ലബനനിൽ അതിർത്തി പ്രദേശം കൂടുതൽ കൈക്കലാക്കാൻ ഇസ്രായേൽ; സൈന്യത്തിന് നിർദേശം നൽകി നെതന്യാഹു
തെക്കൻ ലബനനിലെ ഇസ്രായേൽ അധിനിവേശം വ്യാപിപ്പിക്കുമെന്നും അറിയിച്ചു

ജറുസലെം: ലബനനിൽ അതിർത്തി പ്രദേശം കൂടുതൽ കൈക്കലാക്കാൻ സൈന്യത്തിന് നിർദേശം നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു. അതിർത്തി സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും നെതന്യാഹു പറഞ്ഞു. തെക്കൻ ലബനനിലെ ഇസ്രായേൽ അധിനിവേശം വ്യാപിപ്പിക്കുമെന്നും അറിയിച്ചു.
ഇറാന്‍റെ പിന്തുണയുള്ള ഹിസ്‍ബുല്ല ഗ്രൂപ്പിനെ ഇസ്രായേൽ സൈന്യം ലക്ഷ്യം വയ്ക്കുന്നത് തുടരുന്നതിനാൽ, ലബനനിലെ നിലവിലുള്ള സുരക്ഷാ മേഖല എന്ന് വിളിക്കുന്ന മേഖല ഇസ്രായേൽ വികസിപ്പിക്കുമെന്ന് നെതന്യാഹു പറഞ്ഞു . "വടക്കൻ മേഖലയിലെ സാഹചര്യം അടിമുടി മാറ്റാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുകയാണ്" വടക്കൻ ഇസ്രായേൽ സന്ദർശനത്തിനിടെ അദ്ദേഹം വ്യക്തമാക്കി. ഹിസ്ബുല്ലക്ക് ഇപ്പോഴും ഇസ്രായേലിന് നേരെ റോക്കറ്റുകൾ തൊടുക്കാനുള്ള ശേഷിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സൈനിക നീക്കത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇറാൻ യുദ്ധം ആരംഭിച്ചതിനുശേഷം നടന്ന പോരാട്ടങ്ങളിൽ ലബനനിൽ ഇതുവരെ 1,100-ലധികം ആളുകൾ കൊല്ലപ്പെട്ടതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം ഇസ്രായേലിലെ ബീർഷേബയിൽ കെമിക്കൽ ഫാക്ടറിക്ക് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ നാല് പേര്‍ക്ക് പരിക്കേറ്റു. അപകടകരമായ രാസവസ്തുക്കൾ വായുവിൽ കലർന്നതായും പുറത്തിറങ്ങരുതെന്നും പ്രദേശവാസികൾക്ക് നിർദേശം നൽകി. ഫാക്ടറിയിലെ തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല.
വിനാശകാരിയായ യുദ്ധം അവസാനിപ്പിക്കാൻ ഇരുകൂട്ടരും തയ്യാറാകണമെന്ന് പാക് വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു. അമേരിക്കയും ഇറാനും ഇസ്‍ലാമാബാദിൽ നേരിട്ടുള്ള ചർച്ചക്ക് തയാറാകണം. ചർച്ചക്ക് ചൈനീസ് വിദേശകാര്യ മന്ത്രി പൂർണ പിന്തുണ അറിയിച്ചു .
Adjust Story Font
16

