അൽ ജസീറയിലെ മുതിർന്ന വാർത്താ അവതാരകൻ ജമാൽ റയ്യാൻ അന്തരിച്ചു
1996-ൽ അൽ ജസീറ ആരംഭിച്ചപ്പോൾ അതിന്റെ ആദ്യകാല സ്വത്വവും ശബ്ദവുമായി മാറിയവരിൽ പ്രധാനിയായിരുന്നു റയ്യാൻ

- Published:
15 March 2026 8:56 PM IST

ദോഹ: അറബ് ലോകത്തെ ഏറ്റവും ശ്രദ്ധേയനായ വാർത്താ അവതാരകരിലൊരാളായ ഫലസ്തീനിയൻ-ജോർദാനിയൻ മാധ്യമപ്രവർത്തകൻ ജമാൽ റയ്യാൻ (72) അന്തരിച്ചു. 1996-ൽ അൽ ജസീറ മീഡിയ നെറ്റ്‌വർക്ക് ആരംഭിച്ചപ്പോൾ അതിന്റെ ആദ്യകാല സ്വത്വവും ശബ്ദവുമായി മാറിയവരിൽ പ്രധാനിയായിരുന്നു റയ്യാൻ. ചാനലിന്റെ തുടക്കം മുതൽ വാർത്തകൾ അവതരിപ്പിച്ചിരുന്ന അദ്ദേഹം പശ്ചിമേഷ്യയിലെയും ലോകത്തെയും നിർണായക സംഭവവികാസങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൽ മുൻപന്തിയിലുണ്ടായിരുന്നു.
1974-ൽ ജോർദാൻ റേഡിയോ ആൻഡ് ടെലിവിഷൻ കോർപ്പറേഷനിലൂടെയാണ് മാധ്യമപ്രവർത്തനത്തിന് തുടക്കം കുറിച്ചത്. ബിബിസി, കൊറിയൻ ബ്രോഡ്കാസ്റ്റിങ് സിസ്റ്റം എന്നീ അന്താരാഷ്ട്ര മാധ്യമങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. തന്റെ കരിയറിലുടനീളം ഫലസ്തീൻ പ്രശ്‌നത്തെ അതീവ ഗൗരവത്തോടെ അദ്ദേഹം ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു.
അറബ് ലോകത്തെ പ്രമുഖ മാധ്യമപ്രവർത്തകരും സഹപ്രവർത്തകരും ജമാൽ റയ്യാന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ആധുനിക അറബിക് ടെലിവിഷൻ ജേണലിസത്തെ രൂപപ്പെടുത്തിയ തലമുറയിലെ പ്രധാനിയായാണ് റയ്യാൻ സ്മരിക്കപ്പെടുന്നത്.
Adjust Story Font
16
