'എല്ലാം തുടങ്ങിയത് ഇസ്രായേൽ.. നെതന്യാഹു മറ്റൊരു ഹിറ്റ്‌ലർ' - കടുപ്പിച്ച് ഉർദുഗാൻ !
"പശ്ചിമേഷ്യയിൽ സമാധാനം എത്താത്തതിന് പ്രധാന കാരണം ഇസ്രായേലി ഭരണകൂടം മാത്രമാണ്... ഒരേ പാതയാണ് നെതന്യാഹുവും ഹിറ്റ്‌ലറും തിരഞ്ഞെടുത്തിരിക്കുന്നത്- നാശത്തിന്റെ പാത"

ഇറാൻ ഇസ്രായേൽ സംഘർഷത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ രൂക്ഷമായി വിമർശിച്ച് തുർക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉർദുഗാൻ. നെതന്യാഹുവിനെ ഹിറ്റ്‌ലറുമായി താരതമ്യം ചെയ്തായിരുന്നു ഉർദുഗാന്റെ കടന്നാക്രമണം. ഹിറ്റ്‌ലറുടെ പാതയ്ക്ക് സമാനമായി, നാശത്തിന്റെ അതേ പാത പിന്തുടരുകയാണ് നെതന്യാഹു എന്നായിരുന്നു ഉർദുഗാന്റെ വാക്കുകൾ.
ഇസ്താംബൂളിൽ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപറേഷൻ അംഗരാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കവേ ആണ് ഉർദുഗാൻ തന്റെ ഭാഷ കടുപ്പിച്ചത്. സംഘർഷത്തിൽ ഇറാന് കൂടുതൽ മുസ്ലിം രാജ്യങ്ങളുടെ പിന്തുണയും ഉർദുഗാൻ അഭ്യർഥിച്ചു.
പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇസ്രായേലിനെ വിമർശിക്കുമ്പോൾ ഉർദുഗാൻ വാക്കുകൾ അല്പം പോലും മയപ്പെടുത്തിയില്ല എന്നതാണ് ശ്രദ്ധേയം. പശ്ചിമേഷ്യയിലെയും ലോകത്തിന്റെയാകെയും സമാധാനത്തിന് ഏറ്റവും വലിയ ഭീഷണി ഇസ്രായേലും നെതന്യാഹുവുമാണെന്ന് അദ്ദേഹം തുറന്നടിച്ചു. ഹിപ്പോക്രിറ്റ് എന്നാണ് നെതന്യാഹുവിന് ഉർദുഗാൻ നൽകിയിരിക്കുന്ന വിശേഷണം- കപടനാട്യക്കാരൻ, കുടിലൻ എന്നൊക്കെ അർഥം..
ഇസ്താംബുളിൽ നടന്ന ഒഐസി മീറ്റിങ്ങിൽ കൂടുതൽ രാജ്യങ്ങൾ ഇറാനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും ഉർദുഗാൻ ആഹ്വാനം ചെയ്തിരുന്നു.. അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ്..
"നെതന്യാഹുവും ഹിറ്റ്‌ലറും ഒരേ പാതയാണ് തിരഞ്ഞെടുത്തിരിക്കുന്നത്- നാശത്തിന്റെ പാത. വ്യവസ്ഥാപിതമായ നശീകരണത്തിന്റെ പൂർണ ഉത്തരവാദിയാണ് നെതന്യാഹു. അന്താരാഷ്ട്ര മര്യാദകളൊന്നും തന്നെ പാലിക്കാതെ സംഹാരത്തിന്റെ വഴിയാണ് അദ്ദേഹം തിരഞ്ഞെടുക്കുന്നത്. ഗസ്സയിലെ കാര്യം നോക്കൂ.. നാസി കോൺസൻട്രേഷൻ ക്യാമ്പുകളിലേക്കാൾ പരിതാപകരമായ അവസ്ഥയിലൂടെ 20 ലക്ഷം ആളുകളാണ് അവിടെ കഴിയുന്നത്. ഒന്നുമറിയാത്ത എത്രയധികം ആളുകളെ ഗസ്സയിൽ ഇസ്രായേൽ സൈന്യം കൂട്ടക്കൊല ചെയ്തു.. സംഹാരം, അധിനിവേശം, അക്രമം എന്നീ പോളിസികളിൽ ഊന്നിയാണ് ഇസ്രായേലി ഭരണകൂടത്തിന്റെ വാഴ്ച. ഒരു സമാധാന നീക്കത്തോടും സന്ധി ചെയ്യാത്ത നയങ്ങളാണവ.
