'ഇതൊരു തുടക്കം മാത്രം'; ഗസ്സയിൽ വീണ്ടും കൂട്ടക്കുരുതി ആരംഭിച്ചതിന് പിന്നാലെ ഭീഷണിയുമായി നെതന്യാഹു
താത്ക്കാലിക വെടിനിർത്തൽ അവസാനിപ്പിച്ച് മുന്നറിയിപ്പില്ലാതെ ഗസ്സയ്ക്കു നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 413 ആയി ഉയർന്നു.

തെൽഅവീവ്: ഒന്നാം ഘട്ട വെടിനിർത്തൽ അവസാനിപ്പിച്ച് ഗസ്സയിൽ 400ലേറെ പേരെ വീണ്ടും കൂട്ടക്കുരുതി ചെയ്ത ഇസ്രായേൽ നടപടിയിൽ വിശദീകരണവും ഭീഷണിയുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഈ ആക്രമണം ഒരു തുടക്കം മാത്രമാണെന്നും കൂടുതൽ സൈനിക ശക്തിയോടെ ഹമാസിനെ ആക്രമിക്കുമെന്നും മുന്നറിയിപ്പ് നൽകി.
ഭാവിയിലെ വെടിനിർത്തൽ ചർച്ചകൾ ആക്രമണങ്ങൾക്കൊപ്പമായിരിക്കുമെന്നും നെതന്യാഹു ചൊവ്വാഴ്ച വൈകീട്ട് ഒരു ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞു. 'കഴിഞ്ഞ 24 മണിക്കൂറിനിടെ ഹമാസ് ഞങ്ങളുടെ സൈന്യത്തിന്റെ ശക്തിയറിഞ്ഞു. ഇതൊരു തുടക്കം മാത്രമാണെന്ന് ഞാൻ നിങ്ങളോടും അവരോടും ഉറപ്പിച്ചുപറയുന്നു'- നെതന്യാഹു വ്യക്തമാക്കി.
'ലക്ഷ്യങ്ങൾ നേടുംവരെ ഞങ്ങൾ യുദ്ധം തുടരും- മുഴുവൻ ബന്ദികളുടെയും മോചനം, ഹമാസിന്റെ ഉന്മൂലനം, ഗസ്സയെ എന്നെന്നേക്കുമായി ഇസ്രായേലിന് ഭീഷണിയല്ലാതാക്കുക എന്നിവയാണവ'യെന്നും നെതന്യാഹു വിശദമാക്കി. ബന്ദികളെ കൈമാറാൻ തയാറായില്ലെങ്കിൽ മാരകമായ ആക്രമണമായിരിക്കും നടക്കുയെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി. ആറാഴ്ച നീണ്ടുനിന്ന ആദ്യ ഘട്ടവെടിനിർത്തൽ കാലയളവിൽ ഏകദേശം 2,000 പലസ്തീൻ തടവുകാരെ ഇസ്രായേലും ഇവർക്കു പകരമായി ഹമാസ് 35ഓളം ബന്ദികളെയും വിട്ടയച്ചിരുന്നു.
താത്ക്കാലിക വെടിനിർത്തൽ അവസാനിപ്പിച്ച് മുന്നറിയിപ്പില്ലാതെ കഴിഞ്ഞദിവസം ഗസ്സയ്ക്കു നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 413 ആയി ഉയർന്നു. നിരവധി സ്ത്രീകളും കുട്ടികളും മരിച്ചവരിൽ ഉൾപ്പെടും. 660ലേറെ പേർക്ക് പരിക്കേറ്റു. ഉറങ്ങിക്കിടന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയാണ് ഇസ്രായേല്‍ ബോംബിട്ടത്.
ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ വ്യോമാക്രമണം തുടരുന്നതിനൊപ്പം കരയാക്രമണത്തിനുള്ള ഒരുക്കങ്ങളും ആരംഭിച്ചിരിക്കുകയാണ് ഇസ്രായേൽ. ഇതിന്‍റെ ഭാഗമായി ബയ്ത് ഖാനൂൻ ഉൾപ്പെടെ കിഴക്കൻ ഗസ്സയിൽ നിന്ന് ആളുകളോട് ഒഴിഞ്ഞു പോകാൻ ഇസ്രായേൽ സേന മുന്നറിയിപ്പ് നൽകി. ഇസ്രായേല്‍ ഏകപക്ഷീയമായി വെടിനിർത്തല്‍ അവസാനിപ്പിച്ചെന്ന് ഹമാസ് ആരോപിച്ചു.
ട്രംപ് ഭരണകൂടത്തിന്‍റെ പൂർണ പിന്തുണയോടെയാണ് ഇസ്രായേലിന്‍റെ ഗസ്സ ആക്രമണം. ഇസ്രായേലിനെയും അമേരിക്കയെയും ഭീതിയിലാക്കാൻ ഉദ്ദേശിക്കുന്ന ഹമാസും ഹൂതികളുമടക്കം വിലനൽകേണ്ടിവരുമെന്ന് വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചു. ഗസ്സയിലെ കൂട്ടക്കുരുതിക്ക് അമേരിക്ക ഉത്തരവാദിയാണെന്നും അന്താരാഷ്ട്ര സമൂഹം അടിയന്തര നടപടി സ്വീകരിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു.
അതേസമയം, ബന്ദികളുടെ ജീവൻ അപകടത്തിലാക്കുന്ന രീതിയില്‍ യുദ്ധം പുനരാരംഭിച്ച നെതന്യാഹുവിനെതിരെ തെൽ അവീവിലും മറ്റും പതിനായിരങ്ങൾ തെരുവിലിറങ്ങി. എന്നാൽ ആക്രമണം പുനരാരംഭിച്ച നെതന്യാഹുവിന് പിന്തുണ പ്രഖ്യാപിച്ച് മുൻ മന്ത്രിയും തീവ്ര വലതുപക്ഷ നേതാവായ ഇറ്റമർ ബെൻഗ്വിർ രംഗത്തുവന്നു. ആക്രമണം ഉടൻ നിർത്തി വെടിനിർത്തലിന് ഇരുപക്ഷവും തയാറാകണമെന്ന് യൂറോപ്യൻ യൂനിയൻ ആവശ്യപ്പെട്ടു. ഗസ്സയിലെ കൂട്ടക്കുരുതിയെ അപലപിച്ച് അറബ്, മുസ്ലിം രാജ്യങ്ങൾ രംഗത്തുവന്നു.
Adjust Story Font
16



