ഒരു ദിവസം ഗസ്സയിൽ പ്രവേശിക്കുന്നത് 14 ശതമാനം എയിഡ് ട്രക്കുകൾ മാത്രം
ഗസ്സയിൽ ഏറ്റവും കുറഞ്ഞ മാനുഷിക ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായത് 4,800 ട്രക്കുകളാണ്. എന്നാൽ ആകെ 674 സഹായ ട്രക്കുകൾ മാത്രമാണ് ഇതുവരെ അവിടേക്ക് പ്രവേശിച്ചത്

ഗസ്സ: ജൂലൈ 27 ന് ഇസ്രായേൽ സഹായധനം അനുവദിക്കുമെന്ന് പ്രഖ്യാപിച്ചതിനുശേഷം ഗസ്സയിൽ പ്രവേശിച്ചത് 674 സഹായ ട്രക്കുകൾ മാത്രമാണ്. പ്രതിദിനം ശരാശരി 84 ട്രക്കുകൾ മാത്രമാണ് പ്രവേശിക്കുന്നത്. ഗസ്സ ഗവൺമെന്റ് മീഡിയ ഓഫീസിൽ നിന്നുള്ള കണക്കുകൾ പ്രകാരം ഇത് ദിവസേന ആവശ്യമായ സഹായത്തിന്റെ 14 ശതമാനം മാത്രമാണ്.
യുഎൻ വാഹനവ്യൂഹങ്ങളെ അയക്കുന്നത് എളുപ്പമാക്കുന്നതിന് വേണ്ടി കഴിഞ്ഞ ആഴ്ച ഗസ്സയിലെ ചില പ്രദേശങ്ങളിലെ സൈനിക പ്രവർത്തനങ്ങളിൽ ഇസ്രായേൽ സൈന്യം പിന്മാറുന്നു എന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതിനുശേഷവും മിക്ക പ്രദേശങ്ങളിലും ആക്രമണങ്ങളും കൊലപാതകങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്ട്രിപ്പിലുടനീളം പട്ടിണി പടർന്നതോടെ മെലിഞ്ഞ കുട്ടികളുടെ ചിത്രങ്ങളും വിശപ്പുമായി ബന്ധപ്പെട്ട മരണങ്ങളെക്കുറിച്ചുള്ള വർധിച്ചുവരുന്ന റിപ്പോർട്ടുകളും ഇസ്രായേലിനെ ഗസ്സയിലേക്ക് കൂടുതൽ സഹായം നൽകാൻ നിർബന്ധിതരാക്കി.
ജൂലൈ 27 മുതൽ ഗസ്സയിലേക്ക് സഹായ ട്രക്കുകൾ പ്രവേശിച്ചതിന്റെ സ്ഥിതിവിവരക്കണക്കുകൾ തിങ്കളാഴ്ച GGMO പ്രസിദ്ധീകരിച്ചു:
ജൂലൈ 27 ഞായറാഴ്ച – 73 ട്രക്കുകൾ
ജൂലൈ 28 തിങ്കളാഴ്ച – 87 ട്രക്കുകൾ
ചൊവ്വാഴ്ച, ജൂലൈ 29 – 109 ട്രക്കുകൾ
ബുധനാഴ്ച, ജൂലൈ 30 – 112 ട്രക്കുകൾ
ജൂലൈ 31 വ്യാഴാഴ്ച – 104 ട്രക്കുകൾ
ഓഗസ്റ്റ് 1 വെള്ളിയാഴ്ച – 73 ട്രക്കുകൾ
ഓഗസ്റ്റ് 2 ശനിയാഴ്ച – 36 ട്രക്കുകൾ
ഓഗസ്റ്റ് 3 ഞായറാഴ്ച – 80 ട്രക്കുകൾ
അതായത് 8 ദിവസത്തിനുള്ളിൽ ഗസ്സയിൽ പ്രവേശിച്ചത് 674 സഹായ ട്രക്കുകൾ മാത്രമാണ്. ഗസ്സയിൽ ഏറ്റവും കുറഞ്ഞ മാനുഷിക ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായത് 4,800 ട്രക്കുകളാണ്. ആവശ്യങ്ങളുടെ വെറും 14% മാത്രമാണ് ഇപ്പോൾ കടത്തിവിട്ട് കൊണ്ടിരിക്കുന്നത്. ആരോഗ്യം, പൊതുസേവനം, ഭക്ഷ്യ മേഖലകൾ എന്നിവയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഗസ്സക്ക് പ്രതിദിനം കുറഞ്ഞത് 600 സഹായ, ഇന്ധന ട്രക്കുകളെങ്കിലും ആവശ്യമാണെന്നും ഗസ്സ ഗവർമെന്റ് മീഡിയ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ഇസ്രായേൽ 22,000-ത്തിലധികം മാനുഷിക സഹായ ട്രക്കുകൾ പ്രദേശത്തേക്ക് പ്രവേശിക്കുന്നത് മനഃപൂർവ്വം തടയുകയാണെന്നും ഓഫീസ് പറഞ്ഞു.
Adjust Story Font
16

