Quantcast

ട്രംപിനെ യുദ്ധത്തിന് കൊണ്ടുപോയത് നെതന്യാഹു, ഇപ്പോള്‍ പുറത്തുകടക്കാന്‍ കഴിയാതായി : ബേണി സാന്‍ഡേഴ്‌സ്

ജനപിന്തുണയില്ലാത്ത, ഭീകരമായ യുദ്ധമാണ് ഇറാനെതിരെ നടത്തുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു

MediaOne Logo
Netanyahu led Trump into this horrific unpopular war Bernie Sanders
X

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇറാനെതിരായ യുദ്ധത്തിലേക്ക് നയിച്ചത് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു ആണെന്നും ഇപ്പോള്‍ യുദ്ധത്തില്‍ നിന്ന് എങ്ങനെ പുറത്തുകടക്കുമെന്ന് ട്രംപിന് അറിയാതായെന്നും യുഎസിലെ മുതിര്‍ന്ന സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സ്. ജനപിന്തുണയില്ലാത്ത, ഭീകരമായ യുദ്ധമാണ് ഇറാനെതിരെ നടത്തുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

യുദ്ധത്തില്‍ ഇതുവരെയുണ്ടായ നഷ്ടങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. 1200ലേറെ സാധാരണക്കാര്‍ ഇറാനില്‍ കൊല്ലപ്പെട്ടു. 13 യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു. ഇറാനിലെ 32 ലക്ഷം ജനങ്ങള്‍ അഭയാര്‍ഥികളായി. പതിനായിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. ലെബനാനില്‍ 773 പേരെ കൊലപ്പെടുത്തി. 12 ദിവസം 16.5 ബില്യണ്‍ യുഎസ് ഡോളറാണ് യുദ്ധത്തിന് ചെലവഴിച്ചത് -സാന്‍ഡേഴ്‌സ് പറഞ്ഞു.

ട്രംപും നെതന്യാഹുവും തുടങ്ങിവെച്ച യുദ്ധം അന്താരാഷ്ട്ര നിയമലംഘനമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും ബേണി സാന്‍ഡേഴ്സ് നേരത്തെ വിമര്‍ശിച്ചിരുന്നു. വിയറ്റ്നാമിലെയും ഇറാഖിലെയും യുദ്ധ നുണകള്‍ നാം കണ്ടതാണ്. അവസാനമില്ലാത്ത യുദ്ധങ്ങള്‍ ഇനി വേണ്ട. എത്രയും വേഗം ഒരു യുദ്ധ അധികാര പ്രമേയം യുഎസ് കോണ്‍ഗ്രസ് പാസ്സാക്കണമെന്നും സാന്‍ഡേഴ്സ് പറഞ്ഞിരുന്നു.

'വിയറ്റ്‌നാമിനെ കുറിച്ച് അമേരിക്കന്‍ ജനതയോട് കള്ളം പറഞ്ഞു. ഇറാഖിനെ കുറിച്ച് അമേരിക്കന്‍ ജനതയോട് കള്ളം പറഞ്ഞു. ഇന്ന് അമേരിക്കന്‍ ജനതയോട് ഒരിക്കല്‍ കൂടി കള്ളം പറയുകയാണ്. അതിന്റെ വില നല്‍കേണ്ടിവരുന്നത് സാധാരണക്കാരായ ജനങ്ങളാണ്. രാഷ്ട്രീയം ഏതുതന്നെയായിക്കോട്ടെ, യുഎസിലെ ജനങ്ങള്‍ അവസാനമില്ലാത്ത യുദ്ധം ആഗ്രഹിക്കുന്നില്ല. അവര്‍ക്ക് വേണ്ടത് മാന്യമായ വേതനം ലഭിക്കുന്ന ജോലിയും ആരോഗ്യസംരക്ഷണവും താങ്ങാവുന്ന താമസ സൗകര്യവുമാണ്. കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. മറ്റൊരു അര്‍ഥശൂന്യമായ യുദ്ധത്തിലേക്ക് നമ്മെ കൊണ്ടുപോകാന്‍ ട്രംപിനെ അനുവദിക്കരുത്. ഇറാനുമായി യുദ്ധം വേണ്ട' -ബേണി സാന്‍ഡേഴ്‌സ് പറഞ്ഞു.

TAGS :

Next Story