സുരക്ഷാകോട്ടകൾ തകർന്ന ഒക്ടോബർ 7: ഇസ്രായേലിനെ നടുക്കിയ തിരിച്ചടിക്ക് മൂന്ന് വര്‍ഷം, തീരാദുരിതത്തിൽ ഗസ്സ
അമേരിക്കക്ക് സെപ്തംബർ 11പോലെ ഇസ്രായേലിനെ എന്നും ഭീതിപ്പെടുത്തും ഒക്ടോബർ ഏഴ്

- Published:
7 Oct 2026 7:58 AM IST

ഗസ്സസിറ്റി: പശ്ചിമേഷ്യയേയും ആഗോള രാഷ്ട്രീയത്തെയും ഒരുപോലെ മാറ്റിമറിച്ച ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിന് ഇന്ന് മൂന്ന് വർഷം തികയുന്നു. 2023 ഒക്ടോബർ 7നായിരുന്നു ലോകത്തെ പ്രമുഖ രഹസ്യാന്വേഷണ ഏജൻസികളെപ്പോലും നിഷ്പ്രഭരാക്കിക്കൊണ്ട് ഹമാസ് ഇസ്രായേൽ അതിർത്തി കടന്ന് മിന്നലാക്രമണം നടത്തിയത്.
ലോകരാജ്യങ്ങുടെ സംരക്ഷണയാൽ വമ്പ് കാട്ടിയിരുന്ന ഇസ്രായേലിന്റെ നെറുകിനിട്ടായിരുന്നു ഒക്ടോബർ ഏഴിലെ ഹമാസിന്റെ 'മിന്നലാക്രമണം'. ഒന്നാംനിര രഹസ്യാന്വേഷണ ഏജൻസിയായ മൊസാദും തങ്ങളുടെ അറിവോടെയല്ലാതെ ഒരു ഈച്ച പോലും കടക്കില്ലെന്ന ആത്മവിശ്വാസത്തിലുള്ള സാങ്കേതിക വിദ്യകളുമൊക്കെയുള്ള ഇസ്രായേലിലേക്ക് ഹമാസുപോലൊരു ചെറിയ സംഘടന എങ്ങനെ കടന്നുകയറി എന്നതിന് ഇപ്പോഴും ഉത്തരമില്ല.
ഹമാസിന്റെ അപ്രതീക്ഷിത തിരിച്ചടിയുണ്ടാക്കിയ ആഘാതത്തില്‍ നിന്ന് ഇസ്രായേല്‍ ജനത ഇപ്പോഴും മുക്തരായിട്ടില്ല. ഗസ്സയില്‍ ആള്‍നാശം വിതക്കാനും ക്രൂരതകള്‍ അഴിച്ചുവിടാനും അധിനിവേശസേനക്കായെങ്കിലും( അത് ഇപ്പോഴും തുടരുന്നുണ്ടെങ്കിലും) ഹമാസിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യം ഇപ്പോഴും അകലെയാണ്.
അമേരിക്കക്ക് സെപ്തംബർ 11പോലെ ഇസ്രായേലിനെ എന്നും ഭീതിപ്പെടുത്തും ഒക്ടോബർ ഏഴ്. വൻശക്തികളുടെ പിന്തുണയോടെ കാലങ്ങളായി ഫലസ്തീൻ ജനതക്ക് മേല്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന പീഡനമുറകൾക്കൊരു മറുപടി കൂടിയായിരുന്നു ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം. തെക്കൻ ഇസ്രായേലിലേക്ക് കടന്നുകയറി ഹമാസ് നടത്തിയ ആക്രമണത്തിൽ ആയിരത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്. 250ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു. ഇസ്രായേലിന്റെ സുരക്ഷാസംവിധാനങ്ങളെ നാണംകെടുത്തുംവിധമുള്ള ഓപറേഷൻ കൂടിയായിരുന്നു ഹമാസിന്റേത്.
വാര്യാന്ത്യ അവധി ദിനത്തിലെ കളിചിരിയില്‍ മുഴുകിയിരിക്കുകയായിരുന്നു ഇസ്രായേല്‍ ജനത. നിനച്ചിരിക്കാത്ത നേരത്താണ് ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് സംഘടനയായ ഹമാസ് അവിടേക്ക് കടന്നുചെല്ലുന്നത്. ഒരുവേള എന്താണ് സംഭവിക്കുന്നത് എന്നുപോലും ഇസ്രായേലുകാര്‍ക്ക് നിശ്ചയമില്ലായിരുന്നു. പേര് കേട്ട ഇസ്രായേലി പ്രതിരോധ സംവിധാനങ്ങളെ കബളിപ്പിച്ച് ഹമാസിന് ഇങ്ങോട്ട് നോക്കാന്‍പോലും കഴിയില്ലെന്ന് കരുതിയിടിത്താണ് ആദ്യ തിരിച്ചടി കിട്ടുന്നത്.
