'ഇനി യുഎസ് കപ്പലുകൾക്ക് മീതെ വന്നാൽ വിമാനങ്ങൾ വെടിവെച്ചിടും'; വെനസ്വേലയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്
രണ്ട് ദിവസത്തിനിടെ രണ്ടാം തവണയും വെനസ്വേലയുടെ സൈനിക വിമാനങ്ങള്‍ ദക്ഷിണ അമേരിക്കയ്ക്ക് സമീപമുള്ള യുഎസ് കപ്പലുകള്‍ക്ക് മുകളിലൂടെ പറന്നതിന് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി വരുന്നത്

വാഷിങ്ടണ്‍: വെനസ്വേലയുടെ സൈനിക വിമാനങ്ങള്‍ ഇനിയും യുഎസ് നാവിക കപ്പലുകള്‍ക്ക് മീതെ പറന്നാല്‍ വെടിവെച്ചിടുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
രണ്ട് ദിവസത്തിനിടെ രണ്ടാം തവണയും വെനസ്വേലയുടെ സൈനിക വിമാനങ്ങള്‍ ദക്ഷിണ അമേരിക്കയ്ക്ക് സമീപമുള്ള യുഎസ് കപ്പലുകള്‍ക്ക് മുകളിലൂടെ പറന്നതിന് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി വരുന്നത്. സ്ഥിതിഗതികള്‍ വഷളാവുകയാണെങ്കില്‍ എന്തുംചെയ്യാനുള്ള നിര്‍ദേശവും ബന്ധപ്പെട്ടവര്‍ക്ക് അദ്ദേഹം നല്‍കിയിട്ടുണ്ട്.
വെനിസ്വേലൻ ജെറ്റുകൾ വീണ്ടും യുഎസ് കപ്പലുകൾക്ക് മുകളിലൂടെ പറന്നാൽ എന്ത് സംഭവിക്കുമെന്ന് വെള്ളിയാഴ്ച ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു ട്രംപിന്റെ മറുപടി. സ്ഥിതിഗതികൾ കൂടുതൽ വഷളായാൽ തനിക്ക് എന്തും ചെയ്യാനാകുമെന്ന് ട്രംപ് തന്റെ അരികിൽ നിന്ന ജനറലിനോട് പറയുന്നുമുണ്ട്.
ദിവസങ്ങള്‍ക്ക് മുന്‍പ് വെനസ്വേലയില്‍നിന്ന് മയക്കുമരുന്ന് കടത്തുകയാണെന്ന് ആരോപിച്ച് ഒരു കപ്പലിനെ യുഎസ് അക്രമിച്ചിരുന്നു. കപ്പലിലുണ്ടായിരുന്ന 11 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതിനുപിന്നാലെയാണ് വെനസ്വേലയുടെ സൈനികവിമാനങ്ങള്‍ യുഎസ് യുദ്ധക്കപ്പലിന് മുകളിലൂടെ പറന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നത്.
അതേസമയം തന്റെ രാജ്യത്തെക്കുറിച്ചുള്ള യുഎസിന്റെ ആരോപണങ്ങൾ ശരിയല്ലെന്ന് വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ വ്യക്തമാക്കി. വെനിസ്വേല എപ്പോഴും ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും പക്ഷേ ബഹുമാനം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈനിക ഭീഷണിയിലൂടെ ഭരണമാറ്റം വരുത്താൻ അമേരിക്ക ശ്രമിക്കുന്നുവെന്ന് മഡുറോ ആരോപിച്ചു. ജനുവരിയിൽ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം, മയക്കുമരുന്ന് കടത്ത് വിരുദ്ധ ശ്രമങ്ങൾ ട്രംപ് ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഒരു വെനസ്വേലന്‍ കപ്പലിനെ ആക്രമിക്കുന്നത്.
Adjust Story Font
16

