Quantcast

ഗസ്സയിൽ മൂന്നിലൊരാൾ പട്ടിണിയിലെന്ന് ഐക്യരാഷ്ട്രസഭ

ഗസ്സയിലെ മാനുഷിക സഹായ പ്രവർത്തനങ്ങൾക്ക് ഇസ്രായേൽ തടസം സൃഷ്ടിക്കുന്നത് തുടരുകയാണെന്നും ഐക്യരാഷ്ട്രസഭ വക്താവ് സ്റ്റെഫാൻ ഡുജാറിക് ആരോപിച്ചു

MediaOne Logo

Web Desk

  • Published:

    8 July 2025 3:17 PM IST

ഗസ്സയിൽ മൂന്നിലൊരാൾ പട്ടിണിയിലെന്ന് ഐക്യരാഷ്ട്രസഭ
X

ഗസ്സ: ഗസ്സയിൽ മൂന്നിൽ ഒരാൾ ദിവസങ്ങളായി പട്ടിണിയിൽ കഴിയുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ വെളിപ്പെടുത്തൽ. ഗസ്സയിലെ മാനുഷിക സഹായ പ്രവർത്തനങ്ങൾക്ക് ഇസ്രായേൽ തടസം സൃഷ്ടിക്കുന്നത് തുടരുകയാണെന്നും ഐക്യരാഷ്ട്രസഭ വക്താവ് സ്റ്റെഫാൻ ഡുജാറിക് ആരോപിച്ചു. ഐക്യരാഷ്ട്രസഭ സംഘടന സമർപ്പിച്ച എട്ട് മാനുഷിക ഏകോപന അഭ്യർഥനകളിൽ മൂന്നെണ്ണവും ഇസ്രായേൽ നിരസിച്ചതായി തിങ്കളാഴ്ച നടന്ന പത്രസമ്മേളനത്തിൽ സ്റ്റെഫാൻ പറഞ്ഞു.

നിർണായക ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്താനുള്ള ഐക്യരാഷ്ട്രസഭയുടെ ശ്രമത്തെയാണ് ഇസ്രയേലിന്റെ ഈ നടപടികൾ തടസപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 'ഇസ്രായേൽ അധികാരികൾ ലഭ്യമായ എല്ലാ ക്രോസിംഗുകളും തുറക്കണം, ഗസ്സക്കുള്ളിൽ മാനുഷിക പ്രവേശനം പൂർണമായും സുഗമമാക്കണം, അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരമുള്ള കടമകൾക്ക് അനുസൃതമായി സാധാരണക്കാരെ സംരക്ഷിക്കണം.' ഡുജാറിക് ആവശ്യപ്പെട്ടു. ഗസ്സയിൽ സാധാരണക്കാർ നേരിടുന്ന പ്രതിസന്ധി രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അത് പരിഹരിക്കുന്നതിന് അടിയന്തരമായ മാനുഷിക സഹായം ആവശ്യമാണെന്നും സ്റ്റെഫാൻ ഡുജാറിക് ആവർത്തിച്ചു.

വെടിനിർത്തലിന് അന്താരഷ്ട്ര തലത്തിൽ ചർച്ചകൾ തുടരുമ്പോഴും 2023 ഒക്ടോബർ മുതൽ ഇസ്രായേൽ ഗസ്സയിൽ വംശഹത്യപരമായ യുദ്ധം തുടരുകയാണ്. 57,300-ലധികം ഫലസ്തീനികളെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്. അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഗസ്സയിലെ യുദ്ധക്കുറ്റകൃത്യങ്ങൾക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും കഴിഞ്ഞ നവംബറിൽ നെതന്യാഹുവിനും അദ്ദേഹത്തിന്റെ മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഗസ്സയിൽ നടത്തി കൊണ്ടിരിക്കുന്ന യുദ്ധത്തിന് ഇസ്രായേൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വംശഹത്യ കേസും നേരിടുന്നു.



TAGS :

Next Story