Quantcast

വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍; ഗസ്സയിലെ ജനസംഖ്യയുടെ നാലിലൊന്ന് പേരും പലായനം ചെയ്തതായി യുഎന്‍ റിപ്പോര്‍ട്ട്

2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്രായേല്‍ സൈന്യം ഗസ്സയില്‍ 51,400ലധികം ഫലസ്തീനികളെയാണ് കൊലപ്പെടുത്തിയത്

MediaOne Logo

Web Desk

  • Published:

    28 April 2025 11:51 AM IST

വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍; ഗസ്സയിലെ ജനസംഖ്യയുടെ നാലിലൊന്ന് പേരും പലായനം ചെയ്തതായി യുഎന്‍ റിപ്പോര്‍ട്ട്
X

ഗസ്സസിറ്റി: ഇസ്രായേല്‍ വംശഹത്യ തുടരുന്ന ഗസ്സയില്‍ ആകെ ജനസംഖ്യയുടെ നാലിലൊന്ന് പേരും പലായനം ചെയ്തതായി യുഎന്‍ റിപ്പോര്‍ട്ട്. ഇസ്രായേല്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതിനെത്തുടര്‍ന്ന് ഏകദേശം അഞ്ച് ലക്ഷം ആളുകള്‍ പലായനം ചെയ്‌തെന്ന് ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഏപ്രില്‍ 26 മുതല്‍ 27 വരെയുള്ള 24 മണിക്കൂറില്‍ 84 പേരാണ് ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസില്‍ കുടിയിറക്കപ്പെട്ടവരെ പാര്‍പ്പിച്ചിരുന്ന കൂടാരത്തിനു നേരെ ഉണ്ടായ ആക്രമണത്തില്‍ അഞ്ചംഗ കുടുംബത്തിലെ എല്ലാവരും കൊല്ലപ്പെട്ടു. ഇവരില്‍ മൂന്നുകുട്ടികളുണ്ട്. ജബാലിയയില്‍ ഒരു കുടുംബത്തിലെ 19പേര്‍ കൊല്ലപ്പെട്ടു.

ഭക്ഷണമുള്‍പ്പെടെ ഗസ്സയിലേക്കുള്ള എല്ലാ സഹായവും ഇസ്രായേല്‍ തടയുന്നത് തുടരുന്നതിനാല്‍ ഗസ്സയില്‍ ഭക്ഷ്യക്ഷാമം രൂക്ഷമാണ്. ഗസ്സയിലെ കുട്ടികളെയാണ് വിശപ്പും പട്ടിണിയും ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. 16 വയസ്സിന് താഴെയുള്ളവരില്‍ പോഷകാഹാരക്കുറവ് വര്‍ദ്ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ മാത്രം 3700 കുട്ടികളില്‍ കടുത്ത പോഷകാഹാരക്കുറവ് കണ്ടെത്തി. ഫെബ്രുവരിയിലേതിനെക്കാള്‍ 80 ശതമാനം വര്‍ധനവാണിത്. ഗര്‍ഭിണികള്‍ക്ക് മതിയായ പോഷകാഹാരവും മരുന്നും ലഭിക്കാത്തത് നവജാതശിശുക്കളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരുന്ന് ക്ഷാമം നിരവധി രോഗികളുടെ മരണത്തിന് ഇടയാക്കുമെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്രായേല്‍ സൈന്യം ഗസ്സയില്‍ 51,400ലധികം ഫലസ്തീനികളെയാണ് കൊലപ്പെടുത്തിയത്. ഇതില്‍ 15,000ത്തിലധികം കുട്ടികളും ഉള്‍പ്പെടുന്നു. ഗസ്സയില്‍ ഇസ്രായേല്‍, പട്ടിണി അടിച്ചേല്‍പ്പിക്കുകയാണെന്ന് ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സി കുറ്റപ്പെടുത്തിയിരുന്നു. ഗസ്സയിലെ യുഎന്‍ ഭക്ഷ്യശേഖരം പൂര്‍ണമായി തീര്‍ന്നുവെന്നും ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

TAGS :

Next Story