Quantcast

ഗസ്സയിലെ വംശഹത്യക്ക് ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കേണ്ട; 60% അമേരിക്കക്കാരും ആയുധക്കൈമാറ്റത്തെ എതിര്‍ക്കുന്നു

അമേരിക്കന്‍ ജനതയ്ക്ക് ഇസ്രായേലിനോടുള്ള എതിര്‍പ്പ് ശക്തമാകുന്നതിനൊപ്പം ഫലസ്തീനോടുള്ള അടുപ്പം വര്‍ധിക്കുന്നതായും സര്‍വെ ഫലം ചൂണ്ടിക്കാണിക്കുന്നു

MediaOne Logo

Web Desk

  • Published:

    29 Aug 2025 11:49 AM IST

Global Hunger Monitor Says Famine Confirmed In Gaza City Region
X

വാഷിങ്ടണ്‍: ഗസ്സയിലെ ഇസ്രായേല്‍ വംശഹത്യയെ സഹായിക്കാന്‍ അമേരിക്ക ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കുന്നതില്‍ ഭൂരിഭാഗം അമേരിക്കക്കാരും അതൃപ്തരെന്ന് സര്‍വെ റിപ്പോര്‍ട്ട്. അമേരിക്കയിലെ ക്വിന്നിപിയാക് യൂണിവേഴ്‌സിറ്റി പുറത്തുവിട്ട സര്‍വെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ 60% ജനങ്ങളും അമേരിക്ക ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കി സഹായിക്കുന്നതിനെ എതിര്‍ക്കുന്നു. 32% അമേരിക്കക്കാര്‍ മാത്രമാണ് ആയുധ കൈമാറ്റത്തെ അനുകൂലിക്കുന്നത്. ആയുധവില്‍പ്പനയെ എതിര്‍ക്കുന്നവരില്‍ ഭൂരിഭാഗവും ഡെമോക്രാറ്റുകളാണ്. സര്‍വെയില്‍ പങ്കെടുത്ത 75% ഡെമോക്രാറ്റുകളും അമേരിക്കയുടെ ഈ ആയുധക്കച്ചവടത്തെ പിന്തുണക്കുന്നില്ല. എന്നാല്‍ ഭരണകക്ഷിയായ റിപബ്ലിക്കന്മാരില്‍ 56% പേരും ആയുധവില്‍പ്പനയെ അനുകൂലിക്കുന്നുണ്ട്. 36% ആളുകള്‍ മാത്രമാണ് ഇതിനെ എതിര്‍ക്കുന്നത്. സ്വതന്ത്രരില്‍ 66% വും ആയുധക്കൈമാറ്റത്തെ എതിര്‍ക്കുന്നു.

2023 നവംബര്‍ മുതല്‍ ക്വിന്നിപിയാക് നടത്തി വരുന്ന സര്‍വെയില്‍ ഇതാദ്യമായാണ് ഇത്രത്തോളം അമേരിക്കക്കാര്‍ ആയുധവില്‍പ്പനയെ എതിര്‍ക്കുന്നത്. ഇസ്രായേലിനോട് അനുഭാവം പുലര്‍ത്തുന്ന റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ യുവാക്കളുടെ എണ്ണത്തിലും ഗണ്യമായ ഇടിവ് സംഭവിച്ചിട്ടുണ്ട്. അമേരിക്കന്‍ ജനതയ്ക്ക് ഇസ്രായേലിനോടുള്ള എതിര്‍പ്പ് ശക്തമാകുന്നതിനൊപ്പം ഫലസ്തീനോടുള്ള അടുപ്പം വര്‍ധിക്കുന്നതായും സര്‍വെ ഫലം ചൂണ്ടിക്കാണിക്കുന്നു. സര്‍വെയില്‍ പങ്കെടുത്ത 37% പേര്‍ ഫലസ്തീനോട് അനുകമ്പയുള്ളതായി വെളിപ്പെടുത്തിയപ്പോള്‍ 36% പേര്‍ ഇസ്രയേലിനൊപ്പം ചേര്‍ന്നു. എന്നാല്‍ 27% പേര്‍ നിഷ്പക്ഷത്തായിരുന്നു. 2001ന് ശേഷം ഇതാദ്യമായാണ് സര്‍വെയില്‍ ഫല്‌സ്തീനികളോടുള്ള അമേരിക്കന്‍ ജനതയുടെ ഐക്യദാര്‍ഢ്യം ഇത്രത്തോളം വര്‍ധിക്കുന്നത്.

