വിമാനത്താവളമില്ല, സ്വന്തമായി കറൻസിയില്ല, ജനസംഖ്യ-40,000; ലോകത്തിലെ ഏറ്റവും സമ്പന്നമായ കുഞ്ഞൻ രാജ്യം!
സ്വന്തമായി അന്താരാഷ്ട്ര വിമാനത്താവളം പോലുമില്ലാത്ത ഈ രാജ്യത്തിലെ പ്രതിശീര്‍ഷ വരുമാനം വലുതാണ്

Photo| Google
വാഡുസ്: ഒരു രാജ്യം എത്രത്തോളം പ്രബലമാണെന്ന് അളക്കുന്നത് അതിന്‍റെ സൈനിക ശക്തി, പ്രദേശ വികാസം അല്ലെങ്കിൽ സാമ്പത്തിക സ്വാതന്ത്ര്യം എന്നിവയിലൂടെയാണ്.എന്നാൽ ഈ മുൻധാരണകളെയെല്ലാം മറികടക്കുകയാണ് ലിച്ചെൻസ്റ്റൈൻ എന്ന കുഞ്ഞൻ രാജ്യം. പരിമിതമായ വിഭവങ്ങൾ ഉണ്ടെങ്കിലും ഈ രാജ്യം സമ്പന്നമാണെന്ന് മാത്രമല്ല, ലോകത്തിലെ ഏറ്റവും സ്ഥിരതയുള്ള രാജ്യങ്ങളിലൊന്നായും കണക്കാക്കുന്നു. യൂറോപ്പിലെ നാലാമത്തെ ചെറുതും ലോകത്തെ ആറാമത്തെ ചെറുതുമായ രാജ്യത്തിന് സ്വന്തം പട്ടാളമില്ല. കറൻസിയില്ല എന്തിന് സ്വന്തമായി ഭാഷ പോലുമില്ല.
സ്വന്തമായി അന്താരാഷ്ട്ര വിമാനത്താവളം പോലുമില്ലാത്ത ഈ രാജ്യത്തിലെ പ്രതിശീര്‍ഷ വരുമാനം വലുതാണ്. കാര്യമായ നഗരവൽക്കരണം ഈ രാജ്യത്ത് നടന്നിട്ടില്ല. ജർമൻ ഭാഷ സംസാരിക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം കൂടിയാണ് ഇത്. കേവലം 25 കിലോമീറ്റര്‍ നീളവും ആറ് കിലോമീറ്റര്‍ വീതിയിലുമായി ആല്‍പ്‌സ് പര്‍വതനിരയ്ക്കിടയില്‍ മാത്രമായി ഒതുങ്ങുന്ന യൂറോപ്പിന്‍റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന കുഞ്ഞൻ രാജ്യം.
വെറും 62 ചതുരശ്രകിലോമീറ്ററാണ് രാജ്യത്തിന്‍റെ ആകെ വിസ്തീര്‍ണം. 40,000മാണ് ജനസംഖ്യ. ഇതിൽ 70 ശതമാനവും കുടിയേറ്റക്കാരാണ്. റോമാ സാമ്രാജ്യത്തിന്‍റെ അവശേഷിക്കുന്ന അവസാന ഭാഗമാണ് ലിച്ചെൻസ്റ്റൈൻ. അയൽരാജ്യമായ സ്വിറ്റ്സര്‍ലാന്‍റിനെയാണ് ഇവര്‍ പല കാര്യങ്ങൾക്കും ആശ്രയിക്കുന്നത്. സ്വിറ്റ്സര്ലന്‍ഡുമായി അതിര്‍ത്തിയോ അതിര്‍ത്തി നിയന്ത്രണങ്ങളോ ഇവിടെ ഇല്ല. സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നും ലിച്ചെൻസ്റ്റൈനിലേക്ക് വരുമ്പോള്‍ പാസ്പോര്‍ട്ട് കാണിക്കുക തുടങ്ങിയ സാധാരണ നടപടികളൊന്നും ഇവിടെയില്ല. സ്വിസ് ഫ്രാങ്ക് തന്നെയാണ് ലിച്ചെൻസ്റ്റെനിന്‍റെയും കറൻസി. ഈ നീക്കം ലിച്ചെൻസ്റ്റൈനെ ചെലവേറിയ ഒരു സെൻട്രൽ ബാങ്കിന്‍റെ ആവശ്യകതയും കറൻസി മാനേജ്‌മെന്‍റിന്‍റെ ഭാരത്തിൽ നിന്നും രക്ഷിച്ചു. അതുപോലെ, ഒരു വിമാനത്താവളം നിർമിക്കുന്നതിനുപകരം സ്വിറ്റ്‌സർലാന്‍റിന്‍റെയും ഓസ്ട്രിയയുടെയും ഗതാഗത ശൃംഖലകൾ ഉപയോഗപ്പെടുത്തി, കോടിക്കണക്കിന് ഡോളർ ലാഭിച്ചു.
