ഗസ്സയിലേക്ക് അടിയന്തര സഹായം എത്തുന്നത് തടയാന്‍ ശ്രമം; റഫ അതിർത്തി തുറക്കുന്നത് നിർത്തിവെച്ച് നെതന്യാഹു
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതി അംഗീകരിക്കാനാവില്ലെന്ന് ഹമാസ്

Photo| ANGELA WEISS / AFP
ഗസ്സ സിറ്റി: തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ. ഒരു കുടുംബത്തിലെ 11പേരുൾപ്പെടെ വെടിനിർത്തൽ വേളയിലെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 38 ആയി.
എട്ടു ദിവസങ്ങള്‍ക്കിടെ 47 തവണയാണ് ഇസ്രായേൽ വെടിനിർത്തൽ കരാർ ലംഘിച്ചത്. കരാറിലെ മറ്റു വ്യവസ്ഥകൾ നടപ്പാക്കാനും ഇസ്രായേൽ വിസമ്മതിക്കുകയാണ്. ഗസ്സയിലേക്കുള്ള ഭക്ഷണവും മരുന്നുമടക്കമുള്ള അടിയന്തര സഹായങ്ങൾക്കായി റഫ അതിർത്തി തുറക്കാതിരിക്കുന്നതും ലംഘനത്തിലുൾപ്പെടും. റഫ അതിർത്തി തുറക്കരുതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഇന്നലെ ആവശ്യപ്പെടുകയായിരുന്നു.
ഗസ്സ നഗരത്തിലെ സെയ്ത്തൂൻ മേഖലയിലെ തങ്ങളുടെ വീട് സന്ദർശിക്കാൻ പുറപ്പെട്ട അബൂ ശാബാൻ കുടംബത്തിലെ ഏഴ് കുട്ടികളും മൂന്ന് സ്ത്രീകളുമടക്കം പതിമൂന്ന് പേരാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. കരാർ പ്രകാരമുള്ള യെല്ലോ ലൈൻ മറികടക്കാൻ ശ്രമിച്ചതിനാലാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ വാദിക്കുന്നത്. എന്നാൽ ഇത് കൂട്ടക്കൊലപാതകമാണെന്നും അക്രമണത്തെ ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ലെന്നും ഹമാസ് വ്യക്തമാക്കി. ഗസ്സയിലെ നിർണിത യെല്ലോ ലൈൻ മറികടക്കാൻ ആരു ശ്രമിച്ചാലും ശക്തമായി നേരിടുമെന്ന് പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞു.
അതിനിടെ, രണ്ട് ബന്ദികളുടെ മൃതദേഹങ്ങൾ കൂടി ഇന്നലെ രാത്രി ഹമാസ് ഇസ്രായേലിനു കൈമാറി. ഇനി 16 മൃതദേഹങ്ങൾ കൂടിയാണ് കണ്ടെത്തി കൈമാറേണ്ടത്. മൃതദേഹങ്ങൾ കണ്ടെത്താനുള്ള യത്നത്തിൽ സഹായവാഗ്ദാനവുമായി തുർക്കി രംഗത്തു വന്നെങ്കിലും ഇസ്രായേൽ അനുമതി നൽകിയിട്ടില്ല. അതിനിടെ, 15 ഫലസ്തീൻ മൃതദേഹങ്ങൾ കൂടി ഇസ്രായേൽ കൈമാറി. ഇതുൾപ്പടെ 135പേരുടെ മൃതദേഹങ്ങളാണ് ഇസ്രായേൽ ഇതിനകം കൈമാറിയത്. കരാർപ്രകാരം 360 മൃദേഹങ്ങളാണ് ഇസ്രായേൽ വിട്ടുനൽകേണ്ടത്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ തൂബയിൽ ഫലസ്തീൻ പോരാളികൾ എറിഞ്ഞ സ്ഫോടകവസ്തു പൊട്ടത്തെറിച്ച് രണ്ട് സൈനികർക്ക് പരിക്കേറ്റതായി ഇസ്രായേൽ അറിയിച്ചു.
Adjust Story Font
16