50%ത്തോളം അമേരിക്കക്കാരും ഇസ്രായേല്‍ ഗസയില്‍ നടപ്പിലാക്കുന്നത് വംശഹത്യയാണെന്ന് വിശ്വസിക്കുന്നു. 35% പേര്‍ മാത്രമാണ് ഇതിനെ എതിര്‍ക്കുന്നത്. വംശഹത്യയെന്ന് വിലയിരുത്തിയവരില്‍ ഭൂരിഭാഗം പേരും ഡെമോക്രാറ്റുകളാണ്. റിപബ്ലിക്കന്മാരില്‍ 20% പേര്‍ മാത്രമാണ് ഗസയില്‍ നടക്കുന്നത് വംശഹത്യയാണെന്ന് വിശ്വസിക്കുന്നത്. എന്നാല്‍ സ്വതന്ത്രരില്‍ 51%വും ഗസയില്‍ ഇസ്രായേല്‍ നടത്തുന്നത് വംശഹത്യയാണെന്ന് ഉറച്ചുവിശ്വസിക്കുന്നു.ഫലസ്തീനികളോടുള്ള പിന്തുണ വര്‍ധിക്കുകയും ഇസ്രായേലിനുള്ള സൈനികസഹായം നല്‍കുന്നതിനെ എതിര്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുകയാണെന്ന് ക്വിന്നിപിയാക് യൂണിവേഴ്‌സിറ്റി പോളിങ് അനലിസ്റ്റ് ടിം മല്ലോയ് പറഞ്ഞു.

അതേസമയം, അമേരിക്കയിലെ പൊതുസമൂഹം ഇസ്രായേലില്‍ നിന്ന് അകലുമ്പോഴും ഭരണകൂടം ഇസ്രായേലിന് ആയുധങ്ങള്‍ കൈമാറാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. എന്നാല്‍ ഡെമോക്രാറ്റുകള്‍ ഈ ആയുധക്കൈമാറ്റത്തെ ശക്തമായി എതിര്‍ക്കുന്നുണ്ട്. ഇക്കഴിഞ്ഞ ജൂലൈയിൽ ഭൂരിഭാഗം ഡെമോക്രാറ്റിക് സെനറ്റ് അംഗങ്ങളും ഇസ്രായേലിനുള്ള ആയുധവില്‍പ്പന തടഞ്ഞുകൊണ്ടുള്ള പ്രമേയത്തെ അനുകൂലിച്ചിരുന്നു. ഏകദേശം 675 മില്യണ്‍ ഡോളര്‍ മുല്യമുള്ള ബോംബുകളും 20,000 റൈഫിളുകളും ഉള്‍പ്പെടുന്ന ആയുധക്കച്ചവടത്തിനായിരുന്നു യുഎസ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. റിപബ്ലിക്കന്‍ സെനറ്റര്‍മാര്‍ ഈ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തതിനാല്‍ ഇത് പാസായില്ല. ഇസ്രയേല്‍ നയത്തെ സംബന്ധിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളില്‍ ഇപ്പോഴും വിരുദ്ധ അഭിപ്രായങ്ങളുണ്ട്. ഇസ്രയേലിന്റെ വംശഹത്യയെക്കുറിച്ചുള്ള പാര്‍ട്ടിയുടെ പ്രതികരണം സംബന്ധിച്ചുള്ള രണ്ട് പ്രമേയങ്ങള്‍ ദേശീയ കമ്മറ്റിയില്‍ അവതരിച്ചപ്പോള്‍ അതിലൊന്ന് വിജയിപ്പിച്ചെടുക്കാന്‍ സാധിച്ചിരുന്നില്ല.

TAGS :

Next Story