ദോഹയിലെ ഇസ്രായേൽ ആക്രമണം: ബന്ദികളുടെ 'എല്ലാ പ്രതീക്ഷയും നെതന്യാഹു ഇല്ലാതാക്കി' ഖത്തർ പ്രധാനമന്ത്രി
ദോഹയിലെ ആക്രമണം ഭരണകൂട ഭീകരതയിൽ കുറഞ്ഞതല്ലെന്നും ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽ-താനി പറഞ്ഞു

ദോഹ: ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ബെഞ്ചമിൻ നെതന്യാഹുവിനെ രൂക്ഷമായി വിമർശിച്ച് ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽതാനി. 'കിരാതമായ പ്രവർത്തി' എന്നാണ് അൽതാനി ആക്രമണത്തെ വിശേഷിപ്പിച്ചത്. 'ഞങ്ങൾ പരിഷ്കൃതരായ ആളുകളോടാണ് ഇടപെടുന്നതെന്ന് കരുതിയിരുന്നു.' ഖത്തർ പ്രധാനമന്ത്രി സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ചൊവ്വാഴ്ച ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണം ഗസ്സയിൽ അവശേഷിക്കുന്ന ഇസ്രായേൽ ബന്ദികളുടെ 'ഏതെങ്കിലും പ്രതീക്ഷയെ ഇല്ലാതാക്കി' എന്ന് താൻ വിശ്വസിക്കുന്നുവെന്നും അൽ-താനി കൂട്ടിച്ചേർത്തു. 'ആക്രമണത്തിന്റെ രാവിലെ ഞാൻ ബന്ദികളുടെ കുടുംബങ്ങളിൽ ഒരാളെ കാണുകയായിരുന്നു.' അൽ-താനി പറഞ്ഞു. 'അവർ ഈ (വെടിനിർത്തൽ) മധ്യസ്ഥതയല്ലാതെ അവർക്ക് വേറെ പ്രതീക്ഷകളൊന്നുമില്ലായിരുന്നു'. അൽ-താനി കൂട്ടിച്ചേർത്തു.
'നെതന്യാഹു ഇന്നലെ ചെയ്തത്, ആ ബന്ദികളുടെ എല്ലാ പ്രതീക്ഷകളെയും ഇല്ലാതാക്കി എന്ന് ഞാൻ കരുതുന്നു.' ഖത്തർ പ്രധാനമന്ത്രി പറഞ്ഞു. ദോഹയിലെ ആക്രമണം 'ഭരണകൂട ഭീകരത'യിൽ കുറഞ്ഞതല്ലെന്ന് അൽ-താനി സിഎൻഎന്നിനോട് പറഞ്ഞു. ചൊവ്വാഴ്ച ഒരു വാർത്താ സമ്മേളനത്തിൽ വേദിയിലെത്തിയ പ്രധാനമന്ത്രി ഇസ്രായേലിനെതിരെ ഇതേ പദം ഉപയോഗിച്ചിരുന്നു. 'ഇത്തരമൊരു നടപടിയിൽ ഞങ്ങൾ എത്രമാത്രം രോഷാകുലരാണെന്ന് പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകളില്ല. ഇത് ഭരണകൂട ഭീകരതയാണ്.' തങ്ങൾ വഞ്ചിക്കപ്പെട്ടിരിക്കുന്നു എന്നും അൽ-താനി സിഎൻഎന്നിനോട് പറഞ്ഞു.
ആക്രമണത്തിന് തൊട്ടുപിന്നാലെ ഖത്തർ മധ്യസ്ഥ ശ്രമങ്ങളിൽ നിന്ന് പിന്മാറില്ലെന്ന് അൽ-താനി മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. എന്നാൽ ഖത്തർ തലസ്ഥാനത്തെ ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ടതോടെ നെതന്യാഹു 'സ്ഥിരതക്കും സമാധാനത്തിനുമുള്ള ഏതൊരു സാധ്യതക്കും തുരങ്കം വെച്ചതായും അൽ-താനി പറഞ്ഞു.
Adjust Story Font
16

