ഇസ്രായേലില്‍ അപ്രതീക്ഷിത കൂടിക്കാഴ്ച; നെതന്യാഹുവിനെ സന്ദര്‍ശിച്ച് നഫ്താലി ബെനറ്റ്, ലക്ഷ്യമെന്ത്?
നെതന്യാഹുവിന്റെ ഓഫീസില്‍ രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ചര്‍ച്ചയാണ് നടന്നത്

തെല്‍ അവീവ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി ടുഗെദര്‍ പാര്‍ട്ടി നേതാവ് നഫ്താലി ബെനറ്റ്. നെതന്യാഹുവിന്റെ ഓഫീസില്‍ രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ചര്‍ച്ചയാണ് നടന്നത്. ഐക്യസര്‍ക്കാറുണ്ടാക്കണമെന്ന് നെതന്യാഹു ആവശ്യപ്പെടുന്നതിനിടെയാണ് ഈ നിര്‍ണായക കൂടിക്കാഴ്ച.
നെതന്യാഹുവിന്റെ മിലിട്ടറി സെക്രട്ടറി മേജര്‍ ജനറല്‍ ഗൈ മാര്‍ക്കിസെനോയും ചര്‍ച്ചയില്‍ പങ്കെടുത്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചര്‍ച്ച ആരംഭിച്ച് ഏകദേശം 20 മിനിറ്റിന് ശേഷമാണ് മാര്‍ക്കിസെനോ നെതന്യാഹുവിന്റെ ഓഫീസിലേക്ക് എത്തിയത്. ഇസ്രായേലിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് വേണ്ടിയായിരുന്നു കൂടിക്കാഴ്ചയെന്ന് ബെനറ്റുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.
നെതന്യാഹുവുമായി ചേര്‍ന്ന് സഖ്യസര്‍ക്കാറുണ്ടാക്കാന്‍ നഫ്താലി ബെനറ്റിന് താല്‍പര്യമില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗാഡി ഐസന്‍കോട്ട് നേതൃത്വം നല്‍കുന്ന പ്രതിപക്ഷ സഖ്യത്തിലെ പ്രധാനപ്പെട്ട നേതാവാണ് നഫ്താലി ബെനറ്റ്. നെതന്യാഹുവും ബെനറ്റും തമ്മിലുള്ള ചര്‍ച്ചയെ കുറിച്ച് ഐസന്‍കോട്ടിന് അറിവുണ്ടായിരുന്നില്ലെന്നാണ് വിവരം.
ഒക്ടോബര്‍ 27ന് നടന്ന തെരഞ്ഞെടുപ്പില്‍ ബെനറ്റിന്റെ ടുഗെദര്‍ പാര്‍ട്ടിക്ക് 12 എംപിമാരുണ്ട്. ഇസ്രായേലിന്റെ 13-ാംപ്രധാനമന്ത്രി കൂടിയായിരുന്നു ബെനറ്റ്. അതേസമയം, ഇസ്രായേലിലെ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയാണ് ബിന്യമിന്‍ നെതന്യാഹു നേരിട്ടത്. പ്രതിപക്ഷ സഖ്യത്തിലെ മാറ്റന്‍ കഹാനയ്ക്ക് 66 വോട്ടുകള്‍ ലഭിച്ചപ്പോള്‍, ലിക്കുഡ് പാര്‍ട്ടിയുടെ ഓഫര്‍ കാറ്റ്‌സിന് 52 വോട്ടുകളാണ് ലഭിച്ചത്.
അറബ് പാര്‍ട്ടികളുടെ പിന്തുണയോടെയാണ് കഹാന വിജയം ഉറപ്പിച്ചത്. പുതിയ സ്പീക്കറായി ചുമതലയേറ്റ കഹാന, കോടതി വിധികളെ പൂര്‍ണമായി മാനിക്കുമെന്നും പാര്‍ലമെന്റില്‍ എല്ലാ പൗരന്മാരുടെയും പ്രാതിനിധ്യം ഉറപ്പാക്കുമെന്നും പ്രതികരിച്ചു. ഇതിനിടെ, സെഷനില്‍ പ്രസംഗിച്ച് സമയം നീട്ടുകയെന്ന തന്ത്രം ഉപയോഗിച്ച് വോട്ടെടുപ്പ് പരമാവധി വൈകിപ്പിക്കാന്‍ ലിക്കുഡ് പാര്‍ട്ടി ശ്രമം നടത്തിയിരുന്നു.
Adjust Story Font
16

