Quantcast

നൊബേൽ കിട്ടാത്ത ട്രംപിന് ഇസ്രായേൽ സമാധാന പുരസ്കാരം; പ്രഖ്യാപിച്ച് നെതന്യാഹു

80 വർഷത്തിനിടെ ആദ്യമായാണ് ഇസ്രായേലി പൗരനല്ലാത്ത ഒരാൾക്ക് ഇസ്രായേൽ പുരസ്കാരം നൽകുന്നതെന്ന് നെതന്യാഹു പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    30 Dec 2025 5:05 PM IST

Netanyahu Announces Israel Peace Prize For Trump After Florida Talks
X

ഫ്ലോറിഡ: വിവിധ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധവും സം​ഘർഷവും അവസാനിപ്പിച്ചെന്ന് അവകാശപ്പെട്ട് സമാധാന നൊബേൽ ആവശ്യപ്പെട്ടിരുന്ന അമേരിക്കൻ പ്രസി‍ഡന്റ് ഡോണൾഡ് ട്രംപിന് ഇസ്രായേലിന്റെ പുരസ്കാരം. ഇസ്രായേൽ സമാധാന പുരസ്കാരത്തിനാണ് ട്രംപ് അർഹനായത്. ഫ്ലോറിഡയിൽ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

ഇസ്രായേൽ സർക്കാർ ട്രംപിന് സമാധാന പുരസ്കാരം നൽകാൻ തീരുമാനിച്ചതായി നെതന്യാഹു വ്യക്തമാക്കി. 80 വർഷത്തിനിടെ ആദ്യമായാണ് ഇസ്രായേലി പൗരനല്ലാത്ത ഒരാൾക്ക് 'ഇസ്രായേൽ പുരസ്കാരം' നൽകുന്നതെന്നും നെതന്യാഹു പറഞ്ഞു. തിങ്കളാഴ്ച ഫ്ലോറിഡയിലെ മാർ-എ-ലാഗോയിലെ ട്രംപിന്റെ വസതിയിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം ട്രംപുമായി നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് നെതന്യാഹു പുരസ്കാര പ്രഖ്യാപനം നടത്തിയത്. ബഹുമതി അപ്രതീക്ഷിതവും ഏറെ വിലമതിക്കുന്നതുമാണെന്ന് ട്രംപ് പ്രതികരിച്ചു.

'പ്രസിഡന്റ് ട്രംപ് ആളുകളെ അത്ഭുതപ്പെടുത്താൻ പല പതിവുരീതികളും ലംഘിച്ചു, അതിനാൽ ഞങ്ങളും ഒരു പതിവ് ലംഘിക്കാൻ തീരുമാനിച്ചു. അതായത് 80 വർഷത്തിനിടെ ഇസ്രായേലി അല്ലാത്ത ഒരാൾക്ക് നൽകാത്ത ഇസ്രായേൽ പുരസ്കാരം അദ്ദേഹത്തിന് നൽകാൻ തീരുമാനിച്ചു. ഇസ്രായേലിനും ജൂത ജനതയ്ക്കും നൽകിയ മഹത്തായ സംഭാവനകൾക്ക് പാരിതോഷികമെന്നോണം ട്രംപിന് ഈ പുരസ്‌കാരം നൽകണമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു'- നെതന്യാഹു വിശദമാക്കി.

രാജ്യത്തെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയാണ് ഇസ്രായേൽ പുരസ്കാരം. പരമ്പരാഗതമായി ശാസ്ത്രം, കല, മാനവികത തുടങ്ങിയ മേഖലകളിലെ മികവിനാണ് ഭരണകൂടം ഇത് ഇസ്രായേലി പൗരന്മാർക്ക് നൽകുന്നത്. എന്നാൽ സമാധാന പുരസ്കാരം ഇതിനു മുമ്പ് ഒരിക്കലും നൽകിയിട്ടില്ല. ഇതാദ്യമായാണ് സമാധാന വിഭാ​ഗത്തിൽ ഇസ്രായേൽ ഒരാൾക്ക് പുരസ്കാരം നൽകുന്നത്. 2025 ജൂലൈയിൽ, വിദേശിയായ ഒരാൾക്ക് ഈ ബഹുമതി നൽകാൻ ഇസ്രായേൽ പുരസ്കാര നിയമങ്ങൾ ഭേദഗതി ചെയ്യുകയും ട്രംപിനെ തെരഞ്ഞെടുക്കുകയുമായിരുന്നു.

നേരത്തെ, ഫിഫയുടെ സമാധാന പുരസ്കാരം ട്രംപിന് ലഭിച്ചിരുന്നു. ഡിസംബർ അഞ്ചിന് വാഷിങ്ടൺ ഡിസിയിൽ നടന്ന 2026 ലോകകപ്പ് നറുക്കെടുപ്പ് ചടങ്ങിനിടെയാണ് ഫിഫ ആദ്യ സമാധാന പുരസ്‌കാരം പ്രഖ്യാപിച്ചത്. സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടാൻ വളരെക്കാലമായി താത്പര്യം പ്രകടിപ്പിച്ചിരുന്ന ട്രംപ് ഫിഫയുടെ പ്രഥമ പുരസ്‌കാരം നേടുമെന്ന് പരക്കെ പ്രതീക്ഷിച്ചിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങൾ ചേർന്ന് ആതിഥേയത്വം വഹിക്കുന്ന വരാനിരിക്കുന്ന ലോകകപ്പിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഫിഫ ട്രംപിന് അവാർഡ് നൽകിയത് എന്നായിരുന്നു റിപ്പോർട്ട്.

ഏഴ് യുദ്ധങ്ങൾ താൻ ഇടപെട്ട് അവസാനിപ്പിച്ചെന്നും തനിക്ക് നൊബേലിന് അർഹതയുണ്ടെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ ട്രംപിന് നൊബേൽ ലഭിക്കാനുള്ള സാധ്യത വിരളമാണെന്ന് നേരത്തെ തന്നെ വിലയിരുത്തലുകളുണ്ടായിരുന്നു. വെനസ്വേലൻ പ്രതിപക്ഷ നേതാവും ജനാധിപത്യ മനുഷ്യാവകാശ പ്രവർത്തകയുമായ മരിയ കൊരീന മച്ചാഡോക്കായിരുന്നു ഇത്തവണത്തെ സമാധാന നൊബേൽ പുരസ്‌കാരം.

TAGS :

Next Story