Quantcast

'ഇസ്രായേലിന് ഫണ്ട്; ഗസ്സ വംശഹത്യയ്ക്ക് കൂട്ട്'; ജർമനിക്കെതിരെ നിക്കരാഗ്വ അന്താരാഷ്ട്ര കോടതിയില്‍

യു.എന്നിന്റെ ഫലസ്തീൻ അഭയാർഥി ഏജൻസിക്ക് നൽകിവരുന്ന സഹായം നിർത്തലാക്കുകയും ചെയ്തിരിക്കുകയാണ് ജര്‍മനി

MediaOne Logo

Web Desk

  • Updated:

    2024-03-03 15:47:07.0

Published:

3 March 2024 2:17 PM GMT

ഇസ്രായേലിന് ഫണ്ട്; ഗസ്സ വംശഹത്യയ്ക്ക് കൂട്ട്; ജർമനിക്കെതിരെ നിക്കരാഗ്വ അന്താരാഷ്ട്ര കോടതിയില്‍
X

ഹേഗ്: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയ്ക്ക് കൂട്ടുനിൽക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജർമനിക്കെതിരെ നിയമനടപടിയുമായി നിക്കരാഗ്വ. അന്താരാഷ്ട്ര നീതിന്യായ കോടതിയെയാണ്(ഐ.സി.ജെ) ലാറ്റിനമേരിക്കൻ രാജ്യം സമീപിച്ചിരിക്കുന്നത്. ജർമനി അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചെന്നാണു പരാതിയിൽ ആരോപിക്കുന്നത്.

ഗസ്സയിൽ കൂട്ടക്കുരുതി തുടരുമ്പോഴും ഇസ്രായേലിനു നൽകിവരുന്ന സഹായം നിർത്തിവയ്ക്കാൻ ജർമനി തയാറാകുന്നില്ലെന്ന് നിക്കരാഗ്വ കുറ്റപ്പെടുത്തി. ഇതോടൊപ്പം യു.എന്നിന്റെ ഫലസ്തീൻ അഭയാർഥി ഏജൻസിക്ക്(യു.എൻ.ആർ.ഡബ്ല്യു.എ) നൽകിവരുന്ന സഹായം നിർത്തലാക്കുകയും ചെയ്തു. ഇസ്രായേലിനുള്ള സഹായം നിർത്തിവയ്പ്പിക്കാനും ഫലസ്തീൻ അഭയാർഥി ഏജൻസിക്കുള്ള ഫണ്ടിങ് പുനരാരംഭിക്കാനും ജർമനിക്കുമേൽ സമ്മർദം ചെലുത്തണമെന്ന് നിക്കരാഗ്വ അന്താരാഷ്ട്ര കോടതിയോട് ആവശ്യപ്പെട്ടു.

''ഇസ്രായേലിന് ആയുധങ്ങൾ നൽകുന്നതോടൊപ്പമാണ്, ഫലസ്തീനിലെ സാധാരണക്കാർക്ക് അവശ്യസാധനങ്ങൾ എത്തിച്ചുനൽകുന്ന യു.എൻ ഏജൻസിക്കുള്ള സഹായം ജർമനി നിർത്തിവച്ചിരിക്കുന്നത്. ഇതിലൂടെ വംശഹത്യയ്ക്കു കൂട്ടുനിൽക്കുകയാണ് അവർ ചെയ്യുന്നത്. അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളിലെ യുദ്ധനിയമങ്ങളുമായി ബന്ധപ്പെട്ടുള്ള 1948ലെ വംശഹത്യ കൺവെൻഷന്റെയും 1949ലെ ജനീവ കൺവെൻഷന്റെയും ലംഘനമാണ് ജർമനി നടത്തിയിരിക്കുന്നത്''-ഐ.സി.ജെയിൽ സമർപ്പിച്ച ഹരജിയിൽ നിക്കരാഗ്വ ചൂണ്ടിക്കാട്ടി.

