"ഞങ്ങൾക്കില്ലെങ്കിൽ ആർക്കും സുരക്ഷയില്ല": ഹോര്‍മുസ് ഉപരോധ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി ഇറാൻ
തങ്ങളുടെ തുറമുഖങ്ങൾ ഭീഷണി നേരിട്ടാൽ പേർഷ്യൻ ഗൾഫിലെയും ഒമാൻ കടലിലെയും ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്നാണ് ഇറാന്റെ മുന്നറിയിപ്പ്

- Updated:
2026-04-13 12:20:25.0

ഒമാനിലെ മുസന്ദം പ്രവിശ്യയുടെ തീരത്ത് ഹോർമുസ് കടലിടുക്കിന് സമീപത്തെ കപ്പല്‍ Image-Reuters
തെഹ്റാന്‍: ഇറാനിയൻ തുറമുഖങ്ങൾക്കും തീരപ്രദേശങ്ങൾക്കും ഉപരോധം ഏർപ്പെടുത്താനുള്ള അമേരിക്കയുടെ നീക്കത്തിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ. തങ്ങളുടെ തുറമുഖങ്ങൾ ഭീഷണി നേരിട്ടാൽ പേർഷ്യൻ ഗൾഫിലെയും ഒമാൻ കടലിലെയും ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
പാകിസ്താനില്‍ നടന്ന വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് ഇറാന് മേല്‍ സമ്മർദം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള കപ്പൽ ഗതാഗതം തടയുമെന്ന് യുഎസ് സൈന്യം പ്രഖ്യാപിച്ചത്. ഇതിന് മറുപടിയായാണ് ഇറാന്റെ സൈനിക വിഭാഗമായ റവല്യൂഷണറി ഗാർഡ്‌സ് ശക്തമായ ഭാഷയിൽ പ്രതികരിച്ചത്.
സുരക്ഷ എല്ലാവർക്കും അല്ലെങ്കിൽ ആർക്കുമില്ലെന്നാണ് ഐആര്‍ജിസി വ്യക്തമാക്കുന്നത്. പേർഷ്യൻ ഗൾഫിലെയും ഒമാൻ കടലിലെയും സുരക്ഷാ സംവിധാനങ്ങൾ എല്ലാവർക്കും ഒരുപോലെ ലഭ്യമാകണം. ഇറാനെ ഒറ്റപ്പെടുത്തി ഉപരോധം ഏർപ്പെടുത്തിയാൽ മേഖലയിലെ സമാധാനം തകരും. ഇറാന്റെ തുറമുഖങ്ങൾ തടയപ്പെട്ടാൽ അയൽരാജ്യങ്ങളിലെയും മറ്റ് പ്രാദേശിക തുറമുഖങ്ങളിലെയും കപ്പൽ ഗതാഗതം സുരക്ഷിതമായിരിക്കില്ലെന്നും ഐആര്‍ജിസി വ്യക്തമാക്കി. ഗൾഫ് മേഖലയിലെ സമുദ്ര സുരക്ഷ പങ്കിടേണ്ട ഒന്നാണെന്നും, ഏകപക്ഷീയമായ നീക്കങ്ങൾ പ്രത്യാഘാതങ്ങൾ വിളിച്ചുവരുത്തുമെന്നും ഇറാൻ സൈന്യം പ്രസ്താവനയിൽ പറയുന്നു.
ഉപരോധം പ്രാബല്യത്തിൽ വരുന്നതോടെ ഹോർമുസ് കടലിടുക്ക് വഴിയിലുള്ള എണ്ണ നീക്കത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആഗോള വിപണി. അമേരിക്കയുടെ നീക്കത്തോട് മറ്റ് ഗൾഫ് രാജ്യങ്ങൾ എങ്ങനെ പ്രതികരിക്കുമെന്നതും നിർണ്ണായകമാണ്. മേഖലയിൽ സംഘർഷം ഒഴിവാക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും സ്ഥിതിഗതികൾ ഇപ്പോഴും സങ്കീർണ്ണമായി തുടരുകയാണ്. ഇതിനിടെ ഇറാനെതിരായ ഉപരോധങ്ങളുടെ ഭാഗമാകില്ലെന്ന് ബ്രിട്ടന്‍ വ്യക്തമാക്കുകയും ചെയ്തു.
Adjust Story Font
16