ജറൂസലം, റാമല്ല ഉൾപ്പെടെ പല നഗരങ്ങളിലും ഹമാസ് പോരാളികൾ എത്തിയെന്നാണ് ഇസ്രായേൽ സൈന്യം തന്നെ വ്യക്തമാക്കിയിരുന്നത്. അതുവരെ എങ്ങനെയാണോ ഹമാസ് തിരിച്ചടിച്ചത്, അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിട്ടായിരുന്നു ഹമാസിന്റെ മുന്നേറ്റം. 'അല്‍ അഖ്‌സ പ്രളയം' എന്ന് പേരിട്ടുവിളിച്ച ആക്രമണത്തിന് നൂറുകണക്കിന് റോക്കറ്റുകളാണ് ഉപയോഗിച്ചത്. അതോടൊപ്പം തന്നെ കരയിലൂടെ ഹമാസ് പോരാളികള്‍ ഇസ്രായേല്‍ അതിര്‍ത്തി കടന്നും ആക്രമിച്ചു.
കരയില്‍ ഗ്രനേഡുകളും തോക്കുകളും കൊണ്ടും ആക്രമിച്ചു. സൈനികളെ ബന്ദികളാക്കുകയും ചെയ്തു. പൊടുന്നനെയുണ്ടായ മിന്നലാക്രമണത്തില്‍ ഇസ്രായേൽ ശരിക്കും വിറച്ചു. തെക്കന്‍ ഇസ്രായേലിലുടനീളം കൂട്ട സൈറണുകളാണ് മുഴങ്ങിയത്. അതോടെ ജനം പരിഭ്രാന്തരായി. ഇസ്രായേലിലെ സിദ്‌റത്തില്‍ പൊലിസ് സ്റ്റേഷന്‍ ആക്രമിക്കാനും ഹമാസിന് കഴിഞ്ഞു. ഗ്രനേഡുകളും തോക്കുകളുമായി ഹമാസ് ഭടന്‍മാര്‍ ശക്തമായ സുരക്ഷാസംവിധാനങ്ങളുള്ള ഗസ അതിര്‍ത്തി ഭേദിച്ച് രാജ്യത്തെത്തിയതും ഇസ്‌റായേലിനെ ഞെട്ടിച്ചു. ഇസ്‌റായേലിലെത്തി സൈനിക ടാങ്കുകള്‍ തകര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇസ്രായേല്‍ അധിനിവേശ കേന്ദ്രങ്ങളെ ലക്ഷ്യംവച്ച് ഹമാസ് ആക്രമണത്തിന് തെരഞ്ഞെടുത്ത ദിവസത്തിനും പ്രത്യേകതയുണ്ടായിരുന്നു. ഇസ്രായേല്‍ കൈവശപ്പെടുത്തിയ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാനായി അറബ് രാഷ്ട്രങ്ങള്‍ യുദ്ധം തുടങ്ങിവച്ചത് 1973 ഒക്ടോബറിലായിരുന്നു. യോംകിപ്പൂര്‍ യുദ്ധം എന്നാണ് ഇത് അറിയപ്പെടുന്നത്. അതിന്റെ വാര്‍ഷികത്തില്‍ തന്നെ ഹമാസ് തിരിച്ചടിച്ചു എന്നതാണ് പ്രത്യേകത.
ഇതിനെ തുടർന്ന് ഇസ്രായേൽ പ്രഖ്യാപിച്ച വംശഹത്യ ഗസ്സയെ ഞെരുക്കുകയാണ്. 67,000 പേര്‍ ഗസ്സയില്‍ കൊല്ലപ്പെട്ടു. ഗസ്സയിലെ കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു. ഇന്ധനവും വെള്ളവും ഭക്ഷണവുമില്ലാതെ ഗസ്സയിലെ സാധാരണക്കാര്‍ നരകയാതനയാണ് അനുഭവിച്ചത്. ലോകം നേരിട്ട വലിയ മാനുഷിക പ്രശ്‌നമായി ഗസ്സ വംശഹത്യ മാറി. 2026 ലെത്തിയെങ്കിലും, പൂർണ്ണമായൊരു പരിഹാരം കണ്ടെത്താൻ അന്താരാഷ്ട്ര സമൂഹത്തിന് ഇതുവരെയും സാധിച്ചിട്ടില്ല. ഒളിഞ്ഞും തെളിഞ്ഞും ഫലസ്തീനികളെ വകവരുത്തുകയാണ് നെതന്യാഹുവിന്റെ സൈന്യം.
Adjust Story Font
16