ലിച്ചെൻസ്റ്റൈന്റെ യഥാർത്ഥ ശക്തി വ്യവസായത്തിലും നവീകരണത്തിലുമാണ്. ദന്തചികിത്സയിൽ ഉപയോഗിക്കുന്ന മൈക്രോ-ഡ്രില്ലുകൾ മുതൽ എയ്‌റോസ്‌പേസ് സാങ്കേതികവിദ്യ, ഓട്ടോമൊബൈൽ ഭാഗങ്ങൾ വരെ എല്ലാം ഉത്പാദിപ്പിക്കുന്ന പ്രിസിഷൻ എഞ്ചിനീയറിങ്ങിൽ മുന്നിലാണ് ഈ കൊച്ചുരാജ്യം. നിർമാണ ഉപകരണങ്ങളിൽ ആഗോളതലത്തിൽ മുൻപന്തിയിലുള്ള ഹിൽറ്റി എന്ന ബഹുരാഷ്ട്ര കമ്പനി ലിച്ചെൻസ്റ്റൈന്‍റെ വ്യാവസായിക ശക്തിയുടെ ഒരു പ്രധാന പ്രതീകമാണ്. നികുതി നിരക്കുകൾ കുറവായതിനാൽ നിരവധി കമ്പനികൾ ലിച്ചെൻസ്റ്റൈനിൽ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൗരന്മാരേക്കാൾ കൂടുതൽ കമ്പനികൾ ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവിടുത്തെ തൊഴിലില്ലായ്മ എന്നത് പൂജ്യമാണ്. അതുകൊണ്ട് തന്നെ പൗരന്‍മാരുടെ വരുമാനം നിരന്തരം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
ലോകത്തിലെ 20% കൃത്രിമ ദന്തവും ലിച്ചെൻസ്റ്റൈനിലാണ് നിര്‍മ്മിക്കുന്നത്. ഷാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇവോക്ലാർ വിവാഡെന്റ് എന്ന കമ്പനി പ്രതിവർഷം 60 ദശലക്ഷം കൃത്രിമ പല്ലുകൾ ഉത്പാദിപ്പിക്കുന്നു.യൂറോപ്പില്‍ ഏറ്റവും കുറച്ച് മാത്രം സഞ്ചാരികള്‍ വരുന്ന രണ്ടാമത്തെ രാജ്യമാണ് ലിച്ചന്‍സ്റ്റൈന്‍. ഒരു ലക്ഷത്തില്‍ താഴെ മാത്രമാണ് ഓരോ വര്‍ഷവും ഇവിടെ എത്തുന്ന സഞ്ചാരികളുടെ എണ്ണം. ഇറ്റലിയാല്‍ പൂര്‍ണമായും ചുറ്റപ്പെട്ടു കിടക്കുന്ന, ലോകത്തിലെ ഏറ്രവും ചെറിയ അഞ്ചാമത്തെ രാജ്യമായ സാന്‍ മാരിനോയിലാണ് യൂറോപ്പില്‍ ഏറ്റവും കുറവ് സഞ്ചാരികളെത്തുന്നത്.
കടബാധ്യതയില്ലാത്ത രാജ്യം കൂടിയാണ് ലിച്ചെൻസ്റ്റൈൻ.കുറ്റകൃത്യത്തിന്‍റെ നിരക്കും ഇവിടെ കുറവാണ്. വളരെ കുറച്ചു തടവുകാരെ ജയിലുകളിൽ ഉള്ളൂ. ഇവിടുത്തെ ജനങ്ങൾ രാത്രിയിൽ വാതിലുകൾ പൂട്ടാറില്ല എന്നാണ് പറയപ്പെടുന്നത്. ഇത് സമ്പത്തിന്‍റെ പ്രതീകം മാത്രമല്ല, ഉയർന്ന തലത്തിലുള്ള സുരക്ഷയെയും സമാധാനത്തെയുമാണ് സൂചിപ്പിക്കുന്നത്.
Adjust Story Font
16

