പാർട്ടികൾക്ക് പകരമായി ഒരു ബദൽ ആവശ്യമാണ്. അതുവഴി ജനങ്ങൾക്ക് യഥാർത്ഥത്തിൽ ഒരു ശബ്ദമുണ്ടാകുമെന്നും മസ്‌ക് കൂട്ടിച്ചേർത്തു.

പ്രതിരോധ മേഖലയ്ക്കും ഊര്‍ജ ഉത്പാദനരംഗത്തും അതിര്‍ത്തി സുരക്ഷയ്ക്കും കൂടുതല്‍ ധനസഹായം ആവശ്യപ്പെടുന്ന, അതേസമയം, ആരോഗ്യ, പോഷകാഹാര പദ്ധതികളിലെ ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുന്നതുമാണ് ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുൾ ബിൽ'. ആരോഗ്യസംരക്ഷണം, അതിര്‍ത്തി സുരക്ഷ തുടങ്ങിയ മേഖലകളില്‍ വലിയ മാറ്റങ്ങളാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. ജൂലായ് നാലിന് മുമ്പ് സെനറ്റില്‍ ബില്‍ പാസാക്കാനാണ് ട്രംപിന്റെ നീക്കം.

ബില്ലിന്റെ ഏറ്റവും പുതിയ പതിപ്പിനെ 'തികച്ചും ഭ്രാന്തും വിനാശകരവുമാണെന്ന്' വിശേഷിപ്പിച്ച മസ്ക് ഇത് രാജ്യത്തിന് ഏറെ ദോഷകരമാണെന്നും പറഞ്ഞിരുന്നു. ബിൽ അമേരിക്കയിലെ ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുകയും രാജ്യത്തിന് വലിയ ദോഷം വരുത്തുകയും ചെയ്യുമെന്നും ഭാവിയിലെ വ്യവസായങ്ങൾക്ക് ഗുരുതരമായ നാശനഷ്ടമുണ്ടാക്കുമെന്നും മസ്ക് ആരോപിച്ചിരുന്നു.

TAGS :

Next Story