Quantcast

കാർഗിൽ യുദ്ധത്തെ എതിർത്തതിന് തന്നെ പുറത്താക്കി: മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്

ഇന്ത്യയുമായി നല്ല ബന്ധം പുലർത്തേണ്ടതിന്റെ പ്രാധാന്യം അടിവരയിട്ടുകൊണ്ടാണ് കാർഗിൽ യുദ്ധത്തെ എതിർത്തത്. എന്നാൽ, ജനറൽ പർവേസ് മുഷറഫ് തന്നെ സർക്കാരിൽ നിന്ന് പുറത്താക്കുകയായിരുന്നു എന്ന് നവാസ് ഷെരീഫ് പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    9 Dec 2023 11:32 AM GMT

nawaz sheriff_pakistan
X

ഡൽഹി: 1999ൽ കാർഗിലിൽ നുഴഞ്ഞുകയറി ഇന്ത്യയെ ആക്രമിക്കാനുള്ള പദ്ധതിയെ എതിർത്തതിന്റെ പേരിൽ തന്നെ പുറത്താക്കിയതായി മുൻ പാകിസ്‌താൻ പ്രധനമന്ത്രി നവാസ് ഷെരീഫിന്റെ വെളിപ്പെടുത്തൽ. ഇന്ത്യയുമായും മറ്റ് അയൽരാജ്യങ്ങളുമായും നല്ല ബന്ധം പുലർത്തേണ്ടതിന്റെ പ്രാധാന്യം അടിവരയിട്ടുകൊണ്ടാണ് കാർഗിൽ യുദ്ധത്തെ നവാസ് ഷെരീഫ് എതിർത്തത്. എന്നാൽ, ജനറൽ പർവേസ് മുഷറഫ് തന്നെ സർക്കാരിൽ നിന്ന് പുറത്താക്കുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

മൂന്ന് തവണ പ്രധാനമന്ത്രിയായ തന്നെ കാലാവധി പൂർത്തിയാകുന്നതിന് മുൻപാണ് പുറത്താക്കിയത്. അത് എന്തിന് വേണ്ടിയായിരുന്നു എന്ന് വ്യക്തമാക്കണമെന്നും നവാസ് ഷെരീഫ് ആവശ്യപ്പെട്ടു. '1993ലും 1999ലും എന്നെ പുറത്താക്കിയത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. അത് സംഭവിക്കാൻ പാടില്ല എന്ന് ചൂണ്ടിക്കാട്ടി കാർഗിൽ പ്ലാൻ എതിർത്തപ്പോൾ ജനറൽ പർവേസ് മുഷറഫ് എന്നെ പുറത്താക്കി. ഞാൻ പറഞ്ഞത് ശരിയാണെന്ന് പിന്നീട് തെളിഞ്ഞു": വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: ഭക്ഷണം കഴിച്ചിട്ട് രണ്ടുദിവസം: വിശപ്പടക്കാൻ നെട്ടോട്ടമോടി ഫലസ്‌തീൻ ജനത

രണ്ട് ഇന്ത്യൻ പ്രധാനമന്ത്രിമാർ പാകിസ്‌താൻ സന്ദർശിച്ചത് താൻ പ്രധാനമന്ത്രിയായിരുന്ന കാലത്താണെന്നും പാകിസ്‌താൻ മുസ്ലീം ലീഗ്-നവാസിന്റെ (പിഎംഎൽ-എൻ) പരമോന്നത നേതാവ് കൂടിയായ നവാസ് ഷെരീഫ് പറഞ്ഞു. "ഞാൻ പ്രധാനമന്ത്രിയായിരുന്ന കാലത്ത് രണ്ട് ഇന്ത്യൻ പ്രധാനമന്ത്രിമാർ പാകിസ്‌താൻ സന്ദർശിച്ചു. മോദി സാഹബും വാജ്‌പേയി സാഹബും ലാഹോറിൽ വന്നിരുന്നു.": ഇന്ത്യയുമായും മറ്റ് അയൽ രാജ്യങ്ങളുമായും മെച്ചപ്പെട്ട ബന്ധം ഊന്നിപ്പറഞ്ഞുകൊണ്ടാണ് നവാസ് ഷെരീഫ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങളുമായുള്ള ബന്ധം പാകിസ്‌താൻ മെച്ചപ്പെടുത്തേണ്ടതുണ്ട്. ചൈനയുമായും കൂടുതൽ ശക്തമായ ബന്ധം സ്ഥാപിക്കേണ്ടതുണ്ട്. സാമ്പത്തിക വളർച്ചാ വികസനത്തിൽ പാകിസ്‌താൻ അയൽരാജ്യങ്ങളേക്കാൾ പിന്നിലായതിൽ നവാസ് ഷെരീഫ് ഖേദം പ്രകടിപ്പിച്ചു.

മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെയും രൂക്ഷ വിമർശനം ഉന്നയിക്കാൻ നവാസ് ഷെരീഫ് മറന്നില്ല. അനുഭവപരിചയമില്ലാത്ത ഒരാൾക്ക് രാജ്യത്തിന്റെ ഭരണം നൽകിയത് എന്തുകൊണ്ടാണെന്ന് തനിക്കറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇമ്രാൻ ഖാന്റെ സർക്കാരിന്റെ (2018-2202) കാലത്ത് രാജ്യത്തെ സമ്പദ്‌വ്യവസ്ഥയിൽ വൻ തകർച്ചയാണുണ്ടായത്. തുടർന്ന് 2022 ഏപ്രിലിൽ ഷെഹ്ബാസ് ഷെരീഫ് സർക്കാർ അധികാരം ഏറ്റെടുക്കുകയും രാജ്യത്തെ സ്ഥിരതയിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്തു. 2017ൽ തന്റെ സർക്കാരിനെ പുറത്താക്കി രാജ്യത്തെ നശിപ്പിച്ചതിന് മുൻ സൈനിക ജനറൽമാരെയും ജഡ്ജിമാരെയും നവാസ് ഷെരീഫ് പഴിച്ചു.

Also Read: ബാങ്കല്ല, കോൺഗ്രസ് എംപിയുടെ ഓഫീസ്; പിടിച്ചെടുത്ത 200 കോടി എണ്ണിത്തീർക്കാനാകാതെ ഇൻകം ടാക്സ്

രാജ്യസ്‌നേഹികൾക്ക് തങ്ങളുടെ രാജ്യത്തോട് ഇത് ചെയ്യാൻ കഴിയില്ലെന്നും ഈ രാജ്യത്തെ ഈ നിലയിലേക്ക് കൊണ്ടുവന്നവർ കണക്കുപറയണമെന്നും അദ്ദേഹം പറഞ്ഞു. "ആഡംബര കാറുകളിൽ കറങ്ങാൻ ഞങ്ങൾ അധികാരത്തിൽ വരാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ, ഈ രാജ്യത്തെ നശിപ്പിക്കുകയും ഞങ്ങൾക്കെതിരെ കള്ളക്കേസുകൾ ചുമത്തുകയും ചെയ്തവർ ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്നോട്ട് വരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം": നവാസ് ഷെരീഫ് കൂട്ടിച്ചേർത്തു.

യുകെയിലെ നാല് വർഷത്തെ സ്വയം പ്രവാസ ജീവിതത്തിന് ശേഷം പാകിസ്താനിലേക്ക് മടങ്ങുന്നതിന് ഒരു മാസം മുൻപ് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ, മുൻ ഐഎസ്‌ഐ തലവൻ ലഫ്റ്റനന്റ് ജനറൽ ഫൈസ് ഹമീദ്, പാകിസ്ഥാൻ മുൻ ചീഫ് ജസ്റ്റിസുമാരായ സാഖിബ് നിസാർ, ആസിഫ് സയീദ് ഖോസ എന്നിവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് നവാസ് ഷെരീഫ് സൂചന നൽകിയിരുന്നു. തന്റെ സർക്കാരിനെ പുറത്താക്കുകയും രാജ്യത്ത് സാമ്പത്തിക ദുരന്തം സൃഷ്ടിക്കുകയും ചെയ്ത കുറ്റത്തിന് ഉത്തരവാദിത്തപ്പെട്ടവർക്ക് ശിക്ഷ ലഭിക്കുമെന്നും നവാസ് ഷെരീഫ് പറഞ്ഞിരുന്നു.

അതേസമയം, ജനുവരി അവസാനം നടക്കുന്ന തെരഞ്ഞെടുപ്പിൽ നവാസിന്റെ സാന്നിധ്യം അധികാരത്തില്‍ തിരിച്ചെത്താന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് പിഎംഎൽ. പ്രചാരണത്തിന് നേതൃത്വം നൽകി നവാസ് ഷെരീഫ് മുന്നിൽ തന്നെയുണ്ട്. നവാസ് പ്രചാരണത്തിനു നേതൃത്വം നല്‍കുമെന്നും ഭൂരിപക്ഷം ലഭിച്ചാല്‍ പ്രധാനമന്ത്രിയാകുമെന്നും ഷഹബാസ് ഷെരീഫ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മൂന്നു തവണ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫ് (73) അഴിമതിക്കേസില്‍ 7 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട് ലഹോര്‍ ജയിലില്‍ കഴിയവേ ചികിത്സക്കായി ലണ്ടനിലേക്ക് പോവുകയായിരുന്നു. കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് അദ്ദേഹം പാകിസ്താനിലേക്ക് തിരികെയെത്തിയത്. എങ്കിലും, ശിക്ഷ നിലനില്‍ക്കുന്നത് നവാസ് വിഭാഗത്തിന് ആശങ്കയാണ്.

Also Read: വെടിനിർത്തൽ ഹമാസിന് ഗുണംചെയ്യുമെന്ന് അമേരിക്ക: രൂക്ഷവിമർശനവുമായി ലോകരാജ്യങ്ങൾ

TAGS :

Next Story