Quantcast

'നെതന്യാഹുവുമായി ചേരില്ലെന്ന ഉറപ്പ് പാലിക്കണം': ഐസന്‍കോട്ടുമായുള്ള ചർച്ചകള്‍ നിർത്തിവെച്ച് ഡെമോക്രാറ്റ് പാര്‍ട്ടി

അറബ് പാർട്ടികളുമായി സഖ്യമുണ്ടാക്കണമെന്നാണ് യായർ ഗോലന്‍ ആവശ്യപ്പെടുന്നത്

MediaOne Logo

റിഷാദ് അലി

  • Updated:

    2026-11-25 05:31:29

Published:

25 Nov 2026 10:14 AM IST

നെതന്യാഹുവുമായി ചേരില്ലെന്ന ഉറപ്പ് പാലിക്കണം:  ഐസന്‍കോട്ടുമായുള്ള ചർച്ചകള്‍ നിർത്തിവെച്ച് ഡെമോക്രാറ്റ് പാര്‍ട്ടി
X

യായർ ഗോലന്‍- ബെഞ്ചമിന്‍ നെതന്യാഹു- ഗാഡി ഐസന്‍കോട്ട്

തെല്‍ അവീവ്: സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ പുരോഗമിക്കവെ പ്രതിപക്ഷ സഖ്യത്തില്‍ തര്‍ക്കം. കാവല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയുമായി ഐക്യസർക്കാർ രൂപീകരണ ചർച്ചകൾ തുടരുന്നതിൽ പ്രതിഷേധിച്ച്, ഗാഡി ഐസൻകോട്ടിന്റെ 'യഷാർ' പാർട്ടിയുമായുള്ള സഖ്യചർച്ചകൾ നിർത്തിവെച്ചതായി യായർ ഗോലന്റെ നേതൃത്വത്തിലുള്ള 'ദി ഡെമോക്രാറ്റ്സ്' വ്യക്തമാക്കി.

ഐസൻകോട്ട് നയിക്കുന്ന പ്രതിപക്ഷ സഖ്യത്തിലെ പ്രധാന ഘടകകക്ഷിയാണ് ഡെമോക്രാറ്റ്സ്. എട്ട് സീറ്റുകളുണ്ട് ഡെമോക്രാറ്റ്സിന്. എന്നാൽ, നെതന്യാഹു ഉൾപ്പെടുന്ന ഒരു സർക്കാരുമായി യാതൊരുവിധത്തിലും സഹകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് യായർ ഗോലൻ. "നെതന്യാഹുവിനെ അധികാരത്തിൽ നിലനിർത്തുന്നവർ രാജ്യത്തിന്റെ സുരക്ഷയെയും സൈനികരുടെയും സാധാരണക്കാരുടെയും ജീവനെയും അപകടത്തിലാക്കുകയാണ്. നെതന്യാഹുവുമൊത്തുള്ള ഒരു ഐക്യസർക്കാരിന് ഡെമോക്രാറ്റ്സ് ഒരിക്കലും സമ്മതിക്കില്ല"- ഗോലൻ വ്യക്തമാക്കി.

അറബ് പാർട്ടികളായ റാം, ജോയിന്റ് ലിസ്റ്റ് എന്നിവരുമായി സഹകരിച്ച് ഒരു ന്യൂനപക്ഷ സർക്കാർ രൂപീകരിക്കണമെന്നാണ് ഗോലന്റെ ആവശ്യം. വംശീയമായ മുൻവിധികളോടെ ഇവരെ നേരത്തെ തന്നെ തള്ളിക്കളയുന്നതിന് പകരം സഹകരണ സാധ്യതകൾ ഗൗരവമായി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ഐസൻകോട്ടും 'യിസ്രായേൽ ബെയ്‌തേനു' നേതാവ് അവിഗ്ദോർ ലിബർമാനും ചൊവ്വാഴ്ച വൈകുന്നേരം കൂടിക്കാഴ്ച നടത്തുകയും സഖ്യകരാറിൽ ഒപ്പിടാൻ ധാരണയിലെത്തുകയും ചെയ്തു. യഷാർ പാർട്ടിയും ലിക്കുഡ് പാർട്ടിയും തമ്മിലുള്ള ഐക്യസർക്കാർ ചർച്ചകൾ ഇന്നും(ബുധനാഴ്ച) തുടരാനിരിക്കെയാണ് ഈ നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾ.

ഒക്ടോബർ 27ന് നടന്ന തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ സഖ്യത്തിന് 53 സീറ്റുകൾ മാത്രമാണ് നേടാനായത്. നെതന്യാഹുവിനെ പുറത്താക്കാൻ ലക്ഷ്യമിടുന്ന പ്രതിപക്ഷ സഖ്യം 19 അറബ് സീറ്റുകൾ ഉൾപ്പെടെ 67 സീറ്റുകൾ നേടി ഭൂരിപക്ഷം ഉറപ്പിച്ചിരുന്നു. എന്നാൽ, അറബ് പാർട്ടികളുമായി സഖ്യമുണ്ടാക്കാൻ ഭൂരിഭാഗം കക്ഷി നേതാക്കളും വിസമ്മതിക്കുന്നതിനാൽ ഇതുവരെ പുതിയ സർക്കാർ രൂപീകരിക്കാനായിട്ടില്ല. എങ്കിലും, നിലവിലെ കാവൽ സർക്കാരിനെതിരെ പാർലമെന്റിൽ പ്രധാന നിയമനിർമ്മാണങ്ങൾ പാസാക്കാൻ അറബ് പാർട്ടികളുടെ പിന്തുണ പ്രതിപക്ഷ സഖ്യത്തെ സഹായിച്ചിട്ടുണ്ട്.

നവംബർ 8നാണ് പുതിയ സർക്കാർ രൂപീകരിക്കാൻ പ്രസിഡന്റ് ഐസൻകോട്ടിനെ ക്ഷണിച്ചത്. നിലവിലെ സമയപരിധി അവസാനിക്കാൻ രണ്ടാഴ്ചയോളം ബാക്കിയുണ്ട്. അതേസമയം ആവശ്യമെങ്കിൽ 14 ദിവസം കൂടി അധികമായി ചോദിക്കാനുള്ള അവസരവും അദ്ദേഹത്തിനുണ്ട്.

TAGS :

Next Story