ഇറാൻ- അമേരിക്ക ചർച്ച പരാജയപെട്ടതിന് പിന്നിൽ നെതന്യാഹുവിന്റെ ഫോൺ കോളോ?
അമേരിക്കൻ പ്രതിനിധി സംഘത്തെ നയിച്ച വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസുമായി നെതന്യാഹു നടത്തിയ ഫോൺ സംഭാഷണമാണ് ചർച്ചകളെ അട്ടിമറിച്ചതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി ആരോപിച്ചു

- Published:
13 April 2026 10:27 AM IST

ഇസ്‌ലാമാബാദ്: പാകിസ്താൻ തലസ്ഥാനമായ ഇസ്‌ലാമാബാദിൽ നടന്ന അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ യാതൊരു തീരുമാനങ്ങളുമില്ലാതെ പരാജയപ്പെട്ടു. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു നടത്തിയ ഒരു ഫോൺ കോളാണ് ചർച്ചകൾ വഴിമുട്ടാൻ കാരണമെന്ന് ഇറാൻ ആരോപിച്ചു. 21 മണിക്കൂർ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലാണ് അമേരിക്കൻ പ്രതിനിധി സംഘം ഇസ്‌ലാമാബാദിൽ നിന്നും മടങ്ങിയത്.
അമേരിക്കൻ പ്രതിനിധി സംഘത്തെ നയിച്ച വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസുമായി നെതന്യാഹു നടത്തിയ ഫോൺ സംഭാഷണമാണ് ചർച്ചകളെ അട്ടിമറിച്ചതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി ആരോപിച്ചു. ഈ ഫോൺ കോൾ വന്നതോടെ, ചർച്ചയുടെ ദിശ അമേരിക്ക-ഇറാൻ വിഷയങ്ങളിൽ നിന്നും ഇസ്രായേലിൻ്റെ താല്പര്യങ്ങളിലേക്ക് മാറിയെന്ന് അദ്ദേഹം വ്യക്തമാക്കി. യുദ്ധത്തിലൂടെ നേടാൻ കഴിയാത്തത് ചർച്ചാ മേശയിലൂടെ നേടിയെടുക്കാനാണ് അമേരിക്ക ശ്രമിച്ചതെന്നും അരാഗ്ചി എക്സിൽ കുറിച്ചു.
ഇറാൻ തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കാൻ തയ്യാറായില്ലെന്നാണ് ചർച്ചകൾക്ക് ശേഷം ജെ.ഡി വാൻസ് പ്രതികരിച്ചത്. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ പരിപാടികൾ പൂർണമായും അവസാനിപ്പിക്കുക, നിലവിലുള്ള യുറേനിയം ശേഖരം കൈമാറുക, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണമായും സ്വതന്ത്രമാക്കുക എന്നീ ആവശ്യങ്ങളാണ് അമേരിക്ക പ്രധാനമായും ഉന്നയിച്ചത്. ഇത് അമേരിക്കയുടെ 'അവസാനത്തെയും മികച്ചതുമായ' ഓഫർ ആയിരുന്നുവെന്ന് വാൻസ് വ്യക്തമാക്കി.
എന്നാൽ അമേരിക്കൻ ആവശ്യങ്ങൾ ഇറാൻ പൂർണമായും തള്ളിക്കളഞ്ഞു. തികഞ്ഞ സദ്ഭാവനയോടെയാണ് ഇറാൻ ചർച്ചകളിൽ പങ്കെടുത്തതെന്നും എന്നാൽ 40 ദിവസം നീണ്ട യുദ്ധത്തിന് ശേഷം കടുത്ത അവിശ്വാസം നിലനിൽക്കുന്ന സാഹചര്യത്തിൽ ഒറ്റയടിക്ക് ഒരു കരാറിലെത്തുക അസാധ്യമാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായി പറഞ്ഞു. രാജ്യത്തിൻ്റെ പരമാധികാരവും താല്പര്യങ്ങളും സംരക്ഷിക്കാൻ ഇറാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ കടുത്ത നടപടികളുമായി രംഗത്തെത്തി. ആണവ മോഹങ്ങൾ ഉപേക്ഷിക്കാൻ ഇറാൻ തയ്യാറല്ലാത്തതാണ് ചർച്ചകൾ പരാജയപ്പെടാൻ കാരണമെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഇതിന് പിന്നാലെ ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം ഏർപ്പെടുത്താനും അദ്ദേഹം ഉത്തരവിട്ടു. അതേസമയം, സൈനിക നടപടികളിലൂടെ ഇറാൻ്റെ ആണവ-മിസൈൽ പദ്ധതികൾ തകർക്കാൻ കഴിഞ്ഞതായി ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവും അവകാശപ്പെട്ടു.
ചർച്ചകൾ പരാജയപ്പെട്ടത് ആഗോള എണ്ണവിപണിയെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയെ തുടർന്ന് ബാരലിന് 119 ഡോളർ വരെ എത്തിയിരുന്ന ബ്രെൻ്റ് ക്രൂഡ് ഓയിൽ വില, വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷം 95 ഡോളറിലേക്ക് താഴ്ന്നിരുന്നു. എന്നാൽ സമാധാന ശ്രമങ്ങൾ പരാജയപ്പെട്ടതോടെ എണ്ണവില വീണ്ടും വൻതോതിൽ കുതിച്ചുയരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ഏഷ്യൻ വിപണികളെ ഇത് കാര്യമായി ബാധിച്ചേക്കാം.
രണ്ടാഴ്ച മുമ്പ് പ്രഖ്യാപിച്ച താൽക്കാലിക വെടിനിർത്തൽ കരാറിൻ്റെ കാലാവധി അവസാനിക്കാൻ വെറും ഒമ്പത് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ചർച്ചകൾ വഴിമുട്ടിയിരിക്കുന്നത്. ഇത് പശ്ചിമേഷ്യയിൽ വീണ്ടും രൂക്ഷമായ സംഘർഷങ്ങൾക്ക് വഴിവെച്ചേക്കാം. അമേരിക്കയുടെ ഭാഗത്ത് നിന്ന് കൂടുതൽ കടുത്ത നീക്കങ്ങൾ ഉണ്ടാകുമോ എന്ന ഭയത്തിലാണ് ലോകരാജ്യങ്ങൾ.
Adjust Story Font
16