നയതന്ത്രതലത്തിൽ ഇസ്രായേലിന്റെ ഉറ്റ സഖ്യകക്ഷിയായ ജർമനി ആയുധവിതരണത്തിന്റെ കാര്യത്തിലും ഒട്ടും പിറകിലില്ല. അമേരിക്കയ്‌ക്കൊപ്പം ഇസ്രായേലിന് ഏറ്റവും കൂടുതൽ ആയുധം നൽകുന്ന രാജ്യങ്ങളിലൊന്നാണ് അവർ. ദിവസങ്ങൾക്കുമുൻപാണ് യു.എൻ ഫലസ്തീൻ അഭയാർത്ഥി ഏജൻസിക്കുള്ള സഹായം അവർ നിർത്തിവച്ചത്. യു.എസ്, ജർമനി, സ്വിറ്റ്‌സർലൻഡ്, കാനഡ, ബ്രിട്ടൻ എന്നീ രാജ്യങ്ങളും യു.എൻ.ആർ.ഡബ്ല്യു.എയ്ക്കുള്ള സഹായം റദ്ദാക്കിയിരുന്നു. ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിൽ 12 ഏജൻസി ജീവനക്കാർ പങ്കെടുത്തുവെന്ന ആരോപണം മറയാക്കിയാണു പടിഞ്ഞാറൻ രാജ്യങ്ങങ്ങളുടെ നടപടി.

ഫണ്ട് തടയുന്നത് ഫലസ്തീനിൽ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് യു.എൻ.ആർ.ഡബ്ല്യു.എ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇസ്രായേൽ ആക്രമണവും ഉപരോധവുമായി കൊടും പട്ടിണിയിലൂടെയും കടുത്ത യാതനയിലൂടെയുമാണ് ഫലസ്തീനികൾ കടന്നുപോകുന്നത്. ഇതിനിടെ, അടിയന്തരമായ ഭക്ഷ്യവസ്തുക്കളും മെഡിക്കൽ ഉപകരണങ്ങളും എത്തിക്കുന്നത് യു.എൻ.ആർ.ഡബ്ല്യു.എ ആണ്. ഏജൻസിയുടെ വരുമാന മാർഗം കൂടി മുട്ടിക്കുന്നതോടെ ഗസ്സയെ കൂട്ടമരണത്തിലേക്കു തള്ളിയിടുകയാണ് പടിഞ്ഞാറൻ രാജ്യങ്ങളെന്ന് അന്താരാഷ്ട്രതലത്തിൽ വൻ വിമർശനം ഉയരുന്നുണ്ട്.

കഴിഞ്ഞ ദിവസം ഗസ്സ സിറ്റിയിൽ ഭക്ഷണത്തിനു വരിനിന്ന ഫലസ്തീനികൾക്കുനേരെ ഇസ്രായേൽ സൈന്യം മിസൈൽ വർഷിച്ച സംഭവത്തിൽ അന്താരാഷ്ട്രതലത്തിൽ പ്രതിഷേധം കനക്കുകയാണ്. 117 പേരാണ് ഭക്ഷണവിതരണ കേന്ദ്രത്തിൽ ഒറ്റയടിക്ക് കൊല്ലപ്പെട്ടത്. ആയിരങ്ങൾക്കു പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, നിക്കരാഗ്വയുടെ ഹരജി അന്താരാഷ്ട്ര കോടതി എന്നു വാദംകേൾക്കാൻ എടുക്കുമെന്ന വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. നേരത്തെ ദക്ഷിണാഫ്രിക്ക ഇസ്രായേലിനെതിരെ കൊണ്ടുവന്ന വംശഹത്യാ കേസിനു പിന്നാലെയാണ് ഗസ്സ ആക്രമണം ഒരിക്കൽകൂടി അന്താരാഷ്ട്ര കോടതിയിലെത്തുന്നത്. നിക്കരാഗ്വയുടെ നിയമനടപടിയെക്കുറിച്ച് ജർമനി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Summary: Nicaragua files case at World Court accusing Germany of aiding Israel’s ‘genocide’

TAGS :

Next Story