പശ്ചിമേഷ്യയിൽ സമാധാനം എത്താത്തതിന് പ്രധാന കാരണം ഇസ്രായേലി ഭരണകൂടം മാത്രമാണ്. സർക്കാർ കുട പിടിക്കുന്ന തീവ്രവാദത്തിലൂടെ പ്രദേശത്താകെ സമാധാനം വിലക്കുകയാണ് നെതന്യാഹുവിന്റെ സർക്കാർ. അന്താരാഷ്ട്ര മാനദണ്ഡങ്ങളൊന്നും പാലിക്കാതെയല്ലേ അവർ ആണവ പദ്ധതി പരിപോഷിപ്പിക്കുന്നത്.. അന്തർദേശീയ തലത്തിൽ എന്തെങ്കിലും ശ്രദ്ധ ആ പദ്ധതിയ്ക്കുണ്ടോ? എത്രത്തോളം ഭീകരമാകും അതിന്റെ വ്യാപനം?
ഇനി ഇറാന്റെ കാര്യത്തിൽ, സ്വയം പ്രതിരോധിക്കാനുള്ള എല്ലാ അവകാശവും ആ രാഷ്ട്രത്തിനുണ്ട്. അവിടുത്തെ ജനങ്ങളെ സംരക്ഷിക്കുകയാണ് ആ ഭരണകൂടം. ഇറാനിൽ ഇസ്രായേൽ നടത്തിയ ആക്രമണം കൊണ്ട് തന്നെ വ്യക്തമാകില്ലേ, ഒരു പ്രശ്‌നവും നയതന്ത്രപരമായി പരിഹരിക്കാൻ ഇസ്രായേലിന് താല്പര്യമില്ല എന്ന്.. പശ്ചിമേഷ്യയെയും ലോകത്തെ തന്നെയും വലിയ നാശത്തിലേക്ക് തള്ളിയിടുകയാണ് നെതന്യാഹുവിന്റെ ഉദ്ദേശം തന്നെ... അത് ഒരിക്കലും അനുവദിച്ച് കൂടാ...
എന്തിനാണ് പാശ്ചാത്യ രാജ്യങ്ങൾ ഇസ്രായേലിനെ ഇങ്ങനെ കണ്ണടച്ച് പിന്തുണയ്ക്കുന്നത്.. തുർക്കി ഒരിക്കലും അതിന് മുതിരില്ല. തുർക്കിയുടെ അതിർത്തികൾ രക്തകലുഷിതമാകാൻ സർക്കാർ സമ്മതിക്കില്ല. ഇസ്രായേലിന്റെ ഈ നരനായാട്ട് അവസാനിക്കണം. അതിന് കൂടുതൽ രാജ്യങ്ങളുടെ പിന്തുണ ആവശ്യമാണ്. ഫലസ്തീനിൽ മാത്രമല്ല, സിറിയയിലും ലെബനനിലും ഇറാനിലുമെല്ലാം ആ പിന്തുണ പ്രകടമാക്കണം".
ഉർദുഗാന് മുമ്പ് സംസാരിച്ച തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാനും സമാനരീതിയിൽ ഇസ്രായേലിനെ വിമർശിച്ചിരുന്നു. ഇറാനെ ആക്രമിച്ചത് വഴി പശ്ചിമേഷ്യയെ ഒന്നാകെ ഇസ്രായേൽ നാശത്തിലേക്ക് തള്ളിയിടുകയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഫലസ്തീനോ ഇറാനെ സിറിയയോ അല്ല, മറിച്ച് ഇസ്രായേലാണ് പ്രശ്‌നങ്ങൾക്ക് കാരണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനെതിരായ ആക്രമണം നിർത്താൻ ഇസ്രായേൽ തയാറാകണമെന്ന് ചേർന്ന ഒ ഐ സി സമ്മേളനത്തിൽ അംഗരാജ്യങ്ങളെല്ലാം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.. സമ്മേളത്തിനിടെ ഗൾഫ് വിദേശകാര്യ മന്ത്രിമാർ ഇറാൻ വിദേശകാര്യ മന്ത്രിയുമായി സ്ഥിഗതികൾ ചർച്ച ചെയ്യുകയും ചെയ്തു. ഇസ്രായേൽ നിയമവിരുദ്ധ ആക്രമണം നിർത്തണമെന്ന് റഷ്യയും ചൈനയും നേരത്തേ തന്നെ ആഹ്വാനം ചെയ്തിരുന്നു.
Adjust Story Font
16

