'ഗസ്സ വംശഹത്യയെ അമേരിക്ക പിന്തുണക്കുന്നു'; ഇസ്രായേലിനെ അപലപിച്ചു പ്രസംഗിച്ച വിദ്യാർഥിയുടെ ബിരുദം തടഞ്ഞുവെച്ച് ന്യൂയോർക്ക് യൂനിവേഴ്സിറ്റി
ഫലസ്തീനിൽ നിലവിൽ നടക്കുന്ന അതിക്രമങ്ങളെ അപലപിക്കുന്നതായി അണ്ടർ ഗ്രാജുവേറ്റ് വിദ്യാർഥിയായ ലോഗൻ റോസോസ് തന്റെ പ്രഭാഷണത്തിൽ പറഞ്ഞു

ന്യൂയോർക്ക്: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയെ അമേരിക്ക പിന്തുണക്കുന്നുവെന്ന് ബിരുദദാന ചടങ്ങിൽ പ്രഭാഷണം നടത്തിയ വിദ്യാർഥിയുടെ ബിരുദം തടഞ്ഞുവെച്ച് ന്യൂയോർക്ക് സർവകലാശാല. ഫലസ്തീനിൽ നിലവിൽ നടക്കുന്ന അതിക്രമങ്ങളെ അപലപിക്കുന്നതായി അണ്ടർ ഗ്രാജുവേറ്റ് വിദ്യാർഥിയായ ലോഗൻ റോസോസ് തന്റെ പ്രഭാഷണത്തിൽ പറഞ്ഞു. എന്നാൽ പ്രഭാഷണത്തിൽ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ലോഗൻ റോസോസ് കള്ളം പറയുകയാണെന്ന് യൂനിവേഴ്സിറ്റി വക്താവ് ആരോപിച്ചു.
ട്രംപ് ഭരണകൂടം കോളേജ് കാമ്പസുകളിലെ ഫലസ്തീൻ അനുകൂല വാദങ്ങൾക്ക് തടവറ നൽകുന്ന സമയത്താണ് ന്യൂയോർക്ക് യൂനിവേഴ്സിറ്റി വിദ്യാർഥിയുടെ പ്രഭാഷണം. വിദ്യാർഥിയുടെ പരാമർശങ്ങളെ 'ശക്തമായി അപലപിക്കുകയും' 'അങ്ങേയറ്റം ഖേദിക്കുകയും' ചെയ്യുന്നതായി യൂനിവേഴ്സിറ്റി പ്രസ്താവനയിൽ പറയുന്നു. അദ്ദേഹത്തിന് ലഭിച്ച പദവി ദുരുപയോഗം ചെയ്തുവെന്നും യൂനിവേഴ്സിറ്റി കുറ്റപ്പെടുത്തി. ലോഗൻ റോസോസിനെതിരെ യൂനിവേഴ്സിറ്റി അച്ചടക്ക നടപടി സ്വീകരിക്കുന്നതുവരെ അദ്ദേഹത്തിന്റെ ഡിപ്ലോമ തടഞ്ഞുവയ്ക്കുമെന്ന് കോളേജ് വക്താവ് ജോൺ ബെക്ക്മാൻ പറഞ്ഞു.
'ഈ പ്രഭാഷണത്തെക്കുറിച്ച് ഞാൻ പരിഭ്രാന്തനാണെങ്കിലും ചില കാര്യങ്ങൾ തുറന്നുപറയാൻ ഞാൻ നിർബന്ധിതനാണ്.' വേദിയിൽ സ്വയം പരിചയപ്പെടുത്തിയ ശേഷം ബിരുദ വിദ്യാർഥിയായായ ലോഗൻ റോസോസ് പറഞ്ഞു. 'നിലവിൽ ഗസ്സയിൽ നടക്കുന്ന വംശഹത്യക്ക് അമേരിക്കയുടെ രാഷ്ട്രീയവും സൈനികവുമായ പിന്തുണയുണ്ട്. നമ്മുടെ നികുതി പണമാണ് അതിന് വേണ്ടി ചെലവാകുന്നത്. ലോഗൻ പ്രസംഗത്തിൽ പറഞ്ഞു. 'ഈ വംശഹത്യയെയും അതിൽ പങ്കാളിയാകുന്നതിനെയും ഞാൻ അപലപിക്കുന്നു.' ഏകദേശം രണ്ടര മിനിറ്റ് നീണ്ടുനിന്ന പ്രസംഗത്തിൽ ലോഗൻ കൂട്ടിച്ചേർത്തു.
Adjust Story Font
16

